2 March 2022 5:59 AM GMT
Summary
മുംബൈ: റഷ്യ-ഉക്രെയ്ൻ പ്രതിസന്ധി രൂക്ഷമായതോടെ ആഗോള വിപണികളിലെ ഉയർന്ന വിൽപ്പനയെ തുടർന്ന് ബുധനാഴ്ച സെൻസെക്സ് 778 പോയിന്റ് ഇടിഞ്ഞ് 55,500 ലെവലിനും താഴെയെത്തി. ബിഎസ്ഇ സൂചിക 778.38 പോയിന്റ് (1.38 ശതമാനം) താഴ്ന്ന് 55,468.90 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 187.95 പോയിന്റ് ( 1.12 ശതമാനം) ഇടിഞ്ഞ് 16,605.95 ൽ എത്തി. സെൻസെക്‌സിൽ 6 ശതമാനം ഇടിവോടെ മാരുതിയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ഡോ.റെഡ്ഡീസ്, ഏഷ്യൻ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ […]
മുംബൈ: റഷ്യ-ഉക്രെയ്ൻ പ്രതിസന്ധി രൂക്ഷമായതോടെ ആഗോള വിപണികളിലെ ഉയർന്ന വിൽപ്പനയെ തുടർന്ന് ബുധനാഴ്ച സെൻസെക്സ് 778 പോയിന്റ് ഇടിഞ്ഞ് 55,500 ലെവലിനും താഴെയെത്തി.
ബിഎസ്ഇ സൂചിക 778.38 പോയിന്റ് (1.38 ശതമാനം) താഴ്ന്ന് 55,468.90 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 187.95 പോയിന്റ് ( 1.12 ശതമാനം) ഇടിഞ്ഞ് 16,605.95 ൽ എത്തി.
സെൻസെക്‌സിൽ 6 ശതമാനം ഇടിവോടെ മാരുതിയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ഡോ.റെഡ്ഡീസ്, ഏഷ്യൻ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ നഷ്ടത്തിൽ തൊട്ടുപിന്നിലുണ്ട്.
മറുവശത്ത്, ടാറ്റ സ്റ്റീൽ, ടൈറ്റൻ, റിലയൻസ്, നെസ്‌ലെ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
മറ്റ് ഏഷ്യൻ വിപണികളിൽ, ഹോങ്കോംഗ്, ടോക്കിയോ, ഷാങ്ഹായ് ഓഹരികൾ നഷ്ടത്തിൽ അവസാനിച്ചപ്പോൾ സിയോൾ നേട്ടത്തിൽ ക്ലോസ് ചെയ്തു.
ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ യൂറോപ്പിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ സമ്മിശ്രമായാണ് വ്യാപാരം നടത്തിയത്.
ഉക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 5.09 ശതമാനം ഉയർന്ന് 110.31 യുഎസ് ഡോളറിലെത്തി.
റഷ്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അമേരിക്ക അടയ്ക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ഇതുവരെയുള്ള മറ്റ് ശിക്ഷാ നടപടികളോടൊപ്പം മോസ്കോയെ ഇത് കൂടുതൽ ദുർബലപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു.
യു എസും യൂറോപ്യൻ യൂണിയനും റഷ്യയ്‌ക്കെതിരെ വിവിധ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യയിലെ ഏറ്റവും വലിയ ബാങ്കുകളെ സ്വിഫ്റ്റ് ഗ്ലോബൽ പേയ്‌മെന്റ് സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കിയതടക്കമുള്ള നടപടികൾ ഇതിൽ ഉൾപ്പെടുന്നു.
എക്സ്ചേഞ്ച് ഡാറ്റയനുസരിച്ച് വിദേശ സ്ഥാപന നിക്ഷേപകർ തിങ്കളാഴ്ച ഇന്ത്യൻ മൂലധന വിപണിയിൽ 3,948.47 കോടി രൂപയുടെ ഓഹരികൾ വിറ്റതായാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്.