image

18 Oct 2024 1:09 PM GMT

Commodity

റബര്‍വില വീണ്ടും താഴോട്ട്; ഏലക്ക സംഭരണം ശക്തം

MyFin Desk

റബര്‍വില വീണ്ടും താഴോട്ട്;  ഏലക്ക സംഭരണം ശക്തം
X

Summary

  • റബര്‍ നാലാം ഗ്രേഡിന് 300 രൂപകുറഞ്ഞു
  • കുരുമുളക് വിലയും താഴേക്ക്


സംസ്ഥാനത്ത് റബര്‍ ടാപ്പിങ് വീണ്ടും ഊര്‍ജിതമാകുന്നു. തെളിഞ്ഞ കാലാവസ്ഥ പലഭാഗങ്ങളിലും ലഭ്യമായത് കര്‍ഷകരെ വരുംദിനങ്ങളില്‍ തോട്ടങ്ങളിലേയ്ക്ക് അടുപ്പിക്കുമെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തല്‍. നവംബറില്‍ മുഖ്യവിപണികളില്‍ കാര്‍ഷികമേഖലയില്‍നിന്നുള്ള ലഭ്യത ഉയരുമെന്ന നിഗനമത്തിലാണ് ടയര്‍ വ്യവസായികളും. കാലവര്‍ഷവേളയില്‍ തോട്ടം മേഖലയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ടാപ്പിങ് ദിനങ്ങള്‍ ഉയര്‍ത്താനായില്ലെങ്കിലും ജനുവരിമധ്യം വരെയുള്ള കാലയളവില്‍ ടാപ്പിങ് രംഗം സജീവമാകും. ഇതിനിടയില്‍ രാജ്യാന്തര റബര്‍ അവധിവ്യാപാരത്തിലെ തളര്‍ച്ച അവസരമാക്കി വ്യവസായികള്‍ വിവിധയിനം ഷീറ്റ് വില ഇടിച്ചു, ടയര്‍ നിര്‍മ്മാതാക്കള്‍ നാലാം ഗ്രേഡിന് 300 രൂപകുറച്ച് 19,000 രൂപയായി. ലാറ്റക്‌സ്, ഒട്ടുപാല്‍ തുടങ്ങിയവയുടെ നിരക്കും താഴ്ന്നു.

ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ ദീപാവലിക്ക് വേണ്ടിയുള്ള ഏലക്ക സംഭരണം ശക്തമാക്കി. ഇന്നത്തെ ലേലത്തിന് വന്ന 68,001കിലോ ഏലക്കയില്‍ 67,512 കിലോയും ഇടപടുകാര്‍ ഉത്സാഹിച്ച് ശേഖരിച്ചു. ഇടുക്കിയില്‍ നടന്ന ഏലക്ക ലേലത്തില്‍ കയറ്റുമതിക്കാരും സജീവമായിരുന്നു, ഗള്‍ഫ് മേഖലയില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിച്ചവരും രംഗത്തുണ്ടായിരുന്നു. കയറ്റുമതിക്കാര്‍ മികച്ചയിനങ്ങള്‍ കിലോ 2578 രൂപയ്ക്കും ശരാശരി ഇനങ്ങള്‍ 2278 രൂപയ്ക്കും ശേഖരിച്ചു.

നാളികേരത്തിന് ഇത് ഓഫ് സീസണെങ്കിലും ഗ്രാമീണമേഖലകളില്‍ പച്ചതേങ്ങ ലഭ്യത ഉയര്‍ന്ന് തുടങ്ങി. മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിവില നാളികേരത്തിന് ഉറപ്പ് വരുത്താനായതാണ് ചെറിയതോതില്‍ വിളവെടുപ്പിന് കര്‍ഷകരെ പ്രേരിപ്പിച്ചത്. അതേസമയം കൊച്ചി മാര്‍ക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം വാരത്തിലും വെളിച്ചെണ്ണ ക്വിന്റ്റലിന് 19,400 രൂപയിലും കൊപ്ര13,000 രൂപയിലും സ്റ്റെഡിയായി വ്യാപാരംനടന്നു.

കുരുമുളക് വിലവീണ്ടും 100 രൂപകുറഞ്ഞ് 62,700 രൂപയായി. വിപണിയിലേയ്ക്കുള്ള ചരക്ക് വരവ് കുറഞ്ഞ അളവിലാണ്.