4 Oct 2024 12:30 PM GMT
Summary
- റബര്‍ വില താഴോട്ട്
- വെളിച്ചെണ്ണവില 19,000 രൂപ
രാജ്യാന്തര റബര്‍ വിപണി ഉയര്‍ന്നതലത്തില്‍ നീങ്ങുമ്പോഴും ഇന്ത്യന്‍ വ്യവസായികള്‍ ആഭ്യന്തരവില പരമാവധി ഇടിച്ച് ഉല്‍പാദകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കാന്‍ നീക്കം തുടരുന്നു. കേരളത്തില്‍ റബര്‍ ടാപ്പിങ് സീസണായതിനാല്‍ കാര്‍ഷിക മേഖലയില്‍ നിന്നും കൂടുതല്‍ ചരക്ക് വില്‍പ്പനയ്ക്ക് എത്തുമെന്ന നിലപാടിലാണ് വാങ്ങലുകാര്‍ക്കുള്ളത്. ഇന്നലെ മികച്ചയിനം ഷീറ്റ് വില ഒറ്റയടിക്ക് ക്വിന്റ്റലിന് 700 രൂപ ഇടിഞ്ഞ് 21,700 ലേയ്ക്ക് പതിച്ചത് കര്‍ഷകരെയും സ്റ്റോക്കിസ്റ്റുകളെയും ഒരുപോലെ ഞെട്ടിച്ചു. ഇന്നത്തെ നിരക്ക് 21400 രൂപയാണ്. അതേസമയം രാജ്യാന്തര റബര്‍ അവധിവ്യാപാരത്തില്‍ അലയടിച്ച വില്‍പ്പന സമ്മര്‍ദ്ദത്തിന്റെ പ്രതിഫലനമാണ് ഇന്ത്യയിലും ദൃശ്യമായതെന്ന് വ്യവസായികള്‍ പറയുന്നു.
പ്രദേശികമാര്‍ക്കറ്റില്‍ വെളിച്ചെണ്ണയ്ക്ക് ആവശ്യം വര്‍ധിച്ചു. നവരാത്രിവേളയായതിനാല്‍ പതിവിലും കൂടുതല്‍ വില്‍പ്പന ഉയരുമെന്ന നിഗനമത്തിലാണ് കൊപ്രയാട്ട് വ്യവസായികളും വിപണി വൃത്തങ്ങളും. അതേസമയം രണ്ടാഴ്ച്ചക്കിടയില്‍ എണ്ണവിലയില്‍ സംഭവിച്ച വര്‍ധന തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം വില്‍പ്പനക്കാര്‍. കൊച്ചി വിപണിയില്‍ വെളിച്ചെണ്ണ 19,000 രൂപയിലും കൊപ്ര 13,000 രൂപയിലുമാണ്.
ഉത്തരേന്ത്യന്‍ വ്യവസായികള്‍ ജാതിക്ക, ജാതിപത്രിയിലും താല്‍പര്യം കാണിച്ചു. ഉത്സവ സീസണായതിനാല്‍ ഉല്‍പ്പന്നവില മെച്ചപ്പെടുമെന്ന പ്രതീക്ഷിയിലാണ് കര്‍ഷകര്‍. മധ്യവര്‍ത്തികളും വിപണിയിലേയ്ക്കുള്ള ചരക്ക്‌നീക്കം നിയന്ത്രിക്കുന്നുണ്ട്. കയറ്റുമതിക്ക് അനുയോജ്യമായ മികച്ചയിനം ജാതിപ്പരിപ്പ് കിലോ 575 രൂപവരെകയറി, മധ്യകേരളത്തില്‍ നിരക്ക് 500-525 രൂപയാണ്.
അന്തര്‍സംസ്ഥാന ഇടപാടുകാര്‍ ഏലക്ക തിരക്കിട്ട് ശേഖരിച്ചു. നവരാത്രിദീപാവലി ഡിമാന്റ് വാങ്ങല്‍ താല്‍പര്യം ശക്തമാക്കി. പതിവില്‍ നിന്നും വ്യത്യസ്തമായി സീസണ്‍ ആരംഭം വൈകിയതിനാല്‍ വടക്കെഇന്ത്യന്‍ വ്യാപാരികള്‍ക്ക് ആവശ്യാനുസരണം ചരക്ക് സംഭരിക്കാനായിട്ടില്ല. ശരാശരി ഇനങ്ങള്‍ കിലോ 2300 രൂപയിലും മികച്ചയിനങ്ങള്‍ 3035രൂപയിലും വ്യാപാരംനടന്നു.