image

5 Jan 2024 12:02 PM GMT

Commodity

കാപ്പിക്കുരു വിളവെടുപ്പ് പുരോഗമിക്കുന്നു; ചുക്കിന് ആവശ്യക്കാരേറെ

MyFin Desk

commodities market rate 05 01 24
X

Summary

  • ഇന്ത്യന്‍ കാപ്പിക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡിമാന്‍ഡ്
  • ലഭ്യത കുറവായത് ചുക്കിനെ ആകര്‍ഷകമാക്കുന്നു


കാപ്പി കയറ്റുമതിയില്‍ രാജ്യം പുതിയ തലങ്ങളിലേയ്ക്ക് സഞ്ചരിച്ചു, പിന്നിട്ട വര്‍ഷം അമേരിക്കയും യുറോപ്യന്‍ രാജ്യങ്ങള്‍ക്കും ഒപ്പം പശ്ചിമേഷ്യയും ഇന്ത്യന്‍ കാപ്പിയില്‍ താല്‍പര്യം കാണിച്ചു. കഴിഞ്ഞ വര്‍ഷം കാപ്പി കയറ്റുമതി വരുമാനം പത്ത് ശതമാനം ഉയര്‍ന്ന് 9578 കോടി രൂപയായി. കാലാവസ്ഥ മാറ്റം മൂലം വിവിധ ഉല്‍പാദന രാജ്യങ്ങളില്‍ കാപ്പി കൃഷിക്ക് നേരിട്ട തിരിച്ചടി ഇന്ത്യന്‍ ഉല്‍പ്പന്നത്തിന് ഡിമാന്റ് ഉയര്‍ത്തി. ലണ്ടന്‍ എക്‌സ്‌ചേഞ്ചില്‍ കാപ്പി ടണ്ണിന് 2860 ഡോളറിലാണ് നീങ്ങുന്നത്. സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ കാപ്പി വിളവെടുപ്പ് പുരോഗമിക്കുന്നു. വയനാട്ടില്‍ ഉണ്ടകാപ്പി 7600 രൂപയിലും കാപ്പി പരിപ്പ് 25,000 രൂപയിലുമാണ്.

ചുക്കിന് രാജ്യത്തിന്റെഏതാണ്ട് എല്ലാ ഭാഗങ്ങളില്‍ നിന്നും ആവശ്യക്കാരുണ്ട്. ടെര്‍മിനല്‍ വിപണിയില്‍ ലഭ്യത കുറവായതിനാല്‍ അന്തര്‍സംസ്ഥാന വാങ്ങലുകാരുടെ വരവ് നിരക്ക് മെച്ചപ്പെടുത്തുമെന്ന സൂചനയാണ് വ്യാപാരികള്‍ക്കുള്ളത്. വിവിധയിനം ചുക്ക് കിലോ 340 - 360 രൂപയില്‍ വ്യാപാരം നടന്നു. ഉയര്‍ന്ന വിലയ്ക്ക് വാങ്ങലുകാരെത്തിയ വിവരം പുറത്ത് വരുന്നതോടെ കാര്‍ഷിക മേഖല സ്റ്റോക്ക് വില്‍പ്പനയ്ക്ക് ഇറക്കാന്‍ ഇടയുണ്ട്. വിദേശ ആവശ്യകാരുള്ളതിനാല്‍ കയറ്റുമതിക്കാര്‍ ചുക്കില്‍ പിടിമുറുക്കാം.

ആഗോള റബര്‍ ഉല്‍പാദനം വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ചുരുങ്ങുമെന്ന സൂചനകള്‍ മുഖ്യ ഉല്‍പാദന രാജ്യങ്ങളിലെ സ്റ്റോക്കിസ്റ്റുകളില്‍ പ്രതീക്ഷപകരുന്നു. കാലാവസ്ഥ മാറ്റം മൂലം തായ്‌ലണ്ടിലും മലേഷ്യയിലും ടാപ്പിങ് പ്രതീക്ഷയ്ക്ക് ഒത്ത് മുന്നേറുന്നില്ലെന്നാണ് അവിടെ നിന്നുള്ള വിവരം, കനത്ത മഴ തായ്‌ലണ്ടില്‍ റബര്‍ വെട്ട് തടസപ്പെടുത്തി. കേരളത്തിലും ഉല്‍പാദനം ചുരുങ്ങുന്നത് വരും മാസങ്ങളില്‍ റബര്‍ വില ഉയരാന്‍ അവസരം ഒരുക്കാമെങ്കിലും ടയര്‍ കമ്പനികള്‍ നാലാം ഗ്രേഡ് കിലോ 155 രൂപയില്‍ സ്റ്റെഡിയായി നിലനിര്‍ത്തി.

വണ്ടന്‍മേടും, കുമളിയിലുമായി നടന്ന രണ്ട് ലേലങ്ങളില്‍ മൊത്തം 1.68 ലക്ഷം കിലോ ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങി, ഇതില്‍ ഒന്നര ലക്ഷം കിലോ ചരക്കും വിറ്റഴിഞ്ഞു. ഉത്തരേന്ത്യന്‍ ആവശ്യക്കാര്‍ക്ക് ഒപ്പം കയറ്റുമതി മേഖലയില്‍ നിന്നുള്ളവരും ലേലത്തില്‍ താല്‍പര്യം കാണിച്ചു. ശരാശരി ഇനങ്ങള്‍ 1646,1722 രൂപയില്‍ കൈമാറ്റം നടന്നു.