image

11 Dec 2023 12:27 PM GMT

Commodity

ആശങ്കയില്‍ അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വിപണി; മാറ്റമില്ലാതെ തേങ്ങ

Kochi Bureau

commodities market rate 11 12 23
X

Summary


    കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 59,500 രൂപ അണുബാധ കണ്ടത്തിയ വിവരം അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വിപണിയില്‍ ആശങ്ക പരത്തി. ബ്രസീലിയന്‍ മുളകില്‍ സാല്‍മൊണല്ല ബാക്ടീരിയ വാര്‍ത്ത പരന്നതോടെ ഇറക്കുമതി രാജ്യങ്ങള്‍ അവിടെ നിന്നുള്ള ചരക്ക് സംഭരണത്തില്‍ നിയന്ത്രണം വരുത്തിയെന്നാണ് രാജ്യാന്തര ഇടപാടുകാരില്‍ നിന്നുള്ള വിവരം. ടണ്ണിന് 3200 ഡോളര്‍ വരെ വില കുറച്ചിട്ടും ഉല്‍പ്പന്നം ശേഖരിക്കാന്‍ ഇറക്കുമതിക്കാര്‍ താല്‍പര്യം കാണിക്കുന്നില്ല. അവസരം നേട്ടമാക്കി മാറ്റാന്‍ വിയറ്റ്നാം അവരുടെ മുളക് വില ടണ്ണിന് 250 ഡോളര്‍ ഉയര്‍ത്തി 3650 ഡോളറാക്കി. പുതുവത്സരം വരെയുള്ള കാലയളവിലേയ്ക്ക് തിരക്കിട്ടുള്ള വ്യാപാരങ്ങള്‍ക്കുള്ള നീക്കത്തിലാണ് യുറോപ്യന്‍ രാജ്യങ്ങള്‍. യൂറോപ്യന്‍ ബയ്യര്‍മാരുടെ തിടുക്കമാണ് വിയറ്റ്നാമിനെ വില ഉയര്‍ത്താന്‍ പ്രേരിപ്പിച്ച മുഖ്യഘടകം. ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 7750 ഡോളറാണ്. ആഭ്യന്തര മാര്‍ക്കറ്റിലെ ഡിമാന്റ് നേട്ടമാക്കാന്‍ ചില വ്യവസായികള്‍ ബ്രസീലിയന്‍ കയറ്റുമതിക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് സൂചന. ഇത്തരം ചരക്ക് എത്തിയാല്‍ ആഭ്യന്തര വിലയെ അത് ദോഷകരമായി ബാധിക്കും. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 59,500 രൂപ.

    ഉയര്‍ച്ചയിലേക്ക് കുതിച്ച് ഷീറ്റ് വില

    ടയര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ആവശ്യം ശക്തമായതോടെ നാലാം ഗ്രേഡ് ഷീറ്റ് വില വീണ്ടും ഉയര്‍ന്നു. മുഖ്യ വിപണികളിലെ റബര്‍ ക്ഷാമം മൂലം വ്യവസായികള്‍ നിരക്ക് ഉയര്‍ത്തി സ്റ്റോക്കിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്. ക്രിസ്തുമസ് അടുത്തതിനാല്‍ വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെടുമെന്ന നിഗമനത്തിലായിരുന്നു ടയര്‍ മേഖല. സംസ്ഥാനത്തെ കര്‍കരും സ്റ്റോക്കിസ്റ്റുകളും വിലക്കയറ്റത്തിനായി ചരക്ക് പിടിച്ചത് വ്യവസായികളെ ആശങ്കയിലാക്കിയതോടെ അവര്‍ നാലാം ഗ്രേഡ് റബര്‍ വില കിലോ 152 രൂപയായി ഉയര്‍ത്തി.

    മാറ്റമില്ലാതെ തേങ്ങ

    സംസ്ഥാനത്ത് നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല. അതേ സമയം തമിഴ്നാട്ടില്‍ കൊപ്ര വില ഇന്ന് താഴ്ന്നത് എണ്ണ വില്‍പ്പനക്കാരെ പിരിമുറുക്കത്തിലാക്കി. വരും ദിനങ്ങളില്‍ സ്റ്റോക്ക് വിറ്റുമാറാന്‍ മില്ലുകാര്‍ തിടുക്കം കാണിച്ചാല്‍ അത് പച്ചതേങ്ങ വിലയെയും ബാധിക്കും.

    അമിത പ്രതീക്ഷയില്ലാതെ ഏലം

    മികച്ചയിനം ഏലക്ക വില കിലോ 2000 രൂപയ്ക്ക് മുകളില്‍ ഇടപാടുകള്‍ നടന്നങ്കിലും വില്‍പ്പനയ്ക്ക് കൂടുതലായി എത്തുന്ന ശരാശരി ഇനങ്ങള്‍ക്ക് മുന്നേറാനായില്ല. നെടുക്കണ്ടത്ത് ഇന്ന് നടന്ന ലേലത്തില്‍ മികച്ചയിനങ്ങള്‍ 2073 രൂപയിലും ശരാശരി ഇനങ്ങള്‍ 1526 രൂപയിലുമാണ് കൈമാറ്റം നടന്നത്. മൊത്തം 64,004 കിലോ ചരക്ക് ലേലത്തിന് എത്തിയതില്‍ 57,358 കിലോയും വാങ്ങലുകാര്‍ ശേഖരിച്ചു.