19 Dec 2023 12:50 PM GMT
Summary
- നാളികേരത്തിന്റെ ഡിമാന്റ് മകര വിളക്കിന് ശേഷം ഇടിയും എന്ന് ആശങ്ക
- കാലാവസ്ഥ തേയില തോട്ടങ്ങളെ പ്രതികൂലമായി ബാധിച്ചു
- ഏലം ലേലത്തില്‍ ആവേശം
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലെയും ചെറുകിട കര്‍ഷകര്‍ നാളികേര വിളവെടുപ്പിലേയ്ക്ക് ശ്രദ്ധ തിരിച്ചിക്കുന്നു. ജനുവരി വരെ കാത്ത് നിന്നാല്‍ പച്ചതേങ്ങ വിലയില്‍ കുറവ് സംഭവിക്കുമോയെന്ന ഭീതിയാണ് ഉല്‍പാദകരെ തോട്ടങ്ങളിലേയ്ക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നത്. മണ്ഡല കാലമായതിനാല്‍ പ്രദേശിക തലത്തില്‍ തേങ്ങയ്ക്കുള്ള ഡിമാന്റ്് മകര വിളക്കിന് ശേഷം മങ്ങും, അതേ സമയം മുന്നിലുള്ള മൂന്നാഴ്ച്ച നാളികേരത്തിന് ആവശ്യം ഉയരും. ഇതിനിടയില്‍ വിളവെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനാവുമെന്ന കണക്ക് കൂട്ടലിലാണ് പലരും.
ക്രിസ്തുമസിന് ഒരാഴ്ച്ചമാത്രം ശേഷിക്കുമ്പോള്‍ പ്രദേശിക വിപണികളില്‍ നിന്നും വെളിച്ചെണ്ണയ്ക്ക് പുതിയ ഓര്‍ഡറുകള്‍ എത്തുന്നില്ലെന്നാണ് മില്ലുകാരുടെ പക്ഷം. മൊത്ത വിപണിയില്‍ ക്വിന്റ്റലിന് 13,900 രൂപയില്‍ വെളിച്ചെണ്ണയുടെ ഇടപാടുകള്‍ നടക്കുമ്പോള്‍ ഒരു ബഹുരാഷ്ട്ര കമ്പനി സ്റ്റോക്കുള്ള എണ്ണ ഏത് വിധേനയും ഉത്സവ വേളയില്‍ വിറ്റുമാറാനുള്ള ശ്രമത്തിന്റെ ഭാഗമായി ലിറ്ററിന് 118 രൂപയ്ക്ക് വരെ കൈമാറുന്നുണ്ട്. വിപണി കൂടുതല്‍ തളര്‍ച്ചയിലേയ്ക്ക് നീങ്ങുമെന്ന സൂചനയാണ് വന്‍കിടക്കാരെ ഇത്തരം ഒരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്.
ശൈത്യം കനത്തതോടെ തേയില തോട്ടങ്ങളില്‍ ഉല്‍പാദനം സ്തംഭിക്കുന്നു. കനത്ത പകല്‍ ചൂടും രാത്രിയിലെ തണുപ്പും താങ്ങാനാവാതെ ഒട്ടുമിക്ക തോട്ടങ്ങളിലും തേയില കൊളുന്ത് കരിഞ്ഞ് ഉപയോഗ ശൂന്യമാക്കുന്നു. നിലവിലെ കാലാവസ്ഥ കണക്കിലെടുത്താല്‍ ജനുവരി രണ്ടാം പകുതിയില്‍ സ്ഥിതിഗതികളില്‍ മാറ്റം പ്രതീക്ഷിക്കാം. ഇതിനിടയില്‍ നടപ്പ് വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള തേയില കയറ്റുമതിയില്‍ ഇടിവ് സംഭവിക്കുമെന്നാണ് തേയില മേഖലയില്‍ നിന്നുള്ള സൂചന. കഴിഞ്ഞവര്‍ഷം 231 ദശലക്ഷം കിലോ തേയിലയുടെ കയറ്റുമതി നടത്താനായി. ഇക്കുറി പത്ത് ശതമാനം കുറയുമെന്നാണ് എക്‌സ്‌പോര്‍ട്ട് മേഖലയില്‍ നിന്നുള്ള വിലയിരുത്തല്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ കയറ്റുമതികളെ ബാധിക്കുകയും ചെയ്തു. റഷ്യ, സി ഐ എസ് രാജ്യങ്ങളിലേയ്ക്കും അറബ് രാജ്യങ്ങളിലേയ്ക്കുള്ള തേയില കയറ്റുമതി കുറഞ്ഞു.
ഉല്‍പാദന മേഖലയില്‍ രാവിലെ നടന്ന ഏലക്ക ലേലത്തില്‍ കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ചരക്ക് സംഭരണത്തിന് മത്സരിച്ചു. വില്‍പ്പനയ്ക്ക് എത്തിയ 49,871 കിലോഗ്രാം ചരക്കില്‍ 42,022 കിലോയും വിറ്റഴിഞ്ഞു. ക്രിസ്തുമസ് ഡിമാന്റ് മുന്നില്‍ കണ്ടുള്ള ചരക്ക് സംഭരണം പുരോഗമിക്കുന്നു. മികച്ചയിനങ്ങള്‍ കിലോ 2106 രൂപയിലും ശരാശരി ഇനങ്ങള്‍ 1609 രൂപയിലും ഇടപാടുകള്‍ നടന്നു.
റബര്‍ ഉല്‍പാദനം ഉയര്‍ന്നങ്കിലും കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും താഴ്ന്ന വിലയ്ക്ക് ഷീറ്റ് കൈമാറാതെ അല്‍പ്പം വിട്ടു നിന്നു. അതേ സമയം ഉല്‍പാദകരെ ആകര്‍ഷിക്കാന്‍ വിലയില്‍ കാര്യമായ മാറ്റത്തിന് വ്യവസായികള്‍ തയ്യാറായില്ല. നാലാം ഗ്രേഡ് റബര്‍ കിലോ 152 രൂപയിലും അഞ്ചാം ഗ്രേഡ് 149 രൂപയിലും ഇടപാടുകള്‍ നടന്നു.