image

16 Aug 2024 6:01 AM GMT

Cryptocurrency

ബിനാന്‍സ് ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു

MyFin Desk

binance is coming back, subject to restrictions
X

Summary

  • ബിനാന്‍സിന്റെ പ്രവര്‍ത്തനം നിലച്ചത് കള്ളപ്പണം വെളുപ്പിക്കല്‍ കേസിനെത്തുടര്‍ന്ന്
  • ഇനി ഇന്ത്യന്‍ നിയന്ത്രണങ്ങളോടെയുള്ള പ്രവര്‍ത്തനമെന്ന് ക്രിപ്റ്റോ എക്സ്ചേഞ്ച്
  • ജൂണില്‍ ബിനാന്‍സിനെതിരെ 18.82 കോടി രൂപ പിഴ ചുമത്തിയിരുന്നു


ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളിലൊന്നായ ബിനാന്‍സ്, ആറ് മാസത്തിനുശേഷം രജിസ്ട്രേഷനോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം പാലിക്കാത്തതിന് ധനമന്ത്രാലയത്തില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച ബിനാന്‍സിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രജിസ്‌ട്രേഷന്‍ നടപടികള്‍ ബിനാന്‍സ് പൂര്‍ത്തിയാക്കി.

''ഇന്ത്യന്‍ നിയന്ത്രണങ്ങളോടെയുള്ള പ്രവര്‍ത്തനം രാജ്യത്തെ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനങ്ങള്‍ ക്രമീകരിക്കാന്‍ ഞങ്ങളെ അനുവദിക്കുന്നു. ഞങ്ങളുടെ അത്യാധുനിക പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തനം ഈ അഭിവൃദ്ധി പ്രാപിക്കുന്ന വിപണിയിലേക്ക് വ്യാപിപ്പിക്കുന്നത് ഒരു പദവിയാണ്'', കമ്പനിയുടെ ബ്ലോഗില്‍ ബിനാന്‍സ് സിഇഒ റിച്ചാര്‍ഡ് ടെംഗ് പറഞ്ഞു.

ഇന്ത്യയിലെ രജിസ്‌ട്രേഷന്‍ ആവശ്യകതകളുമായി തങ്ങള്‍ സ്വയം യോജിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ബിനാന്‍സ് അതിന്റെ ലോകോത്തര കംപ്ലയന്‍സ് പ്രോഗ്രാമാണ് ഇവിടേക്ക് കൊണ്ടുവരുന്നത്. അത് ശക്തമായ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നയങ്ങളും നിയന്ത്രണങ്ങളും തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതിനെ ചെറുക്കുന്നതിനുള്ള സമഗ്രമായ ചട്ടക്കൂടും ഉള്‍ക്കൊള്ളുന്നു.

ജൂണില്‍ ആഭ്യന്തര കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ച് രാജ്യത്ത് പ്രവര്‍ത്തിച്ചതിന് ബിനാന്‍സിനെതിരെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് 18.82 കോടി രൂപ പിഴ ചുമത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്, ക്രിപ്റ്റോ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ഒമ്പത് ഓഫ്ഷോര്‍ വിഡിഎ സേവന ദാതാക്കള്‍ക്ക് ധനമന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

രാജ്യത്തെ അവരുടെ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തോട് തുടര്‍ന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.