23 Oct 2023 4:00 AM GMT
Summary
- ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്കയില്‍ ഒക്ടോബര്‍ 20-ന് ബ്രെന്റ് വില 94 ഡോളറിനടുത്തുവരെ എത്തിയിരുന്നു.
- ഒപ്പെക്ക് അംഗമായ വെനസ്വേലയ്‌ക്കെതിരേയുള്ള ഉപരോധത്തില്‍ യുഎസ് അയവു വരുത്തിയതും വിലക്കുതിപ്പിന് തടയിട്ടു.
ഗാസായിലേക്ക് ഈജിപ്റ്റിലെ റാഫാ ക്രോസിംഗ് വഴി മരുന്നുകളും മറ്റ് അവശ്യസാധനങ്ങളുമായി ട്രക്കുകള്‍ നീങ്ങിത്തുടങ്ങിയത് ആഗോള എണ്ണവിലയില്‍ ഒക്ടോബര്‍ 23-ലെ വ്യാപാരത്തുടക്കത്തില്‍തന്നെ നേരിയ കുറവുണ്ടാക്കി.
ബ്രെന്റ് ക്രൂഡ് ഡിസംബര്‍ ഫ്യൂച്ചേഴ്സ് 82 സെന്റ് കുറഞ്ഞ് ബാരലിന് 91.34 ഡോളറിലെത്തി. ഡബ്ള്യു ടിഐ ക്രൂഡ് ഫ്യൂച്ചേഴ്സ് 89 സെന്റ് കുറഞ്ഞ 87.21 ഡോളറായി. കഴിഞ്ഞ വാരത്തില്‍ വില ഒരു ശതമാനത്തിലധികം വര്‍ധിച്ചിരുന്നു. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്കയില്‍ ഒക്ടോബര്‍ 20-ന് ബ്രെന്റ് വില 94 ഡോളറിനടുത്തുവരെ എത്തിയിരുന്നു.
ഈജിപ്റ്റില്‍ കാത്തുകിടന്നിരുന്ന, അത്യാവശ്യസാധനങ്ങളും മരുന്നുകളും അടങ്ങുന്ന ട്രക്കുകള്‍ ഗാസായിലേക്കു കടത്തിവിടാന്‍ യുഎസ് സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇസ്രയേല്‍ സമ്മതിക്കുകയായിരുന്നു. ഇത് ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം വ്യാപിക്കുന്നതു തടയുമെന്ന പ്രതീക്ഷയാണ് എണ്ണവിലയില്‍ നേരിയ ആശ്വാസത്തിനു വഴി തെളിച്ചത്.
ഒപ്പെക്ക് അംഗമായ വെനസ്വേലയ്‌ക്കെതിരേയുള്ള ഉപരോധത്തില്‍ യുഎസ് അയവു വരുത്തിയതും വിലക്കുതിപ്പിന് തടയിട്ടു. ഉപരോധത്തിലെ അളവ് കൂടുതല്‍ എണ്ണ വിപണിയില്‍ എത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു.
അറിബ് രാജ്യങ്ങളിലെ നേതാക്കന്മാരും വിദേശകാര്യ മന്ത്രിമാരും പലസ്റ്റീനു പിന്തുണയുമായി യോഗം ചേര്‍ന്നുവെങ്കിലും സംയുക്ത പ്രസ്താവന പുറത്തിറക്കാന്‍ സാധിക്കാത്തതും എണ്ണയ്ക്കു തിരിച്ചടിയായി. ഈ താഴ്ച താല്‍ക്കാലികമാണെന്നാണ് പൊതുവേ വിലയിരുത്തുന്നത്.