14 Aug 2023 12:11 PM GMT
ആഫ്രിക്ക, യുഎഇ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യന്‍ ക്രൂഡ് ഇറക്കുമതിയില്‍ കുതിപ്പ്
MyFin Desk
Summary
- ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 32 ശതമാനം ഉയർന്നു
- സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി 33 ശതമാനം കുറഞ്ഞു.
- ആവശ്യമെങ്കിൽ ഉൽപ്പാദനം വെട്ടിക്കുറച്ച നടപടി കൂടുതല്‍ കാലയളവിലേക്കു നീട്ടും; സൗദി
റഷ്യയും സൗദി അറേബ്യയും ക്രൂഡ് ഓയിൽ ഉൽപ്പാദനം കുറച്ചതിനെത്തുടർന്ന് ഇന്ത്യ ഇറാഖ്, ആഫ്രിക്ക, യുഎസ്, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കൂട്ടി.
ജൂലൈയില്‍ ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കഴിഞ്ഞ മാസത്തെ അപേക്ഷിച്ചു 32 ശതമാനം ഉയർന്ന് പ്രതിദിനം 298,000 ബാരലായി. ഇറാക്കില്‍ നിന്നുള്ള ഇന്ത്യന്‍ റിഫൈനർമാരുടെ ഇറക്കുമതി 7 .5 ശതമാനം ഉയർന്ന് 891,000 ബാരലായി. യുഎസില്‍ നിന്നുള്ള ഇറക്കുമതി ആറ് ശതമാനവും യുഎയില്‍ നിന്നുള്ള ഇറക്കുമതി 76 ശതമാനവും വർധിച്ച് യഥാക്രമം 219,000 ബാരലും 290,000 ബാരലുമായി ഉയർന്നു.
സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി പ്രതിമാസ അടിസ്ഥാനത്തിൽ 33 ശതമാനം കുറഞ്ഞ് പ്രതിദിന ഇറക്കുമതി 484,000 ബാരലായി. ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായ റഷ്യ വില വർദ്ധിപ്പിക്കുന്നതിനും ആഭ്യന്തര ഡീസൽ ആവശ്യം നിറവേറ്റുന്നതിനുമായി കയറ്റുമതി പരിമിതപ്പെടുത്തിയതോടെ അവിടെനിന്നുള്ള ഇന്ത്യന്‍ ഇറക്കുമതിയും കുറയുകയാണ്. ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കു തുല്യമായ ഓയിലാണ് ഇന്ത്യ റഷ്യയില്‍നിന്നു ഇറക്കുമതി ചെയ്തിരുന്നത്. പ്രതിദിനം ഏതാണ്ട് 1.67 ദശലക്ഷം ബാരൽ.
ഇന്ത്യൻ റിഫൈനർമാർ, പ്രത്യേകിച്ച് സർക്കാർ എണ്ണക്കമ്പനികള്‍ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വിതരണ തടസ്സം ഭയന്ന് എണ്ണ കൂടുതലായി സംഭരിച്ചു, റിഫൈനറികൾ കഴിഞ്ഞ മാസം ശരാശരി പ്രതിദിനം 1.60 ദശലക്ഷം ബാരൽ ഇറക്കുമതി ചെയ്തു. ജൂണിനെ അപേക്ഷിച്ച് 18 ശതമാനം കൂടുതലും മെയ് മാസത്തേക്കാള്‍ 14 ശതമാനത്തിനും അധികമാണിത്.
റഷ്യയും സൗദി അറേബ്യയും അവരുടെ ക്രൂഡ് കയറ്റുമതി വെട്ടിക്കുറച്ചതിനാൽ ഇന്ത്യൻ റിഫൈനർമാർ ബദൽ ക്രൂഡ് സപ്ലൈയ്ക്കായി കൂടുതൽ ഉറവിടം തേടുകയാണ്.
സൗദി അറേബ്യയും റഷ്യയും ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ സ്വമേധയാ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് തുടർന്നേക്കാം. സൗദി അറേബ്യ പ്രതിദിനം ഒരു ദശലക്ഷം ബാരൽ ഉൽപ്പാദനം സെപ്തംബർ അവസാനം വരെ കുറച്ചേക്കും, റഷ്യ പ്രതിദിനം 300,000 ബാരൽ വെട്ടിക്കുറച്ചു. ആവശ്യമെങ്കിൽ ഉൽപ്പാദനം വെട്ടിക്കുറച്ച നടപടി കൂടുതല്‍ കാലയളവിലേക്കു നീട്ടുമെന്നും സൗദി അറേബ്യ സൂചിപ്പിച്ചു.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് അസംസ്‌കൃത എണ്ണ കയറ്റുമതിക്കാർ ഉൽപ്പാദനം വെട്ടിക്കുറച്ചതോടെ ഞായറാഴ്ച ഉച്ചയ്ക്ക് ബ്രെന്റ് ബാരലിന് 86.81 ഡോളറിലും ഡബ്ല്യുടിഐ 83.19 ഡോളറിലും ഉയർന്നു. സൗദി അറേബ്യയുടെയും റഷ്യയുടെയും ഉൽപാദന വെട്ടിക്കുറവിന്റെ തീവ്രതയേയും ചൈനീസ്, യൂറോപ്യൻ യൂണിയന്‍ സമ്പദ്ഘടനകളുടെ പ്രവർത്തനങ്ങളേയും ആശ്രയിച്ചായിരിക്കും ക്രൂഡ് വില നീക്കമെന്ന് വ്യാപാര വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.