11 April 2023 4:34 PM IST
Summary
- കഴിഞ്ഞ 30 ദിവസത്തില്‍ മൂല്യത്തില്‍ 46% വര്‍ധന
- ഇന്ന് ടോക്കണിന്റെ വില 2 ശതമാനം ഉയര്‍ന്ന് $30,262ല്‍
ക്രിപ്‌റ്റോ കറന്‍സി വിപണിയിലെ ഏറ്റവും കരുത്തുറ്റ പോരാളിയായ ബിറ്റ്‌കോയിനിന്റെ മൂല്യം വീണ്ടും $30,000ന് മുകളില്‍ എത്തി. കഴിഞ്ഞാഴ്ച ജൂണിനു ശേഷം ആദ്യമായാണ് ബിറ്റ്‌കോയിന്‍ ഈ നേട്ടം കൈവരിക്കുന്നത്. ഈ വര്‍ഷം തുടക്കം മുതല്‍ 80 ശതമാനത്തോളം മുന്നേറ്റമാണ് പ്രകടമായിട്ടുള്ളത്. യുഎസ് ഫെഡ് റിസര്‍വ് ധനനയം കൂടുതല്‍ കടുപ്പിക്കില്ലെന്ന പ്രതീക്ഷയും പണപ്പെരുപ്പം സംബന്ധിച്ച വിലയിരുത്തലുകളുമാണ് ഇന്ന് ബിറ്റ്‌കോയിന്‍ മൂല്യത്തെ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത്്. ഇന്ന് ടോക്കണിന്റെ വില 2 ശതമാനം ഉയര്‍ന്ന് $30,262-ലെത്തി. ഏപ്രിലില്‍ ഇതുവരെ 6 ശതമാനം നേട്ടമാണ് ബിറ്റ് കോയിന്‍ മൂല്യത്തില്‍ ഉണ്ടായിട്ടുള്ളത്.
മാര്‍ച്ചില്‍ 23 ശതമാനം മുന്നേറ്റമാണ് ബിറ്റ്‌കോയിന്‍ മൂല്യത്തിലുണ്ടായത്. നിലവില്‍ ബാങ്കിംഗ് മേഖലയില്‍ അനുഭവപ്പെടുന്ന പ്രതിസന്ധിയെ തുടര്‍ന്ന് ധനകാര്യ വികേന്ദ്രീകരണത്തിലേക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതിന്റെ ഫലമാണ് നിലവില്‍ ബിറ്റ്‌കോയിനിന്റെ മൂല്യത്തില്‍ തുടര്‍ച്ചയായ വര്‍ധനയുണ്ടാകുന്നതെന്ന് ടെസോസ് ഇന്ത്യ പ്രസിഡന്റെ ഓം മാളവ്യ വിലയിരുത്തുന്നു. ഇത് ആഗോള തലത്തിലെ നിക്ഷേപകരെ സ്വാധീനിക്കുമെന്നും ഡിജിറ്റല്‍ ആസ്തികളുടെ സ്വീകാര്യത ഉയര്‍ത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ബൃഹദ് സാമ്പത്തിക ഘടകങ്ങള്‍ അനുകൂലമാണെങ്കില്‍ ബിറ്റ്‌കോയിനിന്റെ മൂല്യ വളര്‍ച്ച ഇനിയും തുടരുമെന്നും ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട ഓഹരികള്‍ മുന്നേറ്റം പ്രകടമാക്കുമെന്നും മാളവ്യ കൂട്ടിച്ചേര്‍ത്തു.
2021 നവംബര്‍ 10ന് ബിറ്റ്‌കോയിന്‍ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ $69,000-ലേക്ക് എത്തിയിരുന്നു. ഇതിനു ശേഷം തുടര്‍ച്ചയായി വലിയ ഇടിവ് മൂല്യത്തിലുണ്ടായി. കഴിഞ്ഞ 30 ദിവസത്തില്‍ 46% വര്‍ധനയാണ് മൂല്യത്തിലുണ്ടായത്.