image

30 Sep 2024 12:08 PM GMT

Commodity

എരിവ് ശക്തമായി കുരുമുളക് വിപണി; റബറിന് വീര്‍പ്പുമുട്ടല്‍

MyFin Desk

എരിവ് ശക്തമായി കുരുമുളക്   വിപണി; റബറിന് വീര്‍പ്പുമുട്ടല്‍
X

Summary

  • നവരാത്രി വില്‍പ്പനക്കായി വിപണിയിലേക്ക് ഏലക്കയുടെ വര്‍ധിച്ച വരവ്
  • ഏഷ്യയിലെ പ്രമുഖ വിപണികളിലെ റബര്‍വിലയുടെ ഉയര്‍ച്ച ഇവിടെ പ്രതിഫലിച്ചില്ല


ഇന്ത്യന്‍ കുരുമുളക് വിപണി ശക്തമായ നിലയില്‍, ഓഫ് സീസണ്‍ മുന്‍ നിര്‍ത്തി കാര്‍ഷിക മേഖല ചരക്ക് നീക്കം നിയന്ത്രിച്ചതിനാല്‍ വാങ്ങലുകാരുടെ പ്രതീക്ഷയ്ക്ക് ഒത്ത് മുളക് സംഭരിക്കാന്‍ പല അവസരത്തിലും അവര്‍ ക്ലേശിച്ചു. അതേസമയം കഴിഞ്ഞ രണ്ടാഴ്ച്ചകളില്‍ മുളക് വില ഇടിക്കാന്‍ അന്തര്‍സംസ്ഥാന വ്യാപാരികള്‍ ശക്തമായ ശ്രമം നടത്തിയെങ്കിലും വിപണികളില്‍ ലഭ്യത ഉയരാഞ്ഞത് അവരെ അസ്വസ്ഥരാക്കുന്നു. നേരത്തെ വിദേശകുരുമുളക് ഇറക്കുമതി വാര്‍ത്ത പ്രചരിപ്പിച്ച് ആഭ്യന്തരമാര്‍ക്കറ്റില്‍ വിലകുറക്കാന്‍ അവര്‍ നീക്കം നടത്തിയിരുന്നു. കുരുമുളക് വിളവെടുപ്പിന് ഇനിചുരുങ്ങിയത് നാല് മാസമെങ്കിലും കാത്തിരിക്കണം, ആ നിലയ്ക്ക് ഉല്‍പ്പന്നവില വീണ്ടും മുന്നേറാം, അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വിലകിലോ 644 രൂപ.

ഹൈറേഞ്ചില്‍ വാരാന്ത്യം നടന്ന രണ്ട് ലേലങ്ങളിലായി മൊത്തം ഒരുലക്ഷം കിലോ ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങി. വിളവെടുപ്പ് പുരോഗമിക്കുന്നതിനാല്‍ ആദ്യചരക്ക് തിരക്കിട്ട് വില്‍പ്പനയ്ക്ക് എത്തിക്കുകയാണ്. വളം, കീടനാശിനി, കൃഷിചിലവുകള്‍ കണക്കിലെടുത്താണ് പുതിയഏലക്ക തിടുക്കത്തില്‍ ലേലത്തിന് ഇറക്കുന്നത്. വാങ്ങലുകാര്‍ ശരാശരി ഇനങ്ങള്‍ 2350 രൂപവരെ ഉയര്‍ത്തി ശേഖരിച്ചു. മികച്ചയിനങ്ങള്‍ 2900 രൂപയില്‍ കൈമാറി. അറബ് രാജ്യങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിച്ച കയറ്റുമതിക്കാര്‍ ചരക്ക് സംഭരിക്കുന്നുണ്ട്. നവരാത്രി വില്‍പ്പനയ്ക്കായി ആഭ്യന്തര ഇടപാടുകാരും ലേലത്തില്‍ ചരക്കിനായി ഉത്സാഹിച്ചു.

ഏഷ്യയിലെ പ്രമുഖ വിപണികളില്‍ റബര്‍ ഇന്ന് കൂടുതല്‍ മികവ് കാണിച്ചു, ജപ്പാന്‍ എക്‌സ്‌ചേഞ്ചില്‍ നിരക്ക് 404 യെന്നിലേയ്ക്ക് ഉയര്‍ന്നത് ഇന്ത്യന്‍ റബറിലും ഉണര്‍വ് ഉളവാക്കുമെന്ന് വിപണി കണക്ക് കൂട്ടി. എന്നാല്‍ ടയര്‍ കമ്പനികള്‍ നിരക്ക് താഴ്ത്തിഷീറ്റ് സംഭരിക്കാണ് ശ്രമം നടത്തിയത്, നാലാംഗ്രേഡ് കിലോ 224 രൂപയായും ഒട്ടുപാല്‍ 144 രൂപയായും താഴ്‌ന്നെങ്കിലും കുറഞ്ഞവിലയ്ക്ക് ചരക്ക് കൈമാറാന്‍ വില്‍പ്പനക്കാര്‍ താല്‍പര്യം കാണിച്ചില്ല.