image

9 Oct 2023 8:53 AM GMT

Equity

സെപ്റ്റംബറില്‍ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ 26% ഉയര്‍ച്ച

MyFin Desk

26% rise in number of demat accounts in september
X

Summary

  • സെപ്റ്റംബറിലെ ഐപിഒകളുടെ എണ്ണം 13 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയില്‍
  • കോവിഡിനു ശേഷം ഇക്വിറ്റി വരുമാനത്തിലുണ്ടായ ഉയര്‍ച്ച യുവ നിക്ഷേപകരെ ആകര്‍ഷിക്കുന്നു
  • തുടര്‍ച്ചയായ രണ്ടാം മാസവും പുതിയ അക്കൗണ്ടുകള്‍ 30 ലക്ഷം കവിഞ്ഞു


സെപ്റ്റംബറില്‍ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 26 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 12.97 കോടിയിലെത്തി.പ്രാദേശിക ഓഹരികളില്‍ നിന്നുള്ള ആകര്‍ഷകമായ വരുമാനം നിക്ഷേപകരെ ആകര്‍ഷിക്കുന്നത് തുടരുകയാണ്. എന്‍എസ്‌ഡിഎല്‍, സിഡിഎസ്എല്‍ എന്നിവയില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച് 30.6 ലക്ഷത്തിലധികം ഡിമാറ്റ് അക്കൗണ്ടുകളാണ് സെപ്റ്റംബറില്‍ തുറന്നത്. ഇത് ഓഗസ്റ്റിലെ 31 ലക്ഷത്തില്‍ നിന്ന് അല്‍പ്പം കുറവാണെങ്കിലും തുടര്‍ച്ചയായ രണ്ടാം മാസവും പുതിയ അക്കൗണ്ടുകള്‍ 30 ലക്ഷം കവിഞ്ഞുവെന്നത് ശ്രദ്ധേയമാണ്.

സെപ്റ്റംബറില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ തുടര്‍ന്നു. ഉയര്‍ന്ന പലിശനിരക്ക് ദീര്‍ഘകാലം തുടരുമെന്ന ആശങ്കയെ തുടര്‍ന്ന് ഡോളറിന്റെ മൂല്യം 107ല്‍ എത്തിയതും 10 വര്‍ഷ യുഎസ് ബോണ്ടുകളിലെ ആദായം 16 വര്‍ഷത്തെ ഉയര്‍ച്ചയിലേക്ക് എത്തിയതും ഓഹരി വിപണികള്‍ക്ക് തിരിച്ചടിയായി.

യുവാക്കളുടെ നിക്ഷേപ മനോഭാവത്തിലെ മാറ്റം

"കോവിഡ് 19 നു ശേഷം ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന യുവാക്കളുടെ നിക്ഷേപ മനോഭാവത്തില്‍ വന്ന മാറ്റത്തെ സൂചിപ്പിക്കുന്നു. ഇക്വിറ്റികളിലെ നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതലായി മുന്‍ഗണന ലഭിക്കുന്നുണ്ട്. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും, കോവിഡിനു ശേഷം ഇക്വിറ്റി വരുമാനത്തിലുണ്ടായ ഉയര്‍ച്ച യുവ നിക്ഷേപകരെ ആകര്‍ഷിക്കുന്നത് തുടരുന്നു. വിപണിയിലെ ഇടിവിനെ വാങ്ങലിനുള്ള അവസരമായാണ് അവര്‍ കാണുന്നത്. എങ്കിലും പുതിയ നിക്ഷേപകര്‍ക്ക് വലിയ നഷ്ടം വരുത്തുന്ന വന്‍ ഇടിവുകള്‍ സംഭവിച്ചാല്‍ മനോഭാവം നെഗറ്റിവായി മാറാം," ജിയോജിത് ഫിനാന്‍ഷ്യല്‍ ഇന്‍വസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ വ്യക്തമാക്കി.

ജൂലൈ മുതൽ ധാരാളം ഐപിഒകൾ നല്ല പ്രീമിയത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ടു. ഇതും ഒരു കൂട്ടം നിക്ഷേപകരെ വിപണിയിലേക്ക് ആകർഷിച്ചിരിക്കാമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. കൂടാതെ, ഡിസ്കൗണ്ട് ബ്രോക്കർമാർ ഉൾപ്പെടെയുള്ള ബ്രോക്കറേജുകളുടെ പതിവ് ക്യാംപെയ്നുകളും ഡീമാറ്റ് അക്കൗണ്ടുകളുടെ വർധനയ്ക്ക് കാരണമാകുന്നു.

റെക്കോര്‍ഡ് എണ്ണം ഐപിഒകള്‍

14 കമ്പനികളാണ് കഴിഞ്ഞ മാസം പൊതുവിപണിയിലേക്ക് എത്തിയത്. 13 വര്‍ഷത്തിനിടയില്‍ ഒരുമാസം രേഖപ്പെടുന്ന ഏറ്റവും ഉയര്‍ന്ന ഐപിഒ എണ്ണമാണിത്. 11,800 കോടി രൂപയുടെ സമാഹരണമാണ് ഈ ഐപിഒകളിലൂടെ നടന്നത്. എസ്എംഇ വിഭാഗത്തില്‍ 37 ഐപിഒകളില്‍ നിന്നായി 1000 കോടിയിലധികം രൂപയുടെ സമാഹഹരണം സെപ്റ്റംബറില്‍ ഉണ്ടായി. എസ്എംഇകള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടാന്‍ തുടങ്ങിയ 2012നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.

വിപണികളിലെ പ്രതീക്ഷ

സെപ്റ്റംബറില്‍ സെന്‍സെക്‌സും നിഫ്‌റ്റിയും 1.54 ശതനാനവും 2 ശതമാനവും നേട്ടമുണ്ടാക്കിയപ്പോള്‍ ബ്എസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകളില്‍ 3.7 ശതമാനവും 1.1 ശതമാനവും ഉയര്‍ച്ചയുണ്ടായി. വിദേശ നിക്ഷേപകര്‍ ഏകദേശം 219 കോടി ഡോളറിന്‍റെ വില്‍പ്പനയാണ് ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്. രണ്ടാം പാദ വരുമാന പ്രഖ്യാപനങ്ങളും തിരഞ്ഞെടുപ്പും വിപണികളെ ചാഞ്ചാട്ടത്തിലേക്ക് നയിച്ചേക്കാമെന്നും അതേസമയം പ്രൈമറി,സെക്കണ്ടറി വിപണികളില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയില്‍ റിസെര്‍ച്ച് മേധാവി ദീപക് ജസാനി പറഞ്ഞു. ഡീമാറ്റ് അക്കൗണ്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ സ്ഥിരത പ്രതീക്ഷിക്കുന്നുവെങ്കിലും കഴിഞ്ഞ രണ്ട് മാസങ്ങളിലെ നമ്പറുകള്‍ ഇനി വരുന്ന ഏതാനും മാസങ്ങളില്‍ മറികടക്കാനിടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.