2 Nov 2023 8:30 AM GMT
Summary
- വെനസ്വേലക്ക് എതിരായ ഉപരോധം അമേരിക്ക ലഘൂകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നീക്കം.
- പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടയിലും പോയ സാമ്പത്തിക വര്‍ഷം റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി.
വെനസ്വേലയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ സംസ്‌കകരിക്കാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ സജ്ജമാണെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ പുരി പറഞ്ഞു. താങ്ങാവുന്ന നിരക്കിലുള്ള ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് എണ്ണ ശേഖരിക്കുന്നത് ഇന്ത്യ തുടരുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്ക വെനസ്വേലക്ക് എതിരായ ഉപരോധം ലഘൂകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നീക്കം.
2024 ല്‍ വെനസ്വേല പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുകയാണ്. അതിനാല്‍ വെനസ്വേലന്‍ എണ്ണ വിപണിയില്‍ എത്തുന്നത് വിപണിയിലും മറ്റ് എണ്ണ ഉത്പാദന രാജ്യങ്ങളിലും സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍. വെനസ്വേലയില്‍ നിന്നുള്ള എണ്ണക്ക് ഉപരോധം യുഎസ് ലഘൂകരിച്ചതിന് ശേഷം ഇന്ത്യന്‍ റിഫൈനര്‍മാര്‍ വെനസ്വേലയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ സാധ്യതയുണ്ടെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ കമ്മോഡിറ്റി ഇന്‍സൈറ്റ്‌സ് കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2017 നും 2019 നും ഇടയില്‍ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയില്‍ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ വെനസ്വേലന്‍ ക്രൂഡിന്‍റെ പങ്ക്. . ഊര്‍ജ്ജ സുരക്ഷ കൈവരിക്കുന്നതിനായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രൂഡ് സ്രോതസ്സ് വൈവിധ്യവത്കരിച്ചിട്ടുണ്ട്. 2022 ഫെബ്രുവരിക്ക് ശേഷം, യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടയിലും വിലക്കുറവില്‍ റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വാങ്ങലുകാരായി.
2021 -22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഇറക്കുമതിയുടെ രണ്ട് ശതമാനം മാത്രമായിരുന്നു റഷ്യന്‍ എണ്ണ. ഇത് 2022 -23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയാ 235.52 ദശലക്ഷം ടണ്ണിന്റെ നാലിലൊന്നായി ഉയര്‍ന്നു. നിലവില്‍ 39 രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്.
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം സൃഷ്ടിച്ച സാമ്പത്തിക അസ്വസ്ഥതയും തൊട്ട് പുറകേ എത്തിയ ഇസ്രയേല്‍-ഹസമാസ് യുദ്ധവും ആഗോള എണ്ണവിലയില്‍ കാര്യമായ ചാഞ്ചാട്ടം സൃഷ്ടിച്ചിരുന്നു. ഇതിനൊപ്പം എണ്ണ ഉത്പാദന രാജ്യങ്ങള്‍ ഉത്പാദനം വെട്ടിക്കുറക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
'സാമ്പത്തിക മാന്ദ്യ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ഉയര്‍ന്ന നിരക്കില്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ താല്‍പ്പര്യപ്പെടുന്നില്ല. എന്നാല്‍ ഉത്പാദന രാജ്യങ്ങളെ നഷ്ടത്തിലാക്കാനും രാജ്യം താല്‍പ്പര്യപ്പെടുന്നില്ല. ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ഊര്‍ജ്ജ വിതരണ മാര്‍ഗങ്ങളുമായി വളരെ നേരിട്ടും അടുത്തും ബന്ധപ്പെട്ടിരിക്കുന്ന സംഘര്‍ഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയുടെ ആരോഗ്യകരമായ വീണ്ടെടുക്കലിന് എണ്ണ ഉത്പാദനവും ഇറക്കുമതിയും പര്‌സപരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഉത്പാദനം വെട്ടിക്കുറക്കുന്നതില്‍ ജാഗ്രത വേണം,' മന്ത്രി പറഞ്ഞു.
എണ്ണ വില ഉയര്‍ത്താന്‍ വേണ്ടി റഷ്യയും സൗദി അറേബ്യയും ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ശ്രമിച്ചിരുന്നു. ആഗോള ബ്രെന്റ് ക്രൂഡ് 0.91 ശതമാനം വര്‍ധിച്ച് 85.40 ഡോളര്‍ എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.