6 Jun 2024 12:18 PM GMT
Summary
- വിലകുറഞ്ഞതോടെയാണ് പാം ഓയില്‍ ഇറക്കുമതി വര്‍ധിക്കുന്നത്
- ആഗോള വിപണിയില്‍ ഇന്ത്യന്‍ ഏലത്തിന് ഡിമാന്റ് ഉയരും
വിദേശ പാം ഓയില്‍ വരവ് വീണ്ടും ശക്തിയാര്‍ജിക്കുന്നു. മലേഷ്യ, ഇന്തോനേഷ്യയില്‍ നിന്നുമായി മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന അളവിലാണ് വിദേശ ഭക്ഷ്യയെണ്ണ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുന്നത്. നടപ്പ് വര്‍ഷം ആദ്യ നാല് മാസം പുതിയ വ്യാപാരങ്ങള്‍ക്ക് താല്‍പര്യം കാണിക്കാതെ രംഗത്ത് നിന്നും അകന്ന് നിന്ന വ്യവസായികള്‍ രാജ്യാന്തര വില താഴ്ന്ന അവസരത്തിലാണ് വന്‍ ഓര്‍ഡറുമായി കയറ്റുമതി രാജ്യങ്ങളെ സമീപിച്ചത്. കഴിഞ്ഞ ദിവസം മലേഷ്യന്‍ പാം ഓയില്‍ വില മൂന്ന് ശതമാനം ഇടിഞ്ഞത് ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി വര്‍ധിക്കാന്‍ ഇടയാക്കും. ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഉത്സവ സീസണ്‍ മുന്നില്‍ കണ്ടാണ് ഇറക്കുമതിക്കാര്‍ വിദേശ എണ്ണ എത്തിക്കുന്നത്. കൊച്ചിയില്‍ പാം ഓയില്‍ 9250 രൂപയിലാണ്.
ഏലക്ക സംഭരിക്കാന്‍ വിവിധ വിദേശ രാജ്യങ്ങള്‍ ഉത്സാഹിക്കുന്നു. ആഗോള വിപണിയില്‍ ഇന്ത്യന്‍ ഏലത്തിന് ഡിമാന്റ് ഉയരുമെന്നാണ് കയറ്റുമതി മേഖലയുടെ വിലയിരുത്തല്‍. ഗള്‍ഫ് മേഖലയില്‍ നിന്നും യൂറോപ്പില്‍ നിന്നും വരും മാസങ്ങളില്‍ പുതിയ ഓര്‍ഡറുകള്‍ സാധ്യത കയറ്റുമതി സമുഹം കണക്ക് കൂട്ടുന്നു. അടുത്ത രണ്ട്മാസങ്ങളില്‍ ലേല കേന്ദ്രങ്ങളില്‍ പുതിയ ഏലക്ക ഉയര്‍ന്ന അളവില്‍ വില്‍പ്പനയ്ക്ക് ഇറങ്ങുമെന്ന വിലയിരുത്തലിലാണ് ആഭ്യന്തര വ്യാപാരികള്‍. ശരാശരി ഇനങ്ങള്‍ കിലോ 2456 രൂപയിലും മികച്ചയിനങ്ങള്‍ 2964 രൂപയിലും ലേലം നടന്നു.
ഉത്തരേന്ത്യന്‍ വ്യാപാരികള്‍ കുരുമുളകില്‍ താല്‍പര്യം നിലനിര്‍ത്തി. കാര്‍ഷിക മേഖല ചരക്ക് നീക്കം നിയന്ത്രിച്ചത് മൂലം വിപണികളില്‍ നാടന്‍ ചരക്കിന് ദൗര്‍ല്യം അനുഭവപ്പെടുന്നുണ്ട്. അണ്‍ ഗാര്‍ബിള്‍ഡ് മുളക് കിലോ 619 രൂപയില്‍ വ്യാപാരം നടന്നു.