image

20 May 2024 11:46 AM GMT

Commodity

കുരുമുളകില്‍ പിടിമുറുക്കി കര്‍ഷകര്‍; റബര്‍ വില ഉയരുന്നു

MyFin Desk

കുരുമുളകില്‍ പിടിമുറുക്കി കര്‍ഷകര്‍;  റബര്‍ വില ഉയരുന്നു
X

Summary

  • ഉണക്ക് കൂടിയ ഇനം കുരുമുളക് ഇടനിലക്കാര്‍ ശേഖരിക്കുന്നു
  • സ്റ്റോക്കിസ്റ്റുകളുടെ നിയന്ത്രണം; ഏലംവരവ് കുറഞ്ഞു


കാലാവസ്ഥ മാറ്റം മുന്‍ നിര്‍ത്തി കര്‍ഷകരും ഇടനിലക്കാരും കുരുമുളകില്‍ പിടിമുറുക്കുന്നു. അന്തരീക്ഷ താപനില കുറയുന്നതിനാല്‍ മുളകില്‍ പൂപ്പല്‍ ബാധയ്ക്കുള്ള സാധ്യതകള്‍ തടയാന്‍ മികച്ച പരിരക്ഷ സ്റ്റോക്കിന് ഒരുക്കുന്ന തിരക്കിലാണ് കാര്‍ഷിക മേഖല. ഉണക്ക് കൂടിയ ഇനം മുളകാണ് കര്‍ഷകര്‍ ശേഖരിച്ചിട്ടുള്ളത്. ഉയര്‍ന്ന പകല്‍ താപനിയില്‍ ഉണക്കിയതിനാല്‍ ഏറെ നാള്‍ കേട് സംഭവിക്കാതെ സൂക്ഷിക്കാനാവും. അതേ സമയം കാലവര്‍ഷം കനക്കുന്ന സന്ദര്‍ഭത്തില്‍ മുകളില്‍ ജലാംശതോതിന്റെ പേരില്‍ വില ഇടിക്കാന്‍ ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ നീക്കം നടത്താന്‍ ഇടയുണ്ട്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില കിലോ 575 രൂപ.

മഴയുടെ വരവ് കണ്ട് സ്റ്റോക്കിസ്റ്റുകള്‍ ഏലക്ക നീക്കത്തില്‍ വരുത്തിയ നിയന്ത്രണം മൂലം ലേല കേന്ദ്രത്തില്‍ ചരക്ക് വരവ് ചുരുങ്ങി. ഇന്ന് ഉല്‍പാദന മേഖലയില്‍ നടന്ന ലേലത്തില്‍ വില്‍പ്പനയ്ക്ക് എത്തിയത് ആകെ 21,548 കിലോ ഏലക്ക മാത്രമാണ്. ഇതില്‍ 21,321 കിലോയും ലേലം കൊണ്ടു. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ലേലത്തില്‍ സജീവമായിരുന്നു. മികച്ചയിനങ്ങള്‍ കിലോ 2821 രൂപയിലും ശരാശരി ഇനങ്ങള്‍ 1851 രൂപയിലും കൈമാറി.

ഇറാനിലെ പുതിയ സംഭവ വികാസങ്ങള്‍ക്കിടയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധന റബര്‍ മാര്‍ക്കറ്റില്‍ പ്രതിഫലിച്ചു. ഇതിനിടയില്‍ ജപ്പാന്‍ സന്ദര്‍ശനം സൗദി രാജാവ് മാറ്റിവെച്ചത് ജപ്പാനീസ് എക്‌സ്‌ചേഞ്ചില്‍ റബര്‍ വില രണ്ട് ശതമാനം ഉയര്‍ത്തി. വിദേശ വിപണികള്‍ ചൂടുപിടിച്ചതിനിടയില്‍ കനത്ത മഴയുടെ വരവ് ആഭ്യന്തര ഷീറ്റ് വില 18,100 ല്‍ നിന്നും 18,300 ലേയ്ക്ക് ഉയര്‍ത്തി. സംസ്ഥാനത്തെ വിപണികളില്‍ ഇന്ന് വില്‍പ്പനക്കാര്‍ വ്യവസായികളെ നിരക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിച്ചു.