6 Jun 2023 9:51 AM GMT
Summary
- വാര്‍ഷിക നിക്ഷേപത്തിന്‍റെ 15% ആണ് ഇടിഎഫ് നിക്ഷേപ പരിധി
- പരമാവധി നേട്ടം നല്‍കുന്ന ആസ്തികളില്‍ നിക്ഷേപിക്കണമെന്ന് ഇപിഎഫ്ഒ-യുടെ ആവശ്യം
- നിലവിലെ ഇടിഎഫ് നിക്ഷേപം മൊത്തം നിക്ഷേപത്തിന്‍റെ 10%
ഓഹരി വിപണിയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് അനുമതി തേടി എംപ്ലോയ്മെന്‍റ് പ്രൊവിഡന്‍സ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഉടന്‍ തന്നെ ധനമന്ത്രാലയത്തെ സമീപിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭമെടുത്ത് വീണ്ടും നിക്ഷേപിക്കുന്നതിനാണ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച ഒരു നിർദ്ദേശം ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് മാർച്ച് അവസാന വാരത്തിൽ ചേര്‍ന്ന യോഗത്തില്‍ അംഗീകരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ധനമന്ത്രാലയത്തിന്‍റെ നിലവിലെ നിര്‍ദേശ പ്രകാരം തങ്ങള്‍ക്കു ലഭിക്കുന്ന വാര്‍ഷിക നിക്ഷേപ തുകയുടെ 5 മുതല്‍ 15 ശതമാനം വരെയാണ് ഇപിഎഫ്ഒ-യ്ക്ക് ഇടിഎഫുകള്‍ വഴി ഓഹരിയില്‍ നിക്ഷേപിക്കാനാകുക. ബാക്കി തുക കടപ്പത്രങ്ങള്‍ക്കായി ചെലവിടും. ഇടിഎഫുകളില്‍ നിന്നുള്ള ലാഭം ഏതു തരത്തില്‍ വിനിയോഗിക്കണമെന്നത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവിലില്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇപിഎഫ്ഒ ധനമന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.
ഇടിഎഫുകളില്‍ നിന്നു ലഭിക്കുന്ന ലാഭത്തിന്‍റെ 15 ശതമാനത്തില്‍ താഴെ മാത്രമാണ് മാത്രമാണ് നിലവില്‍ വീണ്ടും ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നത്. ഇടിഎഫുകളിൽ നിന്നുള്ള വരുമാനം പരമാവധി നേട്ടം ലഭിക്കുന്നതിനായി, അനുവദനീയമായ ഏതൊരു ആസ്‍തി വിഭാഗത്തിലും നിക്ഷേപിക്കുന്നതിന് സാഹചര്യമുണ്ടാകണമെന്ന ആവശ്യമാണ് ഇപിഎഫ്ഒ മുന്നോട്ടുവെക്കുന്നത്.
2022 മാര്‍ച്ച് 31ലെ കണക്കുപ്രകാരം ഇടിഎഫുകളില്‍ ഇപിഎഫ്ഒ നടത്തിയിട്ടുള്ള മൊത്തം നിക്ഷേപം 1,01,712.44 കോടി രൂപയാണ്. ഇത് മൊത്തം നിക്ഷേപമായ 11,00,953.66 കോടി രൂപയുടെ 9.24 ശതമാനമാണ്. ഈ വര്‍ഷം ജനുവരിയിലെ കണക്കു പ്രകാരം ഇടിഎഫ് നിക്ഷേപത്തിന്‍റെ പരിധി 10 ശതമാനമായി ഉയര്‍ന്നു. അതായത് അനുവദിക്കപ്പെട്ട പരിധിയിലും താഴെയുള്ള നിക്ഷേപമാണ് നിലവില്‍ ഇടിഎഫുകളില്‍ ഇപിഎഫ്ഒ നടത്തിയിട്ടുള്ളത്.
2015 -16 ലാണ് ഇപിഎഫ്ഒ ഓഹരികളിലെ നിക്ഷേപം ആരംഭിച്ചത്. 2016-17ല്‍ ഇതിന് അനുവദനീയമായ പരിധി 10 ശതമാനമാക്കി ധനമന്ത്രാലയം ഉയര്‍ത്തി. 2017-18ലാണ് പരിധി 15 ശതമാനമാക്കി ഉയര്‍ത്തിയത്.
2018 കലണ്ടര്‍ വര്‍ഷത്തില്‍ നിക്ഷേപിച്ച 15,692.43 കോടി രൂപയുടെ ഇടിഎഫ് യൂണിറ്റുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫ്ഒ പിന്‍വലിച്ചിരുന്നു.