1 Jan 2025 1:13 PM GMT
ആഭ്യന്തര വിദേശ വ്യാപാരികളിൽ നിന്നും ഏലത്തിന് വർദ്ധിച്ച ഡിമാൻറ്റ് അനുഭവപ്പെട്ടതോടെ പുതു വർഷത്തിലെ ആദ്യ ലേലത്തിൽ മികച്ചയിനം ഏലക്ക വില കിലോ 4000 രൂപയായി കുതിച്ച് കയറിയപ്പോൾ ശരാശരി ഇനങ്ങൾ 3000 രൂപയിലും ലേലം കൊണ്ടു. ജനുവരിയിലെ ആദ്യ ലേലത്തിന് എത്തിയ 37,116 കിലോ എലക്കയിൽ 36,975 കിലോയും ഇടപാടുകാർ ഉത്സാഹിച്ച് വാങ്ങികൂട്ടി.
സംസ്ഥാനത്ത് നാളികേരോൽപ്പന്നങ്ങളുടെ വില വർഷത്തിൻറ ആദ്യ ദിനത്തിൽ തന്നെ ഉയർന്നു. കൊപ്രയാട്ട് മില്ലുകാർ വില ഉയർത്തി ചരക്ക് സംഭരിക്കാൻ നീക്കം നടത്തിയത് വെളിച്ചെണ്ണ വിലയും ഉയരാൻ അവസരം ഒരുക്കി. കൊച്ചിയിൽ എണ്ണയ്‌ക്കും കൊപ്രയ്‌ക്കും ഇന്ന് 100 രൂപ വീതം ഉയർന്നു, തമിഴ്‌നാട്ടിലെ കാങ്കയം വിപണി ഇന്ന് പ്രവർത്തിച്ചില്ല. തേയില കർഷകർ പുതു വർഷത്തെ പ്രതീക്ഷകളോടെ ഉറ്റ് നോക്കുന്നു. ദക്ഷിണേന്ത്യയിലെ ലേല കേന്ദ്രങ്ങളിൽ ശക്തമായ മുന്നേറ്റമാണ് ഒരു വർഷകാലയളവിൽ ലീഫ്, ഡസ്‌റ്റ് ഇനങ്ങൾ കാഴ്‌ച്ചവെച്ചത്. പ്രതികൂല കാലാവസ്ഥയിൽ തേയില ഉൽപാദനം കുറഞ്ഞങ്കിലും കയറ്റുമതി മേഖലയിൽ തിളങ്ങാൻ തേയിലയ്‌ക്കായി.
കുരുമുളക് വിപണി അവധി ദിനത്തിൻറ ആലസ്യത്തിൽ നീങ്ങുന്നതിനിനിടയിലെ ആഭ്യന്തര ഡിമാൻറ് ഉൽപ്പന്ന വില തുടർച്ചയായ രണ്ടാം ദിവസവും ഉയർത്തി. അൺ ഗാർബിൾഡ് മുളക് വില 100 രൂപ ഉയർന്ന് 63,400 ലേയ്‌ക്ക് കയറി. രാജ്യാന്തര റബർ മാർക്കറ്റുകൾ ന്യൂ ഇയർ ആഘോഷങ്ങളിൽ അമർന്ന് നിൽക്കുകയാണ്. ആഭ്യന്തര വിപണിയിൽ റബറിന് ക്ഷാമം നേരിട്ടത് കണ്ട് ടയർ കന്പനികൾ നാലാം ഗ്രേഡ് ഷീറ്റ് വില 100 രൂപ ഉയർത്തി 19,300 രൂപയ്‌ക്ക് കച്ചവടങ്ങൾ ഉറപ്പിച്ചു.