8 Oct 2023 6:30 AM GMT
Summary
- റിലയന്‍സ് ഇന്‍റസ്ട്രീസിന്‍റെ മൂല്യം ഇടിഞ്ഞു
- ഏറ്റവുമധികം നേട്ടം കൊയ്തത് ടിസിഎസ്
ഒരു അവധി ദിനം കടന്നുവന്നതിന്‍റെ ഫലമായി നാലു ദിവസങ്ങളിലേക്ക് ചുരുങ്ങിയ കഴിഞ്ഞ വിപണി വാരത്തില്‍ ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളിൽ അഞ്ചെണ്ണത്തിന്‍റെ മൊത്തം വിപണി മൂല്യം 86,234.73 കോടി രൂപയുടെ ഉയര്‍ച്ച പ്രകടമാക്കി. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി.
ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ടോപ് 10 കമ്പനികള്‍. റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ എന്നിവ ഇടിവ് നേരിട്ടു. കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 167.22 പോയിന്റ് അഥവാ 0.25 ശതമാനം ഉയർന്നു.
കൂടിയ മൂല്യങ്ങള്‍ ഇങ്ങനെ
ടിസിഎസിന്റെ വിപണി മൂല്യം 32,730.22 കോടി രൂപ ഉയർന്ന് 13,24,649.78 കോടി രൂപയായി. ബജാജ് ഫിനാൻസ് 21,697.96 കോടി രൂപ കൂട്ടിച്ചേര്‍ത്തു, അതിന്റെ മൂല്യം 4,94,884.37 കോടി രൂപയായി. ഇൻഫോസിസിന്റെ മൂല്യം 18,057.94 കോടി രൂപ ഉയർന്ന് 6,13,655.04 കോടി രൂപയായും ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യം 7,730.16 കോടി രൂപ ഉയർന്ന് 5,87,104.12 കോടി രൂപയായും മാറി.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂലധനം (എംക്യാപ്) 6,018.45 കോടി രൂപ ഉയർന്ന് 11,63,164.31 കോടി രൂപയായി.
കുറഞ്ഞ മൂല്യങ്ങള്‍ ഇങ്ങനെ
എന്നിരുന്നാലും, റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം 19,336.49 കോടി രൂപ കുറഞ്ഞ് 15,68,216.88 കോടി രൂപയിലും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 4,671.54 കോടി രൂപ കുറഞ്ഞ് 6,62,057.43 കോടി രൂപയിലുമെത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംക്യാപ് 4,105.33 കോടി രൂപ കുറഞ്ഞ് 5,30,211.19 കോടി രൂപയായും ഐടിസിയുടെ മൂല്യം 2,743.6 കോടി രൂപ ഇടിഞ്ഞ് 5,51,463.84 കോടി രൂപയായും മാറി. ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം 196.19 കോടി രൂപ കുറഞ്ഞ് 5,19,082.95 കോടി രൂപയായി.
റിലയൻസ് ഇൻഡസ്ട്രീസ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടർന്നു. ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് എന്നിവയാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍ വരുന്നത്