12 Oct 2023 6:20 AM GMT
Summary
- ഇന്ത്യന്‍ ബിസിനസിന്‍റെ മൂല്യം ഏകദേശം 150 കോടി ഡോളര്‍
- തുടക്ക വ്യാപാരത്തില്‍ ആസ്‍റ്റര്‍ ഡിഎം ഓഹരികള്‍ 9.5 ശതമാനം ഉയർന്നു
ഹോസ്‍പിറ്റൽ ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയര്‍ തങ്ങളുടെ ഇന്ത്യയിലെ ബിസിനസ് വില്‍ക്കാന്‍ തയാറെടുക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്ന് (ഒക്ടോബർ 12) തുടക്ക വ്യാപാരത്തിൽ ആസ്‍റ്റര്‍ ഡിഎം ഓഹരികള്‍ 9.5 ശതമാനം ഉയർന്നു. രാവിലെ 11:43 നുള്ള വിവരം അനുസരിച്ച് 19.10 പോയിന്‍റ് (5.91%) ഉയര്‍ന്ന് 342.25 രൂപയിലാണ് ആസ്‍റ്റര്‍ ഡിഎം ഓഹരികളുടെ വില്‍പ്പന നടക്കുന്നത്.
സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബിപിഇഎ ഇക്യുടിയും ഒന്‍റാറിയോ ടീച്ചേഴ്‌സ് പെൻഷൻ പ്ലാൻ ബോർഡും ആസ്റ്ററിന്‍റെ ഇന്ത്യയിലെ ബിസിനസ് ഉൾപ്പെടെയുള്ള ആസ്തികൾ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം. ബ്ലാക്ക്‌സ്റ്റോൺ ഇൻക്, കെകെആർ ആൻഡ് കോ എന്നിവയും ആസ്റ്ററിന്റെ ഇന്ത്യാ ബിസിനസ്സിനായി ശ്രമം നടത്തുന്നവരില്‍ ഉള്‍പ്പെടുന്നു.
ആസ്റ്ററിന്റെ ഗൾഫ് ബിസിനസിലെയും ഭൂരിഭാഗം ഓഹരികള്‍ കൈമാറാന്‍ ശ്രമിക്കുന്നതായി മാര്‍ച്ചില്‍ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുബായ് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജർ ക്യാപിറ്റൽ ഈ ഓഹരികള്‍ വാങ്ങാൻ ശ്രമിക്കുന്ന കൺസോർഷ്യത്തിന്റെ ഭാഗമാണെന്നും ഇതിലുണ്ടായിരുന്നു. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ആസ്റ്ററിന്റെ മുഴുവൻ ബിസിനസ്സിന്റെയും ഡീൽ മൂല്യം 250 കോടി ഡോളറിലധികം വരും. അതിന്റെ ഗൾഫ് ബിസിനസിന് ഏകദേശം 100 കോടി ഡോളറും ഇന്ത്യൻ ബിസിനസ്സിന് 150 കോടി ഡോളറും മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്.
1987-ൽ സ്ഥാപിതമായ ആസ്റ്റർ ഡിഎമ്മിന് ഇന്ത്യയിലും ഗൾഫ് മേഖലയിലുമായി 33 ആശുപത്രികളും നൂറുകണക്കിന് ക്ലിനിക്കുകളും ഫാർമസികളും ഉണ്ട്.
150 കോടി ഡോളറിനു ആസ്റ്ററിന്റെ ഇന്ത്യൻ ആസ്തിയും , ബിസിനസ്സും നോട്ടമിട്ടു രണ്ടു പി ഇ കൾ