8 March 2023 5:18 PM IST
Summary
ആര്‍ബി ഐ ക്രിപ്‌റ്റോ കറന്‍സികളുടെ വര്‍ധിച്ച് വരുന്ന ഉപയോഗത്തിനെതിരെ പല കുറി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ വ്യക്തമായ നിയമം ഉണ്ടാക്കുന്നതിനുളള ആലോചനയിലായിരുന്നു. ഇവ നിരോധിക്കണമെന്നായിരുന്നു ആര്‍ബി ഐയുടെ നിലപാട്.
ഒടുവില്‍ ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട നിയമത്തിന് കൃത്യത വരുന്നു. ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട എല്ലാത്തരം ഇടപാടുകളും രാജ്യത്തെ നിലവിലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖ വ്യക്തമാക്കുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച ഈ മാസം 7 ന് പുറത്തിറക്കിയ രേഖയെ ആധാരമാക്കിയാണ് റിപ്പോര്‍ട്ട്.
ഫിയറ്റ് കറൻസി
വെര്‍ച്ച്വല്‍ ഡിജിറ്റല്‍ അസറ്റ് (ക്രിപ്‌റ്റോഗ്രാഫിക് വഴിയില്‍ ജനറേറ്റ് ചെയ്യപ്പെടുന്ന, ഏത് പേരിലും അറിയപ്പെടുന്ന കറന്‍സി-ഫിനാന്‍സ് ആക്ട് നിര്‍വചനം), ഫിയറ്റ് കറന്‍സി (ഏതെങ്കിലും ഉത്പന്നത്തിന്റെ അതായത് സ്വര്‍ണം, വെള്ളി എന്നിവയുടെ ഉറപ്പിലല്ലാതെ പുറത്തിറക്കുന്ന കറന്‍സി) എന്നിവ തമ്മിലുള്ള വിനിമയം, ഒന്നോ അധികലധികമോ വെര്‍ച്ച്വല്‍ ഡിജിറ്റല്‍ അസറ്റുകളുടെ വിനിമയം, കൂടാതെ ഡിജിറ്റല്‍ അസറ്റുകളുടെ കൈമാറ്റം ഇവയെല്ലാം ഇനി മുതല്‍ മണി ലോണ്ടറിംഗ് ആക്ടിന് കീഴില്‍ വരുമെന്ന് മാര്‍ച്ച് 7 ലെ സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ വ്യക്തമാക്കുന്നു.
നിക്ഷേപമെല്ലാം പരിധിയിൽ
ഇത്തരം ആസ്തികളുടെ സുരക്ഷിതമായ സൂക്ഷിക്കല്‍, ഇതുപയോഗിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ ഇവയെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും. ഫലത്തില്‍ ക്രിപ്‌റ്റോ നിക്ഷേപങ്ങളെല്ലാം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ കീഴിലാകും. ആര്‍ബി ഐ ക്രിപ്‌റ്റോ കറന്‍സികളുടെ വര്‍ധിച്ച് വരുന്ന ഉപയോഗത്തിനെതിരെ പല കുറി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ വ്യക്തമായ നിയമം ഉണ്ടാക്കുന്നതിനുളള ആലോചനയിലായിരുന്നു. ഇവ നിരോധിക്കണമെന്നായിരുന്നു ആര്‍ബി ഐയുടെ നിലപാട്. കള്ളപ്പണം വെളിപ്പിക്കല്‍ നിരോധന നിയമത്തിന് കീഴിലേക്ക് ആക്കിയതോടെ രാജ്യന്തര ഇടപാടും സര്‍ക്കാരിന് നിരീക്ഷിക്കാനും നടപടിയെടുക്കാനും കഴിയും.
ഏറ്റവും പുതയ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഡിജിറ്റല്‍ അസറ്റ് വിനിമയത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തിയിരുന്നു. 2022 ല്‍ ക്രിപ്‌റ്റോ വ്യാപാരത്തിന് ലെവി ഏര്‍പ്പെടുത്തുന്നതടക്കമുളള നടപടികളും എടുത്തിരുന്നു.