image

23 March 2024 8:45 AM GMT

Equity

ട്രേഡിങ്ങ് സെഷനുകൾ മൂന്നു ദിനം മാത്രം ; ഉയിർത്തെഴുന്നേൽക്കുമോ റെക്കോർഡ് നേട്ടത്തിലേക്ക്?

Jesny Hanna Philip

ട്രേഡിങ്ങ് സെഷനുകൾ മൂന്നു ദിനം മാത്രം ; ഉയിർത്തെഴുന്നേൽക്കുമോ റെക്കോർഡ് നേട്ടത്തിലേക്ക്?
X

Summary

  • വരുന്ന ആഴ്ചയിൽ 3 ട്രേഡിങ്ങ് ദിനങ്ങൾ മാത്രമാണ് ഉണ്ടാവുക.
  • വീക്കിലി ക്യാൻഡിലിൽ 'ലോവർ ഷാഡോ' ദൃശ്യമായി.
  • കറക്ഷന് വഴിയൊരുക്കുന്ന ഇടിവുകൾ ഏതെല്ലാം?


വീഴാതിരിക്കുന്നതിലല്ല, മറിച്ച് വീഴുമ്പോഴെല്ലാം എഴുന്നേൽക്കുന്നതിലാണ് യഥാർത്ഥ മഹത്വം എന്ന വാക്കുകളെ ഉൾക്കൊള്ളുന്നതായിരുന്നു കഴിഞ്ഞ ആഴ്ചയിലെ നിഫ്റ്റിയുടെയും ബാങ്ക് നിഫ്റ്റിയുടെയും പ്രകടനം. താഴ്ന്ന നിലയിൽ നിന്ന് ബുള്ളുകൾ ഉയിർത്തെഴുന്നേൽക്കുകയും നേട്ടത്തോടെ ആഴ്ചയിലെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ഇരു സൂചികകളിലും, ലോവർ ലെവലിൽ ബയിങ് കടന്നുവന്നുവെന്നു സൂചിപ്പിക്കുന്ന തരത്തിൽ 'ലോവർ ഷാഡോ' വീക്കിലി ക്യാൻഡിലിൽ ദൃശ്യമായി.

നിഫ്റ്റി 50 സൈക്കോളജിക്കൽ മാർക്കായ 22,000 നും, ബാങ്ക് നിഫ്റ്റി 46800 നു മുകളിലും വെള്ളിയാഴ്ച ക്ലോസ് ചെയ്തു. നിഫ്റ്റി സൂചിക അതിന്റെ 20 ഡേ എക്സ്പൊൺഷ്യൽ മൂവിങ് ആവറേജ് ലെവേലായ 22,085 വീണ്ടെടുത്തുകൊണ്ട് ഉയിർപ്പിന്റെ പ്രത്യാശ നില നിർത്തുന്നു. ഡെയിലി ചാർട്ടിൽ ഡോജി കാൻഡിൽ രൂപീകരണവും രണ്ടുദിവസത്തെ റിക്കവറി റാലിയും സൂചിപ്പിക്കുന്നത് ബുള്ളിഷ് റിവേഴ്സൽ ആയിരിക്കാമെന്നു എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ദേ അഭിപ്രായപ്പെടുന്നു. പക്ഷെ നിഫ്റ്റിയിലെ റെക്കോർഡ് നേട്ടത്തിലേക്കുള്ള റാലി വ്യക്തമാക്കണമെങ്കിൽ 22,100 ബുള്ളുകൾ മറികടക്കേണ്ടതുണ്ടെന്നും ദേ സൂചിപ്പിക്കുന്നു. അതെ സമയം സമാന റാലിക്ക് എസ്ബിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റുകൾ നോക്കിക്കാണുന്ന പ്രതിരോധം 22,200-22,250 ലെവലുകളിലാണ്.

മറുവശത്തു സമീപകാല സ്വിങ് ലോ സോൺ കൂടിയായ 21,700-21,750 നിർണായകമായ സപ്പോർട്ടായി ട്രേഡേഴ്സിന് നിരീക്ഷിക്കാം. 21700 നു താഴേക്കുള്ള ഏതു സുസ്ഥിര നീക്കവും ഹ്രസ്വകാലത്തിൽ 21,550-21,500 എന്ന ലെവലുകളിലേക്ക് വരെ നീങ്ങാവുന്ന കറക്ഷന് വഴിയൊരുക്കും. നിഫ്റ്റി സൂചികയിൽ വിദഗ്ദ്ധർ പങ്കുവെക്കുന്ന മറ്റൊരു നിരീക്ഷണം ഡെയിലി ചാർട്ടിൽ 22526 മുതൽ 21710 വരെയുള്ള ഇടിവ് തിരിച്ചുപിടിക്കുന്ന റീട്രെസ്‌മെന്റ് റാലിയിലാണെന്നുള്ളതാണ്.

ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാനിലെ ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് ജതിൻ ഗഡിയ തിരിച്ചറിയുന്ന പ്രധാന റീട്രേസ്‌മെൻ്റ് ലെവലുകൾ 22118 - 22214 എന്നതാണ്. റീട്രേസ്‌മെൻ്റ് പ്രക്രിയ ഇപ്പോഴും പൂർത്തിയായിട്ടില്ല, അതിനാൽ റാലി തുടരാം എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ ഡെയിലി, അവേർലി (hourly) മൊമെന്റം ഇൻഡിക്കേറ്റർ നൽകുന്ന സിഗ്നൽ കൺസോളിഡേഷൻ സാധ്യതകളാണ്. 22200 – 21900 എന്നതാണ് ശ്രദ്ധിക്കേണ്ട റേഞ്ച്. ബാങ്ക് നിഫ്റ്റി സൂചികയിലും സമാനമായ നിരീക്ഷണം ഗേഡിയ പങ്കുവെക്കുന്നു. പ്രധാന ഡെയിലി മൂവിങ് ആവറേജ്‌ ലെവലുകളിൽ കൺസോളിഡേഷൻ ബാങ്കിങ് സൂചികയിലും കണ്ടിരുന്നു. അടുത്ത ഏതാനും ട്രേഡിംഗ് സെഷനുകളിൽ കീ റീട്രേസ്‌മെൻ്റ് ലെവൽ 47000 - 47200 വരെ ബുള്ളുകൾ മുന്നേറിയേക്കാം. നിർണായകമായ സപ്പോർട്ട് സോൺ 46500 - 46400 ആണ്.

ഹോളി, ദുഃഖവെള്ളി എന്നീ പൊതുഅവധികൾ ഉൾപ്പെടുന്ന വരുന്ന ആഴ്ചയിൽ 3 ട്രേഡിങ്ങ് ദിനങ്ങൾ മാത്രമാണ് ഉണ്ടാവുക. കാര്യമായ ആഭ്യന്തര ഘടകങ്ങൾ സ്വാധീനിക്കാനില്ലാത്തതിനാൽ ആഗോള ഘടകങ്ങളും സ്റ്റോക്ക് നിർദിഷ്ട വാർത്തകളും വിപണിയിൽ ശ്രദ്ധേയമാകും.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല