image

13 April 2023 10:40 AM GMT

Automobile

വാഹന വില്‍പ്പനയില്‍ ഇടിവ്; ചൈനയ്ക്ക് ഇതെന്തുപറ്റി

MyFin Desk

chinas auto sales decline
X

Summary

  • വിലക്കയറ്റമാണ് ചൈനയിലെ വാഹന വില്‍പ്പനയെ ബാധിച്ചത്
  • ന്യൂ എനര്‍ജി വാഹനങ്ങളുടെ വില്‍പ്പനയില്‍ വര്‍ധനവുണ്ടായി
  • ഏപ്രില്‍ മാസം വന്‍തിരിച്ചുവരവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍


വാഹന വില്‍പ്പനയില്‍ ഇടിവുമായി ചൈന. മുന്‍വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ വാഹന വില്‍പ്പന മാര്‍ച്ച് മാസത്തില്‍ കുത്തനെ കുറഞ്ഞതായി ചൈന പാസഞ്ചര്‍ കാര്‍ അസോസിയേഷന്‍ (സിപിസിഎ) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 1.61 ദശലക്ഷം യൂണിറ്റുകളാണ് മാര്‍ച്ച് മാസത്തില്‍ ചൈനയില്‍ വിറ്റഴിച്ചത്. 2023 ലെ ആദ്യ മൂന്ന് മാസങ്ങളിലെ വാഹന വില്‍പ്പനയില്‍ 13.4 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 4.33 ദശലക്ഷം യൂണിറ്റാണ് ഇക്കാലയളവിലെ ചൈനയിലെ വാഹന വില്‍പ്പന.

ഈ വര്‍ഷാരംഭത്തില്‍ തുടങ്ങിയ വിലക്കയറ്റമാണ് ചൈനയിലെ വാഹന വില്‍പ്പനയെ ബാധിച്ചത്. ടെസ്‌ല മോഡലുകളുടെ വില ഉയര്‍ത്തിയതിന് പിന്നാലെ 40ലധികം ബ്രാന്‍ഡുകളാണ് വാഹന വല വര്‍ധനവ് നടപ്പാക്കിയത്. ഇതില്‍ നിസ്സാന്‍, ടൊയോട്ട, ഫോക്‌സ്‌വാഗണ്‍ എന്നിവ വിപണി വിഹിതം സംരക്ഷിക്കുന്നതിനായി വിവിധ ഓഫറുകളും നല്‍കിയിരുന്നു.

ന്യൂ എനര്‍ജി വാഹന വില്‍പ്പന ഉയര്‍ന്നു

മൊത്തത്തിലുള്ള വാഹന വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ന്യൂ എനര്‍ജി വാഹനങ്ങളുടെ വില്‍പ്പനയില്‍ വര്‍ധനവുണ്ടായി. പ്യുവര്‍ ബാറ്ററി ഇലക്ട്രിക് കാറുകളും പ്ലഗ്ഇന്‍ ഹൈബ്രിഡുകളും ന്യൂ എനര്‍ജി വാഹന വില്‍പ്പന മാര്‍ച്ച് മാസത്തില്‍ 21.9 ശതമാനമാണ് വര്‍ധിച്ചത്.മൊത്തം വാഹന വില്‍പ്പനയുടെ 34 ശതമാനത്തോളം വരുമിത്. ഈ വിഭാഗത്തില്‍ 35.5 ശതമാനം വിപണി വിഹിതവുമായി BYD ആണ് മുന്നിലുള്ളത്.

14 ശതമാനമാണ് ടെസ്ലയുടെ വിപണി വിഹിതം. ഡിസ്‌കൗണ്ട് ഓഫറുകളും ബാറ്ററി വില കുറഞ്ഞതുമാണ് ന്യൂ എനര്‍ജി വാഹനങ്ങളുടെ വില്‍പ്പന ഉയരാന്‍ കാരണമായത്. ഇത് മറ്റ് വാഹനങ്ങളുടെ വില്‍പ്പനയെയും സാരമായി ബാധിച്ചു.

മാര്‍ച്ച് മാസത്തിലെ വാഹന വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഏപ്രില്‍ മാസം വന്‍തിരിച്ചുവരവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ഏപ്രില്‍ മാസം കോവിഡിനെ തുടര്‍ന്ന് ചൈനയിലെ കൊമേഷ്യല്‍ ഹബ്ബായ ഷാങ്ഹായ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.