8 Jan 2023 2:30 PM IST
Summary
- ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് പേരു കേട്ട എല്‍ സാല്‍വദോറിനെയാണ് ഓസ്‌ട്രേലിയ ഇപ്പോള്‍ പിന്നിലാക്കിയിരിക്കുന്നത്.
2022 ക്രിപ്‌റ്റോ കറന്‍സിയെ സംബന്ധിച്ച് അത്രയ്ക്ക് ശുഭകരമല്ലാത്ത വര്‍ഷമായിരുന്നുവെങ്കിലും ഈ വര്‍ഷം മോഖലയില്‍ മികച്ച വളര്‍ച്ച ലഭിച്ചേക്കുമെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ബിറ്റ് കോയിന്‍ എടിഎം ഹബായി ഓസ്‌ട്രേലിയ മാറി എന്നതാണ് അതില്‍ മുഖ്യം. ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് പേരു കേട്ട എല്‍ സാല്‍വദോറിനെയാണ് ഓസ്‌ട്രേലിയ ഇപ്പോള്‍ പിന്നിലാക്കിയിരിക്കുന്നത്.
ഈ വര്‍ഷം ജനുവരി ആദ്യവാരം വരെയുള്ള കണക്ക് പ്രകാരം ഓസ്‌ട്രേലിയയില്‍ 219 ബിറ്റ് കോയിന്‍ എടിഎമ്മാണുള്ളത്. ഏഷ്യയില്‍ ആകെ 312 ബിറ്റ്‌കോയിന്‍ എടിഎമ്മുകള്‍ മാത്രമാണുള്ളത്. എന്നാല്‍ ഒരു രാജ്യത്ത് മാത്രമായി ഇത്രയധികം ബിറ്റ്‌കോയിന്‍ എടിഎമ്മുകള്‍ വന്നതിനാല്‍ മേഖലയില്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ വര്‍ധിക്കാനുള്ള സാധ്യത ഏറെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ 38,602 ബിറ്റ്‌കോയിന്‍ എടിഎമ്മുകളാണുള്ളത്. ഇതില്‍ 6071 എണ്ണവും 2022ല്‍ ആരംഭിച്ചവയാണെന്ന് റിപ്പോര്‍ട്ടുകളിലുണ്ട്.
ഇന്ത്യയുടെ ബോധവത്ക്കരണ ക്ലാസ്, ഇന്തോനേഷ്യയുടെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച്
ഓസ്‌ട്രേലിയയുടെ ഈ നേട്ടം വ്യക്തമാക്കുന്നതിനൊപ്പം തന്നെയാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് ക്രിപ്‌റ്റോ ബോധവത്ക്കരണം ഊര്‍ജ്ജിതമാക്കുവാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടും വരുന്നത്. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലെ ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് എജ്യുക്കേഷന്‍ ഫണ്ട് അതോറിറ്റിയാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇന്ത്യോനേഷ്യയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി (എഫ്എസ്എ)യുടെ നേതൃത്വത്തില്‍ ഈ വര്‍ഷം തന്നെ രാജ്യത്ത് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. മാത്രമല്ല ഇന്ത്യ അവതരിപ്പിച്ച ഇ-റുപ്പി പോലെ സ്വന്തം സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്തോനേഷ്യ. ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനം ഒരുക്കാനുള്ള നീക്കത്തിലാണ് ടര്‍ക്കി എന്നും റിപ്പോര്‍ട്ടുകളിലുണ്ട്.