15 Nov 2023 9:22 AM
Summary
- ഓഹരി വിപണിയില്‍ ആസ്‍റ്ററിന്‍റെ ഓഹരികള്‍ക്ക് ഇടിവ്
- 15. 33 കോടി രൂപയുടെ നഷ്ടമാണ് ഏകീകൃത അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയത്
ഇന്ത്യയിലും ഗള്‍ഫ് രാഷ്ട്രങ്ങളിലും ആശുപത്രികളും ആരോഗ്യ പരിപാലന സേവനങ്ങളും നല്‍കുന്ന ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്‍റെ ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. ഏകോപിത അടിസ്ഥാനത്തില്‍ 15 .33 കോടി രൂപയുടെ നഷ്ടമാണ് രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം രണ്ടാം പാദത്തില്‍ 54.10 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയിരുന്നത്. മുന്‍ കാലയളവുകളിലെ നികുതി പുനര്‍ നിര്‍ണയം ഉള്‍പ്പടെയുള്ള ആകസ്മിക ചെലവുകളാണ് നഷ്ടം രേഖപ്പെടുത്താന്‍ ഇടയാക്കിയത്.
സ്‍റ്റാന്‍റ് എലോണ്‍ അടിസ്ഥാനത്തില്‍ 59.06 കോടി രൂപയുടെ അറ്റാദായം കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 56 .06 കോടി രൂപയായിരുന്നു.
പ്രവർത്തന വരുമാനം 18 ശതമാനം വാര്‍ഷിക വളര്‍ച്ചയാടെ. 3,317 കോടി രൂപയിലെത്തി. മുന്‍ വർഷം സമാന കാലയളവില്‍ ഇത് 2,816 കോടി രൂപയായിരുന്നു. എബിറ്റ്ഡ 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 393 കോടി രൂപയിലെത്തി. 2022-23 രണ്ടാം പാദത്തിലിത് 324 കോടിയായിരുന്നു.
2023 -24 ആദ്യ പകുതിയിലെ (ഏപ്രില്‍-സെപ്റ്റംബര്‍) മൊത്തം കണക്ക് പരിശോധിക്കുമ്പോള്‍ പ്രവർത്തന വരുമാനം 19 ശതമാനം വാര്‍ഷിക വര്‍ധനയോടെ 6,532 കോടി രൂപയായി. മുന്‍ വർഷം ഇതേ കാലയളവിൽ ഇത് 5,478 കോടി രൂപയായിരുന്നു. എബിറ്റ്ഡയും ഗണ്യമായ വളർച്ച രേഖപ്പെടുത്തി, മുന്‍വര്‍ഷം സമാന കാലയളവിലെ 620 കോടി രൂപയില്‍ നിന്ന് 28 ശതമാനം വളര്‍ച്ചയോടെ 791 കോടി രൂപയായി.
പുതിയ ആശുപത്രികളുടെ കണക്കുകളും ഒറ്റത്തവണ വരുന്ന ആകസ്മിക ഇനങ്ങളും മാറ്റിനിര്‍ത്തിയാല്‍, നികുതിക്ക് ശേഷമുള്ള ലാഭം 77 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 162 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ആദ്യപകുതിയില്‍ ഇത് 91 കോടി രൂപയായിരുന്നു.
ഓഹരി വിപണിയില്‍ ആസ്റ്ററിന്‍റെ ഓഹരികള്‍ ഇന്ന് ഇടിവാണ് പ്രകടമാക്കുന്നത്. ഉച്ചയ്ക്ക് 2 .22 നുള്ള നില അനുസരിച്ച് 6.10 പോയിന്‍റ് (1.79%) ഇടിവോടെ 335.60 രൂപയിലാണ് ആസ്‍റ്ററിന്‍റെ ഓഹരികളുടെ വില്‍പ്പന നടക്കുന്നത്.