25 Sep 2023 12:29 PM GMT
Summary
- ശ്രീലങ്ക, വിയറ്റ്‌നാം എന്നിവിടങ്ങളില്‍നിന്നാണ് കുരുമുളക് എത്തിയത്
- ഏലത്തിന് പ്രതീക്ഷിച്ച വിലക്കയറ്റം ഉണ്ടായില്ല
കുരുമുളകിന് കഴിഞ്ഞവാരം നേരിട്ട വില ഇടിവ് സ്റ്റോക്കിസ്റ്റുകളെ ഞെട്ടിച്ചു. ഇറക്കുമതി മുളക് വരവാണ് വിപണിയെ പിടിച്ച് ഉലച്ചത്. ശ്രീലങ്ക, വിയറ്റ്‌നാം കുരുമുളക് രാജ്യത്തിന്റ വിവിധ വിപണികളിലെത്തിയത് വാങ്ങല്‍ താല്‍പ്പര്യം കുറച്ചു. വിയറ്റ്‌നാം മുളക് കൊച്ചിയിലും വില്‍പ്പനയ്ക്ക് ഇറങ്ങി. മാസാരംഭത്തില്‍ കിലോ 634 രൂപ വരെ ഉയര്‍ന്ന ഗാര്‍ബിള്‍ഡ് മുളക് വില 625 രൂപയായി, ഇറക്കുമതി ചരക്ക് 600 രൂപയ്ക്ക് വ്യവസായികള്‍ വില്‍പ്പനയ്ക്ക് ഇറക്കിയതാണ് ഇന്ത്യന്‍ മാര്‍ക്കറ്റിനെ തളര്‍ത്തിയത്. ഇത് മൂലം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും അന്വേഷണങ്ങള്‍ അല്‍പ്പം കുറഞ്ഞു. വില ഇടിവ് കണ്ട് ഹൈറേഞ്ചിലെയും മറ്റ് മേഖലകളിലെയും കര്‍ഷകര്‍ വില്‍പ്പനയില്‍ നിന്നും പിന്‍തിരിഞ്ഞു. വിദേശ ചരക്ക് ഇറക്കിയുള്ള കൃത്രിമ വില ഇടിവ് നീണ്ടു നില്‍ക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
രാവിലെ കുമളിയില്‍ നടന്ന ഏലക്ക ലേലത്തില്‍ ചരക്ക് സംഭരിക്കാന്‍ കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും രംഗത്ത് അണിനിരന്നത് വന്‍ വിലക്കയറ്റത്തിന് അവസരം ഒരുക്കുമെന്ന് കാര്‍ഷിക മേഖല കണക്ക് കൂട്ടി. മൊത്തം വരവ് 32,932 കിലോയില്‍ ഒതുങ്ങിയതാണ് കര്‍ഷകരില്‍ ഇത്തരം ഒരു പ്രതീക്ഷ വളര്‍ത്തിയത്. ശക്തമായ വാങ്ങല്‍ താല്‍പ്പര്യത്തില്‍ ലേലത്തില്‍ 32,451 കിലോ ഏലക്കയും വിറ്റഴിഞ്ഞങ്കിലും ഉല്‍പ്പന്ന വിലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം അനുഭവപ്പെട്ടില്ല. ശരാശരി ഇനങ്ങള്‍ കിലോ 1830 രൂപയിലും മികച്ചയിനങ്ങള്‍ കിലോഗ്രാമിന് 2341 രൂപയിലും ഒതുങ്ങി.
നാളികേരോല്‍പ്പന്നങ്ങള്‍ സമ്മര്‍ദ്ദത്തിലായി. വിദേശ പാം ഓയില്‍ ഉയര്‍ന്ന അളവില്‍ ഇറക്കുമതി നടക്കുമെന്ന് മനസിലാക്കി കൊപ്രയാട്ടുന്ന മില്ലുകാര്‍ ഒരാഴ്ച്ചയായി ചരക്ക് സംഭരണം കുറച്ചു. വെളിച്ചെണ്ണ കൊപ്ര വിലകള്‍ കുറഞ്ഞത് ഗ്രാമീണ മേഖലയെ ചരക്ക് വിറ്റുമാറാന്‍ പ്രേരിപ്പിച്ചു. മറ്റു ഭക്ഷ്യ എണ്ണ വിലകളിലും കുറവ് അനുഭവപ്പെടുന്നത് കൊപ്രയാട്ട് വ്യവസായികളില്‍ ആശങ്കപരത്തി. കൊച്ചിയില്‍ വെളിച്ചെണ്ണ മില്ലിങ് ലിറ്ററിന് 127 രൂപയിലാണ്, കൊപ്ര കിലോ 79 രൂപയായി താഴ്ന്നു, തമിഴ്‌നാട്ടില്‍ കൊപ്ര 75 രൂപയില്‍ കൈമാറി.
റബര്‍ വിലയില്‍ കാര്യമായ മാറ്റമില്ലാതെ ഇടപാടുകള്‍ നടന്നു, ടയര്‍ കമ്പനികള്‍ നാലാം ഗ്രേഡ് കിലോ 145 രൂപ 50 പൈസ പ്രകാരം ശേഖരിച്ചു, അഞ്ചാം ഗ്രേഡ് 142 രൂപ.
സംസ്ഥാനത്ത് സ്വര്‍ണ വില സ്റ്റെഡിയായി തുടരുന്നു. ആഭരണ കേന്ദ്രങ്ങളില്‍ പവന്‍ 43,960 രൂപയില്‍ വിപണനം നടന്നു. ഒരു ഗ്രാമിന് വില 5495 രൂപ. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1920 ഡോളര്‍. അതേ സമയം വിനിമയ വിപണിയില്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം ഇന്ന് 83.14 ലേയ്ക്ക് ദുര്‍ബലമായി.