10 Jan 2024 7:18 AM
Summary
- ഇന്ന് വ്യാപാരം ആരംഭിച്ചത് 668.70 രൂപയില്‍
- ഓഹരികളുടെ വിഭജനം പ്രഖ്യാപിച്ചത് കഴിഞ്ഞ മാസം
- ഇന്നലെ 4% നേട്ടം കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് സ്വന്തമാക്കിയിരുന്നു
ഓഹരി വിഭജനത്തിനു ശേഷം കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ഓഹരികള്‍ക്ക് വിപണിയില്‍ വന്‍ മുന്നേറ്റം. 10 രൂപ മുഖവിലയുള്ള ഓഹരികളെ ഓരോന്നിനെയും 5 രൂപ മുഖവിലയുള്ള രണ്ട് ഓഹരികളാക്കി വിഭജിക്കുമെന്നും അതിന്‍റെ റെക്കോഡ് തീയതി 2024 ജനുവരി 10 ആയിരിക്കുമെന്നും കഴിഞ്ഞ മാസം കമ്പനി പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 4 ശതമാനം നേട്ടത്തോടെ 1,337.4 രൂപയായിരുന്നു കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ഓഹരിയുടെ വില. വിഭജനം നടപ്പിലായ പശ്ചാത്തലത്തില്‍ ഇന്ന് വ്യാപാരം ആരംഭിച്ചത് ഇതിന്‍റെ നേര്‍പകുതിയായ 668.70 രൂപയിലാണ്. അതേസമയം വിപണിയിലെ ഷിപ്പ്‍യാര്‍ഡ് ഓഹരികളുടെ എണ്ണം ഇരട്ടിയാകുകയും ചെയ്തു.
കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന സാഹചര്യം ഒരുങ്ങിയതോടെ കുടുതല്‍ നിക്ഷേപകര്‍ കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ഓഹരികള്‍ക്കായെത്തി. 14 ശതമാനത്തിനു മുകളില്‍ കയറിയ ഓഹരി ഒരു ഘട്ടത്തില്‍ 767.70 രൂപ വരെ എത്തി. ഇതില്‍ നിന്ന് താഴേക്കിറങ്ങിയെങ്കിലും 14 ശതമാനത്തിന് അടുത്ത് നേട്ടം നിലനിര്‍ത്താനാകുന്നുണ്ട്.
കഴിഞ്ഞ വർഷം, കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരികൾ 175 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നു. ഡിസംബർ 19 ന് പ്രതിരോധ മന്ത്രാലയവുമായി 488.25 കോടി രൂപ മൂല്യമുള്ള ഒരു കരാര്‍ ഒപ്പിട്ടത് 2023ന്‍റെ അവസാനത്തില്‍ മികച്ച നേട്ടം ഈ ഓഹരിക്ക് നല്‍കി. ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഈ കരാര്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 22,000 കോടി രൂപയിലധികം മൂല്യമുള്ള ഓര്‍ഡറുകളാണ് കമ്പനിയുടെ കൈവശമുള്ളത്.