6 May 2024 11:58 AM GMT
Summary
- വിപണി പിടിക്കാന്‍ സൗദി
- ജൂണിലെ ക്രൂഡ് വിലയില്‍ വര്‍ധന വരുത്തി സൗദി അരാംകോ
- ജിയോ പൊളിറ്റിക്കല്‍ പ്രശ്‌നങ്ങള്‍ വിലയെ നിയന്ത്രിക്കുന്നു
ജൂണിലെ ക്രൂഡിന്റെ ഔദ്യോഗിക വില്‍പ്പന വില (ഒഎസ്പി) ഉയര്‍ത്തി സൗദി അറേബ്യ. ബാരലിന് 90 സെന്റ് വര്‍ധിപ്പിച്ച് 2.90 ഡോളറായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഏഷ്യ, വടക്ക് പടിഞ്ഞാറന്‍ യൂറോപ്പ്, മെഡിറ്ററേനിയന്‍ പ്രവിശ്യകളിലേക്ക് സൗദി വിതരണം ചെയ്യുന്ന എണ്ണവിലയാണ് നിശ്ചയിച്ചത്. ഈ മേഖലകളില്‍ നിന്ന് ശക്തമായ ഡിമാന്റാണ് രാജ്യം പ്രതീക്ഷിക്കുന്നുണ്ട്.
മിഡില്‍ ഈസ്റ്റിലെ യുദ്ധ സാധ്യതകള്‍ മങ്ങിതുടങ്ങിയതാണ് വില വര്‍ധനവിലേക്ക് രാജ്യത്തെ നയിച്ചിരിക്കുന്നത്. അമേരിക്ക, റഷ്യ അടക്കമുള്ള ഒപെക് ഇതര രാജ്യങ്ങള്‍ ക്രൂഡ് വിതരണത്തില്‍ കൂടുതല്‍ മുന്നേറി തുടങ്ങിയിരുന്നു. അതിനാല്‍ വിപണിയെ മുറുകെ പിടിക്കാനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഏപ്രില്‍ മാസത്തില്‍ 26.81 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഒപെക്ക് വിതരണം ചെയ്തത് . മാര്‍ച്ചിനേക്കാള്‍ 50,000 ബാരലിന്റെ കുറവുണ്ടായിട്ടുണ്ട്.
ജിയോ പൊളിറ്റിക്കല്‍ പിരിമുറുക്കങ്ങള്‍ അയവ് വരുന്ന സാഹചര്യം വിലയിരുത്തിയാണ് സൗദി വില ഉയര്‍ത്താനുള്ള നീക്കത്തിലേക്ക് കടന്നിരിക്കുന്നത്. ക്രൂഡ് ഫ്യൂച്ചറുകളെല്ലാം പോയ വാരത്തില്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു. നിക്ഷേപകര്‍ ദുര്‍ബലമായ യുഎസ് തൊഴില്‍ ഡാറ്റയും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതയും കണക്കാക്കിയതാണ് ഇടിവിലേക്ക് നയിച്ചത്. അതേസമയം ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കിയിരിക്കുന്നത്.