image

20 Sep 2023 12:00 PM GMT

Commodity

'വിദേശി' എത്തിയിട്ടും വില്‍പ്പന ഉയരാതെ കുരുമുളക്; മാന്ദ്യം വിട്ട് മാറാതെ നാളികേര വിപണി

Kochi Bureau

commodities market rate 20 09
X

Summary

  • ഏലക്ക വിലയില്‍ കാര്യമായ വ്യതിയാനമില്ല.


ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രമുഖ സുഗന്ധവ്യഞ്ജന വിപണികളില്‍ വിദേശ കുരുമുളക് വന്‍തോതില്‍ എത്തി. ഇറക്കുമതി ലൈസെന്‍സുള്ള വ്യവസായികളാണ് വിയറ്റ്നാം ചരക്ക് ശ്രീലങ്കന്‍ തുറമുഖം വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചത്.

ഏകദേശം 3500 ടണ്‍ കുരുമുളക് ഇറക്കുമതി നടത്തിയെങ്കിലും വില്‍പ്പനയ്ക്ക് എത്തിയ ചരക്കിന് ആവശ്യകാരില്ലാത്ത അവസ്ഥയാണ്. നാടന്‍ കുരുമുളകിന്റെ ഗുണമേന്മ വിദേശ ചരക്കിനില്ലാത്തിനാല്‍ ഉല്‍പ്പന്നം വിറ്റഴിക്കാനാവാതെ പല കേന്ദ്രങ്ങളിലും കെട്ടി കിടക്കുന്നതായാണ് അവിടെ നിന്നുള്ള വിവരം. കേരളത്തിലും കര്‍ണാടകത്തിലുമുള്ള വിലയിലും നിരക്ക് താഴ്ത്തി വിറ്റഴിക്കാനുള്ള നീക്കം നടത്തിയിട്ടും വിജയിച്ചിട്ടില്ല. പ്രതികൂല വാര്‍ത്തകളെ തുടര്‍ന്ന ചുരുങ്ങിയ ദിവസങ്ങളില്‍ കൊച്ചിയില്‍ ഉല്‍പ്പന്ന വില ക്വിന്റലിന് 1400 രൂപ ഇടിഞ്ഞ് അണ്‍ ഗാര്‍ബിള്‍ഡ് 62,100 രൂപയായി.

വിദേശ വിപണിയില്‍ തകര്‍ന്നടിഞ്ഞ് റബര്‍

വിദേശ വിപണികളില്‍ റബറിന് നേരിട്ട വില തകര്‍ച്ച ഉയര്‍ത്തി പിടിച്ച് ആഭ്യന്തര ഷീറ്റ് വില ഇടിക്കാനുള്ള ശ്രമം ടയര്‍ ലോബി തുടരുന്നു. അവധി വ്യാപാരത്തില്‍ നിലനില്‍ക്കുന്ന വില്‍പ്പന സമ്മര്‍ദ്ദം ചൈന, ജപ്പാന്‍, സിംഗപ്പുര്‍ മാര്‍ക്കറ്റുകളെ തളര്‍ത്തി. ഇത് മൂലം മുഖ്യ റെഡി വിപണിയായ ബാങ്കോക്കില്‍ നിന്നും കൂടിയ വിലയ്ക്ക് ഷീറ്റ് സംഭരിക്കാന്‍ വ്യവസായികള്‍ താല്‍പര്യം കാണിച്ചില്ല. മലേഷ്യയും ഇന്തോനേഷ്യയും ആഗോള വിപണികളിലേയ്ക്കുള്ള ചരക്ക് നീക്കം നിയന്ത്രിച്ചിട്ടും മുന്നേറ്റത്തിന് അവസരം ലഭിച്ചില്ല. ഇതിനിടയില്‍ അനുകൂല കാലാവസ്ഥയില്‍ സംസ്ഥാനത്ത് റബര്‍ ഉല്‍പാദനം ഉയര്‍ന്നു, കൊച്ചി, കോട്ടയം മലബാര്‍ മേഖലകളിലെ വിപണികളില്‍ പുതിയ ഷീറ്റ് വരവ് ശക്തിപ്രാപിക്കുമെന്ന കണക്ക് കൂട്ടലിലാണ് വാങ്ങലുകാര്‍. എന്നാല്‍ ഉല്‍പാദകര്‍ പുതിയ ചരക്ക് കരുതല്‍ ശേഖരത്തിലേയ്ക്ക് നീക്കാന്‍ ഉത്സാഹിച്ചത് വിപണിയിലെ ഷീറ്റ് ക്ഷാമം നിലനിര്‍ത്തി. നാലാം ഗ്രേഡ് റബര്‍ 14,500 രൂപ.

നാളികേര വിപണിയില്‍ വിട്ട് മാറാതെ മാന്ദ്യം

നാളികേരോല്‍പ്പന്ന വിപണിയെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. പച്ചതേങ്ങ സംഭരണത്തിന് സര്‍ക്കാര്‍ പുതിയ ഏജന്‍സികളെ ചുമതലപ്പെടുത്തിയെങ്കിലും ഈ നീക്കം വിപണിയില്‍ ചെറുചലനം പോലും ഉളവാക്കിയില്ല. എണ്ണ മാര്‍ക്കറ്റ് ചൂടുപിടിക്കുമെന്ന പ്രതീക്ഷയില്‍ മില്ലുകാര്‍ ചരക്ക് റീലീസിങ് കുറച്ചിട്ടും പ്രദേശിക തലത്തില്‍ വെളിച്ചെണ്ണയ്ക്ക് ആവശ്യം വര്‍ദ്ധിച്ചില്ല. കൊച്ചിയെ അപേക്ഷിച്ച് കോഴിക്കോട് കൊപ്ര വില 500 രൂപ ഉയര്‍ന്ന് 8400 ലാണ് ഇടപാടുകള്‍ നടക്കുന്നത്. അതേ സമയം തമിഴ്നാട്ടില്‍ വില 800 രൂപ താഴ്ത്തി 7725 നാണ് വ്യവസായികള്‍ കൊപ്ര ശേഖരിക്കുന്നത്.

ഏലത്തെ തേടി ആവശ്യക്കാരെത്തി

വിദേശത്ത് നിന്നും ആഭ്യന്തര മാര്‍ക്കറ്റുകളില്‍ നിന്നും ഡിമാന്റ് നിലനിന്നിട്ടും ഉല്‍പാദന മേഖലയില്‍ നടന്ന ലേലത്തിന് വന്ന 55,160 കിലോ ഏലക്കയില്‍ 54,816 കിലോയും വില്‍പ്പന നടന്നു. ശരാശരി ഇനങ്ങള്‍ കിലോ 1764 രൂപയിലും മികച്ചയിനങ്ങള്‍ 2154 രൂപയിലും ഇടപാടുകള്‍ നടന്നു.