25 Jan 2024 11:50 AM
Summary
- ബാങ്കോക്കില്‍ റബര്‍വില 172 രൂപ
- വിലക്കയറ്റം തടയാന്‍ ആഭ്യന്തര ലോബി
റബര്‍ കര്‍ഷകരെ ആവേശം കൊള്ളിച്ച് രാജ്യാന്തര റബര്‍ വില മുന്നേറുന്നു. മുഖ്യ കയറ്റുമതി രാജ്യമായ തായ്‌ലണ്ടിലെ ബാങ്കോക്കില്‍ മികച്ചിനം ഷീറ്റ് വില ഇന്ന് കിലോ 172 രൂപയിലേയ്ക്ക് ഉയര്‍ന്നത് മലേഷ്യന്‍, ഇന്തോനേഷ്യന്‍ വിപണികളില്‍ മാത്രമല്ല വിയറ്റ്‌നാമിലും നിരക്ക് മെച്ചപ്പെടാന്‍ അവസരം ഒരുക്കി. വിദേശ റബര്‍ മാര്‍ക്കറ്റുകള്‍ ഒന്നിന് പുറകെ ഒന്നായി മികവ് കാണിച്ചത് ഇന്ത്യന്‍ വ്യവസായികളെ അസ്വസ്ഥരാക്കുന്നു.
ആഭ്യന്തര വിലക്കയറ്റം തടയാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്ന ടയര്‍ ലോബി ഇന്ന് നാലാം ഗ്രേഡിന് രേഖപ്പെടുത്തിയ വില 165 രൂപ മാത്രമാണ്. ഈ വിലയ്ക്ക് ചരക്ക് ഇറക്കാന്‍ ഉല്‍പാദകരും സ്റ്റോക്കിസ്റ്റുകളും ഷീറ്റ് ഇറക്കാന്‍ ഉത്സാഹിക്കുന്നില്ല. വിദേശ റബര്‍ ഇറക്കുമതി നടത്തുമ്പോള്‍ ഡ്യൂട്ടി ഇനത്തില്‍ വന്‍ തുക ചരക്കിന് മേല്‍ പതിയും.
ഏലം ലേല കേന്ദ്രങ്ങളില്‍ പുതിയതും പഴയതുമായ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങുന്നുണ്ട്. നേരത്തെ താഴ്ന്ന വിലയ്ക്ക് ലേലം കൊണ്ട ഏലക്ക വീണ്ടും വില്‍പ്പനയ്ക്ക് ഇറങ്ങുന്നത് വിപണിയുടെ മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നതായി കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ പറയുന്നു. ഉല്‍പാദന മേഖലയില്‍ രണ്ട് ലേലങ്ങളിലായി മൊത്തം 1,37,774 കിലോഗ്രാം ചരക്ക് എത്തിയതില്‍ 1,20,000 കിലോയും ഇടപാടുകാര്‍ മത്സരിച്ച് വാങ്ങി.
വിദേശ ഓര്‍ഡറുകള്‍ ഉറപ്പിച്ച കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ലേലത്തില്‍ സജീവമായിരുന്നു. ശരാശരി ഇനം ഏലക്ക വില കിലോ 1607 രൂപയിലും മികച്ചയിനങ്ങള്‍ 2300 രൂപയിലും ഇടപാടുകള്‍ നടന്നു.
കാപ്പി തോട്ടങ്ങളില്‍ വിളവെടുപ്പ് അവസാനഘട്ടത്തിലാണ്. ഇക്കുറി ഭേദപ്പെട്ട ഉല്‍പാദനം നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഡിസംബറിലും പുതുവര്‍ഷാരംഭത്തിലും ഉണ്ടായ മഴ വിളയെ ബാധിച്ചു. മഴയില്‍ പല ഭാഗങ്ങളിലും മൂത്ത് വിളഞ്ഞ കാപ്പി കുരുകള്‍ അടര്‍ന്ന് വീണത് ഉല്‍പാദകര്‍ക്ക് തിരിച്ചടിയായി. ലഭ്യത ചുരുങ്ങിയതോടെ വ്യവസായികള്‍ കാപ്പി പരിപ്പ് വില കിലോ 265 രൂപയായി ഉയര്‍ത്തി.