image

16 March 2024 8:25 AM GMT

Equity

നിഫ്റ്റിക്ക് പ്രധാനം 21900 ലെവലോ..? അടുത്ത ആഴ്ചയിൽ ട്രേഡേഴ്സ് കരുതിയിരിക്കേണ്ടത്

Jesny Hanna Philip

market towards consolidation
X

Summary

  • 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവ് നേരിട്ട് സ്മാൾക്യാപ് സൂചിക
  • മിഡ്-സ്‌മോൾക്യാപ് സൂചികകളിൽ പ്രതീക്ഷ അർപ്പിക്കാമോ?
  • വിപണി നീങ്ങുന്നത് മറ്റൊരു കൺസോളിഡേഷനിലേക്കോ ?


നിക്ഷേപകരെ കനത്ത ആശങ്കയിലാഴ്ത്തി വില്പന സമ്മർദ്ദവും ബിയറുകളുടെ ആധിപത്യവും വിപണിയിൽ കഴിഞ്ഞ ആഴ്ച തുടർന്നു. ബുധനാഴ്ച നേരിട്ട ഇടിവിലാണ് ഏറ്റവുമധികം പ്രതിദിന നഷ്ടവും ആഴ്ചയിലെ താഴ്ന്ന നിലവാരമായ 21905 എന്ന ലെവലും നിഫ്റ്റി സൂചിക രേഖപ്പെടുത്തിയത്. അതെ സമയം ബാങ്ക് നിഫ്റ്റി തുടർച്ചയായ വില്പനയും ആശ്വാസമായി നേരിയ പുൾബാക്കുകളും മാറി മാറി നൽകിക്കൊണ്ടിരുന്നു. ഇരു സൂചികകളും പോയവാരത്തിൽ രണ്ടു ശതമാനത്തിലധികം നഷ്ടം നേരിട്ടു. എന്നാൽ മിന്നൽ വേഗത്തിലാണ് സ്‌മോൾ ക്യാപ് ഓഹരികളിൽ ബിയറുകൾ ആക്രമണം നടത്തിയത്. നിഫ്റ്റി സ്മാൾക്യാപ് 100 സൂചിക 5 ശതമാനത്തിനടുത്ത ഇടിവാണ് രേഖപെടുത്തിയത്. 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവെന്ന കുപ്രസിദ്ധിയും ഈ നഷ്ടത്തിനുണ്ട്. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക നാലു ശതമാനത്തോളം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊരു അപ്രതീക്ഷിതമായ വിപണിനീക്കമാണോ എന്നതിന് അല്ല എന്ന് തന്നെയാണ് ഉത്തരം. സ്‌മോൾ- മിഡ് ക്യാപ് ഓഹരികളിലെ ഉയർന്ന വാല്യൂവേഷൻ വിദഗ്ധർ പലപ്പോളായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വരുന്ന ട്രേഡിങ്ങ് സെഷനുകളിൽ നേരിയ പുൾബാക്ക് റാലിയാണ് ഇരു സൂചികളിലും പ്രതീക്ഷിക്കേണ്ടത്. കനത്ത ഇടിവും ഓവർസോൾഡ് കണ്ടീഷൻസും ഇതിനുള്ള സാധ്യത മുന്നോട്ട് വെക്കുന്നു. മിഡ്-സ്‌മോൾക്യാപ് സൂചികകളിൽ ഉയർന്ന പ്രതീക്ഷ അർപ്പിക്കാനും വലിയ ബയിങ് നടത്താനും ഒരു പക്ഷെ സമയം ആയിട്ടുണ്ടാവില്ല. അത്തരം ലോങ്ങ് പൊസിഷനുകൾ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ.

തിരികെ നിഫ്റ്റി സൂചികയിലേക്ക് വരാം. ഹ്രസ്വകാലത്തിൽ സൂചിക കൺസോളിഡേഷനിലേക്ക് നീങ്ങിയേക്കാമെന്നു എസ്ബിഐ സെക്യൂരിറ്റീസിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. വീക്കിലി സ്കെലിൽ ഒരു ബിയറിഷ് കാൻഡിൽ രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ നിലവിൽ സൂചിക 20 ഡേ മൂവിങ് ആവറേജിന്‌ താഴെയുമാണ്. പ്രതിദിന അടിസ്ഥാനത്തിലും വാരാടിസ്ഥാനത്തിലും റിലേറ്റീവ് സ്ട്രെങ്ത് ഇൻഡക്സ് ബിയറിഷ് ക്രോസ്സ്ഓവർ സൂചനകളാണ് നൽകുന്നത്. ഇതെല്ലം കൺസോളിഡേഷൻ അനുമാനങ്ങൾക്കു ശക്തി പകരുന്നു. വരുന്ന ആഴ്ചയിൽ നിഫ്റ്റി സൂചികക്ക് പ്രധാന പിന്തുണയാവുക 50-ഡേ മൂവിങ് ആവറേജ് ലെവൽ കൂടിയായ 21830-21850 സോൺ ആവും. 21830 നു താഴേക്കുള്ള ഏതു സുസ്ഥിര നീക്കവും കൂടുതൽ കറക്ഷനിലേക്ക് നിഫ്റ്റിയെ കൊണ്ടുപോകും. ഷോർട്ട് ടേമിൽ 21500 വരെ നിഫ്റ്റിയുടെ കറക്ഷൻ നീണ്ടേക്കാം. മറുവശത്തു 22230-22250 എന്ന റെസിസ്റ്റൻസ് സോൺ ബ്രോക്കറേജ് നിരീക്ഷിക്കുന്നത്. സൂചികക്ക് 22250 എന്ന ലെവലിന് മുകളിൽ സ്ഥിരതയുള്ള നീക്കം നല്കാൻ സാധിക്കുകയാണെങ്കിൽ 22430-22500 വരെ നേട്ടം തുടർന്നേക്കാം.

റെലിഗെയർ ബ്രോക്കിംഗിലെ ടെക്‌നിക്കൽ റിസർച്ച് വിഭാഗത്തിലെ തലവനായ അജിത് മിശ്രയും ചൂണ്ടിക്കാണിക്കുന്നത് നിർണ്ണായകമായ 22,250 ലെവലുകൾ നിഫ്റ്റി വീണ്ടെടുക്കുന്നതുവരെ നെഗറ്റീവ് ബയസോടു കൂടിയ കൺസോളിഡേഷൻ വിപണിയിൽ ഉണ്ടായേക്കാം എന്നാണ്. ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാനിലെ ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് ജതിൻ ഗെഡിയ നിരീക്ഷിക്കുന്ന പ്രതിരോധം 22250 എന്ന ലെവലാണ്. ഈ ലെവലുകളിലേക്ക് നീങ്ങണമെങ്കിൽ നിലവിൽ നിഫ്റ്റി നില നിർത്തുന്ന 21,900–21,860 എന്ന സപ്പോർട്ട് സുപ്രധാനമാണ്. എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ദേ അഭിപ്രായപെടുന്നതും സമീപകാലത്തിൽ മൊമെൻ്റം ഇൻഡിക്കേറ്ററുകൾ ബെറിഷ് മൊമെൻ്റം സൂചനകളാണ് നൽകുന്നതെന്നാണ്. 22,200-22,250 എന്ന റെസിസ്റ്റൻസ് നിരീക്ഷിക്കാനും രൂപക് ദേ പറയുന്നു.

നിഫ്റ്റി ബാങ്ക് സൂചികയിൽ പ്രബലമായ ചാഞ്ചാട്ടങ്ങൾ തുടരുകയും 46,310-47850 ശ്രേണിയിൽ നീങ്ങുകയും ചെയ്തു. വീക്കിലി ക്യാൻഡിലിൽ 1200 പോയിന്റുകളിലധികം ഇടിവ് നേരിട്ട് 46,594 ലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ആഴ്ചയിൽ പല ദിവസങ്ങളിലും ഡോജി കാൻഡിൽ രൂപപ്പെട്ടിരുന്നു. ബയേഴ്സിനും സെല്ലേഴ്‌സിനും ഇടയിലുള്ള അനിശ്ചിതത്വം ഡോജി കാൻഡിൽ സൂചിപ്പിക്കുന്നു. എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ & ഡെറിവേറ്റീവ് അനലിസ്റ്റ് കുനാൽ ഷാ അഭിപ്രായപെടുന്നതും ബാങ്കിങ് സൂചികയിൽ ബിയേഴ്സിന്റെയും ബുള്ളുകളുടെയും അനിശ്ചിതത്വം നിലനില്കുന്നുണ്ടെന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സൂചികയുടെ ഉടനടി പ്രതിരോധം 47000 ലെവലിലാണ്. ഇത് ബാങ്ക് നിഫ്റ്റിയിലെ 20 ഡേ മൂവിങ് ആവറേജ് കൂടിയാണ്. ഈ ലെവലിന് മുകളിലുള്ള നീക്കം 47500 വരെ സൂചികയേ നയിച്ചേക്കാം. ആഴ്ചയിലെ ലോ, ക്ലോസിങ് ലെവൽ എന്നിവ കൂടിയായ 46300 - 46500 സോൺ ബുള്ളുകൾ പ്രതിരോധിക്കാൻ ശ്രമിക്കുന്ന സപ്പോർട്ട് ലെവലുകൾ കൂടിയാണ്. ഈ പിന്തുണ ദുർബലമായാൽ കൂടുതൽ വില്പന സമ്മർദ്ദം സൂചികയിൽ ഉണ്ടായേക്കാം. നിലവിൽ ബാങ്ക് നിഫ്റ്റിയുടെ 50 ഡേ മൂവിങ് ആവറേജ് 46,552 എന്ന ലെവലിനു മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. സമ്മർദ്ദം തുടർന്നാൽ സൂചിക 46300 തുടർന്ന് 46000 എന്നി ലെവലുകളിലേക്ക് താഴ്‌ന്നേക്കാം.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല