image

8 Feb 2023 2:00 AM GMT

Stock Market Updates

റിസർവ് ബാങ്കിന്റെ പണനയത്തിൽ കണ്ണും നട്ട് നിക്ഷേപകർ; അദാനി കര കയറുന്നു

Mohan Kakanadan

share market | Sensex and Nifty today
X

Summary

  • അദാനി ഗ്രുപ് കമ്പനികൾക്ക് വായ്പ നൽകുന്ന ബാങ്കുകൾക്ക് ക്രെഡിറ്റ് റിസ്ക് ഇല്ലെന്ന് വിദേശ ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ.
  • സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.30 ന് 64.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്.


കൊച്ചി: ഇന്ന് റിസർവ് ബാങ്ക് പ്രഖ്യാപിക്കുന്ന പണനയമാണ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണായകമായ കാര്യം. കഴിഞ്ഞ വർഷം മെയ് മുതൽ പണപ്പെരുപ്പം തടയുന്നതിനായി റിസർവ് ബാങ്ക് റിപ്പോ നിരക്ക് 225 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടുമൊരു 25 ബേസിസ് പോയിന്റ് വർധനയാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

വിപണി മൂല്യത്തിൽ ഏകദേശം 9 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതിന് ശേഷം, വായ്പ നൽകുന്ന ബാങ്കുകൾക്ക് ക്രെഡിറ്റ് റിസ്ക് ഇല്ലെന്ന് ആഗോള റേറ്റിംഗ് ഏജൻസികളായ ഫിച്ചും മൂഡീസും അറിയിച്ചതിനെത്തുടർന്ന്, മിക്ക അദാനി ഗ്രൂപ്പ് കമ്പനികളുടെയും ഓഹരികൾ ചൊവ്വാഴ്ച ഉയർന്നു. അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ ഏകദേശം 15 ശതമാനം ഉയർന്ന് 1,802.50 രൂപയിൽ എത്തി, അദാനി വിൽമറിന്റെ ഓഹരികൾ ബിഎസ്ഇയിൽ 5 ശതമാനം ഉയർന്ന് 399.40 രൂപയിലെത്തി. അദാനി പോർട്ട്‌സ് ആൻഡ് സെസ്, അംബുജ സിമന്റ്‌സ്, എസിസി, എൻഡിടിവി എന്നിവയുടെ ഓഹരികളും എക്‌സ്‌ചേഞ്ചിൽ ഒരു ശതമാനത്തിലധികം ഉയർന്നു. അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ ഈട് നൽകിയ 1,114 ദശലക്ഷം യുഎസ് ഡോളർ മുൻകൂറായി നൽകുമെന്ന് പ്രമോട്ടർമാർ പറഞ്ഞതും ഗ്രൂപ്പിനെ സഹായിച്ചു.

ഇന്നലെ സെൻസെക്‌സ് 220.86 പോയിന്റ് അഥവാ 0.37 ശതമാനം ഇടിഞ്ഞ് 60,286.04 ലും എൻഎസ്‌ഇ നിഫ്റ്റി 43.10 പോയിന്റ് അഥവാ 0.24 ശതമാനം ഇടിഞ്ഞ് 17,721.50 ലും എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 116.30 പോയിന്റ് ഉയർന്ന് 41490.65-ലാണ് അവസാനിച്ചത്.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.30 ന് 64.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ഇത് ഇന്ത്യൻ vipaniyil ഒരു ഗാപ് അപ് തുടക്കത്തിന് സാധ്യത നൽകുന്നുണ്ട്.

ഇന്ന് അദാനി പവർ, അദാനി വിൽമാർ, സെഞ്ച്വറി എൻക, ഇക്വിറ്റാസ് ബാങ്ക്, എസ്കോർട്ട്സ്, ഗോദ്‌റെജ് അഗ്രോവെറ്റ്, എച്ച്‌സിഎൽ ഇൻഫോസിസ്റ്റംസ്, ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്, ശ്രീ സിമന്റ് തുടങ്ങിയ മുൻനിര കമ്പനികളുടെ പാദ ഫലങ്ങൾ പുറത്തുവരുന്നുണ്ട്.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച (February 7) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 639.82 കോടി രൂപക്ക് ഓഹരികൾ അധികം വാങ്ങി. എന്നാൽ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -2,559.96 കോടി രൂപക്ക് അധികം വില്പന നടത്തി.

ലോക വിപണി

ഏഷ്യൻ വിപണികൾ ഇന്ന് പൊതുവെ നേട്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്.തായ്‌വാൻ (8.09), ചൈന ഷാങ്ങ്ഹായ് (2.69), ഹോങ്കോംഗ് ഹാങ്ങ് സെങ് (86.41), ജക്കാർത്ത കോമ്പോസിറ്റ് (61.51), ദക്ഷിണ കൊറിയ കോസ്‌പി (27.81) എന്നിവയെല്ലാം . നേട്ടത്തിലാണിപ്പോൾ വ്യാപാരം നടത്തുന്നത്. എന്നാൽ, ജപ്പാൻ നിക്കേ (-169.57) നഷ്ടത്തിൽ നീങ്ങുന്നു.

എന്നാൽ, ഇന്നലെ യുഎസ് സൂചികകളെല്ലാം ഉയർച്ചയിലായിരുന്നു. ഡൗ ജോൺസ്‌ 265.67 പോയിന്റും എസ് ആൻഡ് പി 500 52.92 പോയിന്റും നസ്‌ഡേക് 226.34 പോയിന്റും നേട്ടത്തിൽ അവസാനിച്ചു.

യൂറോപ്പിൽ സ്ഥിതി മിശ്രിതമായിരുന്നു. ലണ്ടൻ ഫുട്‍സീ (28.00) ഉയർന്നപ്പോൾ പാരീസ് യുറോനെക്സ്റ്റും (-4.75), ഫ്രാങ്ക്ഫർട് ഡി എ എക്സ്ഉം (-25.03) ഇടിഞ്ഞു..

വിദഗ്ധാഭിപ്രായം

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ആർബിഐ നയത്തിന് മുമ്പായി ഇന്നലെ ബാങ്ക് നിഫ്റ്റി സൂചിക 41,000 പിന്തുണയും 42,000 പ്രതിരോധവുമുള്ള വിശാലമായ ശ്രേണിയിൽ വ്യാപാരം നടത്തി. ട്രെൻഡിംഗ് നീക്കങ്ങൾക്കായി സൂചികയ്ക്ക് ഇരുവശത്തുമുള്ള ഈ ശ്രേണി തകർക്കേണ്ടതുണ്ട്. അണ്ടർ ടോൺ പരിധിക്കുള്ളിൽ തന്നെ തുടരുന്നു, എങ്കിലും ബൈ-ഓൺ-ഡിപ്പ് സമീപനം പാലിക്കണം.

രൂപക് ഡെ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: നിഫ്റ്റി സൂചിക 17,800-17,850 സോണിൽ കടുത്ത പ്രതിരോധം നേരിടുന്നു. 18,200 ലെവലിലേക്കുള്ള ഒരു ഷോർട്ട് കവറിംഗ് നീക്കത്തിന് സാക്ഷ്യം വഹിക്കാൻ സൂചിക ഈ ലെവൽ മറികടക്കേണ്ടതുണ്ട്. ലോവർ എൻഡ് സപ്പോർട്ട് 17,600 ലെവലിലാണ്, അത് ലംഘിച്ചാൽ 17,450-17,400 ലെവലിൽ കൂടുതൽ തിരുത്തലിലേക്ക് നയിക്കും.

രവി സുബ്രഹ്മണ്യൻ, എംഡി-സിഇഒ, ശ്രീറാം ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്: ആർ‌ബി‌ഐ റിപ്പോ നിരക്ക് 25 ബി‌പി‌എസ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. റീട്ടെയിൽ പണപ്പെരുപ്പം ഉയർന്ന സഹിഷ്ണുത ബാൻഡായ 6 ശതമാനത്തിൽ താഴെയാണ്; ഭക്ഷ്യവിലപ്പെരുപ്പവും കുറഞ്ഞു. ഭാവന വായ്പ്പയുടെ വളർച്ച റീട്ടെയിൽ വായ്പാ വളർച്ച 15 ശതമാനത്തിലധികം ഉയരാനിടയാക്കി. മെട്രോ ഇതര വിപണികളിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ വിപണി വികാരം ശക്തമായി തുടരുന്നതിനാൽ, ഡിമാൻഡിലെ സ്ഥിരത നിരക്ക് വർദ്ധനവിന്റെ ആഘാതം നികത്താൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട ഓഹരികൾ

2022 ഡിസംബറിൽ അവസാനിച്ച മൂന്ന് മാസങ്ങളിൽ ഏകീകൃത അറ്റാദായം 91.5 ശതമാനം ഉയർന്ന് 1,588 കോടി രൂപയായതായി ഭാരതി എയർടെൽ (ഓഹരി വില: 785.90 രൂപ) റിപ്പോർട്ട് ചെയ്തു.

വാർത്താ വിഭാഗത്തിലെ പരസ്യ ഇൻവെന്ററി ഉപഭോഗം കുറഞ്ഞത് കാരണം എൻഡിടിവിയുടെ (ഓഹരി വില: 216.90 രൂപ) മൂന്നാം പാദത്തിലെ ലാഭം 49.76 ശതമാനം ഇടിഞ്ഞ് 15.05 കോടി രൂപയായി. കഴിഞ്ഞ വർഷം ഒക്ടോബർ-ഡിസംബർ പാദത്തിൽ ഇത് 29.96 കോടി രൂപയായിരുന്നു.

2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ദീപക് നൈട്രൈറ്റ് (ഓഹരി വില: 1775.00 രൂപ) അതിന്റെ ഏകീകൃത അറ്റാദായം 209.05 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 242.46 കോടി രൂപയായിരുന്നു.

ബാറ്ററി, ഫ്ലാഷ്‌ലൈറ്റ് നിർമ്മാതാക്കളായ എവറെഡി ഇൻഡസ്ട്രീസ്ന്റെ (ഓഹരി വില:327.10 രൂപ) 2022 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിലെ അറ്റാദായം 77.05 ശതമാനം ഇടിഞ്ഞ് 5.44 കോടി രൂപയായി.

കടക്കെണിയിലായ ടെലികോം ഓപ്പറേറ്റർ വോഡഫോൺ ഐഡിയ (ഓഹരി വില: 7.95 രൂപ) ചൊവ്വാഴ്ച സർക്കാരിന് 16,133 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകൾ അനുവദിച്ചതോടെ കമ്പനിയിലെ 33.44 ശതമാനം ഓഹരിയുമായി സർക്കാർ ഏറ്റവും വലിയ ഓഹരി ഉടമയായി.

കഴിഞ്ഞ വർഷം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത അംബുജ സിമന്റ്‌സ് (ഓഹരി വില: 384.05 രൂപ) 2022-23 ഡിസംബർ പാദത്തിൽ അതിന്റെ ഏകീകൃത അറ്റാദായം 13.2 ശതമാനം വർധിച്ച് 487.88 കോടി രൂപയായി റിപ്പോർട്ട് ചെയ്തു, മുൻവർഷം ഇത് 430.97 കോടി രൂപയായിരുന്നു.

2022 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ ഗ്ലാക്സോ സ്മിത്ത്ക്ലൈൻ ഫാർമസ്യൂട്ടിക്കൽസ്ന്റെ (ഓഹരി വില: 1240.00 രൂപ) ഏകീകൃത അറ്റാദായം 9.45 ശതമാനം വർധിച്ച് 164.56 കോടി രൂപയിലെത്തി.

1,10,000 കോടി രൂപ ചെലവിൽ ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ, ഗ്രീൻ മെഥനോൾ എന്നിവയിൽ നിന്നുള്ള ഉൽപന്നങ്ങൾ നിർമിക്കുന്നതിനായി എൻടിപിസി (ഓഹരി വില: 165.00 രൂപ) ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ പുടിമടകയിൽ "ന്യൂ എനർജി പാർക്ക്" സ്ഥാപിക്കും.

ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ്ന്റെ (ഓഹരി വില: 2648.00 രൂപ) 2022 ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദ അറ്റാദായം 2.41 ശതമാനം വർധിച്ച് 721.24 കോടി രൂപയിലെത്തി.

2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ശോഭയുടെ (ഓഹരി വില: 577.50 രൂപ) ഏകീകൃത ലാഭം 48 ശതമാനം ഇടിഞ്ഞ് 31.8 കോടി രൂപയിലെത്തി.

എനർജി ആൻഡ് എൻവയോൺമെന്റ് സൊല്യൂഷൻസ് പ്രൊവൈഡർ ആയ തെർമാക്‌സിന്റെ (ഓഹരി വില: 1999.55 രൂപ) 23 ഡിസംബറിൽ അവസാനിച്ച പാദത്തിലെ ലാഭം 59 ശതമാനം വർധിച്ച് 126.2 കോടി രൂപയായി.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,275 രൂപ (+10 രൂപ)

യുഎസ് ഡോളർ = 82.70 രൂപ (-6 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 82.36 ഡോളർ (+1.69%)

ബിറ്റ് കോയിൻ = 19,57,796 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.08 ശതമാനം താഴ്ന്ന് 103.54 ആയി.