3 Jan 2024 5:03 AM
Summary
- ലിബ്ര മെര്‍ജര്‍ 2023 ജൂലൈ 18നാണ് ഇസ്രായേലിൽ സ്ഥാപിതമായത്
- ഡിസംബറില്‍ ഒരു യുഎസ് കമ്പനിയുടെ ഓഹരി വാങ്ങലും സണ്‍ഫാര്‍മ പ്രഖ്യാപിച്ചു
- നേരത്തേ ഇസ്രയേലില്‍ നിന്ന് ടാരോ ഫാർമ ഏറ്റെടുത്തിരുന്നു
ഇന്ന് തുടക്ക വ്യാപാരത്തില്‍ സണ്‍ഫാര്‍മ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 1,304 രൂപയിലെത്തി.ഇസ്രായേൽ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിബ്ര മെർജർ ലിമിറ്റഡിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഈ മുന്നേറ്റം. ടാരോ ഫാർമ ഏറ്റെടുത്തതിനു ശേഷം ഇസ്രായേലിൽ സൺ നടത്തുന്ന രണ്ടാമത്തെ വാങ്ങലാണ് ഇത്. ഇസ്രയേലിലെ തങ്ങളുടെ ബിസിനസ് സംയോജനത്തിന് സഹായകമാകും പുതിയ ഏറ്റടുക്കല്ലെന്ന് കമ്പനി പറയുന്നു.
ലിബ്ര മെര്‍ജര്‍ 2023 ജൂലൈ 18നാണ് ഇസ്രായേലിൽ സ്ഥാപിതമായത്. ലിബ്രയുടെ 100 ശതമാനം ഓഹരികളും സണ്‍ ഫാര്‍മ സ്വന്തമാക്കും. ഏറ്റെടുക്കലിന്‍റെ സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഡിസംബർ 19 ന്, അമേരിക്കന്‍ കമ്പനിയായ ലിൻഡ്ര തെറാപ്പ്യൂട്ടിക്‌സ് ഇൻകോർപ്പറേറ്റിൽ 16.7 ശതമാനം ഓഹരികൾ വാങ്ങുന്നതായും സണ്‍ഫാര്‍മ പ്രഖ്യാപിച്ചിട്ടുണ്ട്. 30 മില്യൺ ഡോളറിന്‍റേതാണ് ഈ ഇടപാട്. മസാച്യുസെറ്റ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിൻഡ്ര തെറാപ്പിറ്റിക്‌സ് ദീർഘകാല ഓറൽ (LAO) തെറാപ്പികൾക്കായി സാങ്കേതികവിദ്യ വികസിപ്പിക്കുന്നു.
നൂതനമായ ഫാർമസ്യൂട്ടിക്കൽ ഡെലിവറി സാങ്കേതികവിദ്യകളുടെ വികസനത്തിന് ഈ തന്ത്രപരമായ നിക്ഷേപം സഹായകമാകുമെന്നാണ് സൺ ഫാർമ വിലയിരുത്തുന്നത്.