3 Oct 2023 10:30 AM GMT
Summary
- 10 ഒപെക് അംഗരാജ്യങ്ങളില്‍ നിന്നായി പ്രതിദിനം 80,000 ബാരല്‍ എണ്ണ (ബിപിഡി) ഉത്പാദനം വര്‍ധിച്ചിട്ടുണ്ട്.
ഒക്ടോബർ നാലിന് നടക്കാനിരിക്കുന്ന ഓപെക് സമ്മേളനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ക്രൂഡ് വില ബാരലിന് 100 ഡോളര്‍ വരെ എത്തുമെന്ന അനുമാനത്തിലാണ് ഇന്ത്യ. സൌദി ജൂലൈയില്‍ വെട്ടിക്കുറച്ച ഉത്പാദനം കൂടുതല്‍ കാലത്തേക്കു നീട്ടാന്‍ തീരുമാനിക്കുമോയെന്ന ഊഹാപോഹങ്ങളും തുടരുന്നുണ്ട്. ഇതിന്റെ പ്രതിഫലനമെന്നോണം ബ്രെന്റ് ക്രൂഡ് വില കഴിഞ്ഞയാഴ്ച ബാരലിന് 97 ഡോളര്‍ കടന്നിരുന്നു. അമേരിക്കന്‍ ഗവണ്‍മെന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കു പ്രകാരം ക്രൂഡ് ശേഖരത്തിന്റെ അളവില്‍ 2.2 ദശലക്ഷം ബാരലിന്റെ കുറവു വന്ന വാർത്തയും വില ഉയരാന്‍ കാരണമായി.
ഉയര്‍ന്ന ക്രൂഡ് വിലയെ തുടര്‍ന്ന് എല്ലാ ഉത്പാദക രാജ്യങ്ങളുമായും ഇന്ത്യ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതായി പെട്രോളിയം വകുപ്പ് സെക്രട്ടറി പങ്കജ് ജെയ്ന്‍ പറഞ്ഞു. വിതരണം വെട്ടിക്കുറച്ചതോടെ വില വര്‍ധനവുണ്ടാകുമെന്നതാണ് നിലവിലെ ആശങ്ക. ഇത് ഇന്ത്യ പോലെ ക്രൂഡ് ഇറക്കുമതിയുള്ള രാജ്യങ്ങള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും. ഇറക്കുമതിയിലൂടെയാണ് ഇന്ത്യ പെട്രോളിയം ആവശ്യകതയുടെ 85 ശതമാനവും നിറവേറ്റുന്നത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് കൂടുതല്‍ ഉയര്‍ത്തും.
ബാരലിന് 68.17 ഡോളര്‍ എന്ന നിരക്കില്‍ റഷ്യ ഇന്ത്യയ്ക്ക് ക്രൂഡ് നല്‍കിയതിനാല്‍ റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ നിന്ന് ഇന്ത്യക്ക് നേട്ടമുണ്ടായി. എന്നിരുന്നാലും, ഇളവുകളുമായി മുന്നോട്ട് പോകാന്‍ റഷ്യ വിസമ്മതിക്കുകയായിരുന്നു.
മികച്ച കയറ്റുമതിക്കാരായ സൗദി അറേബ്യ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ ഉത്പാദനം 9 ദശലക്ഷം ബിപിഡിക്ക് അടുത്ത് നിലനിര്‍ത്തിയിട്ടുണ്ട്. വിപണിക്ക് അധിക പിന്തുണ നല്‍കുന്നതിനായി രാജ്യം ഒരു ദശലക്ഷം ബിപിഡി ഉത്പാദനം വെട്ടിക്കുറച്ചു. സൌദി ഉത്പാദനത്തില്‍ ഒരു ദശലക്ഷം ബാരല്‍ വെട്ടിക്കുറച്ചുവെങ്കിലും ഒപെക് ഉത്പാദനം കഴിഞ്ഞ രണ്ടു മാസമായി വർധിച്ചുവരികയാണ്.നൈജീരിയയും ഇറാനും ഉത്പാദനം വര്‍ധിപ്പിച്ചതാണ് കാരണം.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 30 ശതമാനമാണ് ക്രൂഡ് വില വര്‍ധിച്ചത്. ഈ വര്‍ഷം അവസനാത്തോടെ ക്രൂഡ് ഉത്പാദനത്തില്‍ പ്രതിദിനം 1.3 ദശലക്ഷം ബാരലിന്റെ കുറവ് വരുത്താനാണ് സൗദി അറേബ്യയുടേയും റഷ്യയുടേയും തീരുമാനം. ഇതിന് പുറകെയാണ് ക്രൂഡ് വില വര്‍ധിച്ചു തുടങ്ങിയത്. കഴിഞ്ഞ ഒമ്പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് കോണ്‍ട്രാക്ടില്‍ 27 ശതമാനവും, യുഎസ് ഡബ്ല്യുടിഐ ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് കോണ്‍ട്രാക്ടുകളില്‍ 29 ശതമാനം വീതവുമാണ് വര്‍ധന രേഖപ്പെടുത്തിയത്. ക്രൂഡ് മോഷണവും എണ്ണ ഉത്പാദന മേഖലയില്‍ അരക്ഷിതാവസ്ഥയുമാണ് നിലവില്‍ നൈജീരിയ നേരിടുന്ന പ്രധാന പ്രതിസന്ധി. എങ്കിലും നെജീരിയയില്‍ സെപ്റ്റംബറില്‍ കയറ്റുമതിയില്‍ കാര്യമായ മുന്നേറ്റം കാണാനായി.
എന്നാല്‍ യുഎസ് ഉപരോധങ്ങളെ വകവയ്ക്കാതെ വിതരണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇറാന്‍. 2018 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഉത്പാദനമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം 3.15 ദശലക്ഷം ബാരലാണ് ഇറാന്‍ ഉത്പാദിപ്പിക്കുന്നത്.
നെെജീരിയയ്ക്കും അംഗോളയ്ക്കും കാര്യമായ അളവില്‍ എണ്ണ വിതരണം സാധ്യമല്ലാത്തതിനാല്‍ ഒപെകിന്റെ ഉത്പാദനം ഇപ്പോഴും പ്രതീക്ഷിച്ചതിനേക്കാള്‍ 7 ലക്ഷം ബിപിഡി കുറവാണ്.
ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായ ചൈനയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം പ്രവചിച്ച 5.1 ശതമാനമായി ലോക ബാങ്ക് നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ 2024 ലെ ജിഡിപി വളര്‍ച്ചാ പ്രവചനം ഏപ്രിലില്‍ പ്രതീക്ഷിക്കുന്ന 4.8 ശതമാനത്തില്‍ നിന്നും 4.4 ശതാനമായി കുറച്ചു. ആഭ്യന്തര ഡിമാന്‍ഡിലെ ഇടിവും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിരന്തരമായ ബുദ്ധിമുട്ടുകളുമാണ് ഏപ്രില്‍ മുതലുള്ള വളര്‍ച്ചയെ മന്ദഗതിയിലാക്കിയത്. ഇത് ലോഹ, ഇന്ധനവിലകളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
കോവിഡിലെ വ്യവസായിക മാന്ദ്യത്തിന് ശേഷം ചൈനയുടെ എണ്ണ ഉപഭോഗം വര്‍ധിച്ചിരുന്നു. ഒപ്പം യുഎസിന്റേയും. ഇരുരാജ്യങ്ങളുടേയും ക്രൂഡ് ഉപഭോഗവും ഉത്പാദനം ഇപ്പോഴുള്ള നിലയില്‍ നിലനിര്‍ത്താനുമുള്ള ഒപെകിന്റെ തീരുമാനവും ക്രൂഡ് വിലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.