17 Jan 2024 1:28 PM GMT
Summary
- ലേല കേന്ദ്രങ്ങളില്‍ ഏലക്ക വരവ് കുറയുന്നത് വില ഉയര്‍ത്താം
രാജ്യാന്തര റബര്‍ വില ഇന്ത്യന്‍ മാര്‍ക്കറ്റിനെ മറികടന്നു. വിദേശ വിലകള്‍ എന്നും ഇന്ത്യന്‍ വിപണി വിലയെ അപേക്ഷിച്ച താഴ്ന്നാണ് ഇടപാടുകള്‍ നടക്കുക. എന്നാല്‍ ആഗോള റബര്‍ ഉല്‍പാദനം ഈ വര്‍ഷം ആദ്യ പകുതിയില്‍ ചുരുങ്ങുമെന്ന വിലയിരുത്തല്‍ പുറത്തുവന്നതോടെ തിരക്കിട്ട ഷീറ്റ് സംഭരിക്കാന്‍ വ്യവസായികള്‍ മത്സരിക്കുന്നു. ചൈനയും ഇന്ത്യയും റബറില്‍ കാണിക്കുന്ന താല്‍പര്യം മുഖ്യ കയറ്റുമതി രാജ്യമായ ബാങ്കോക്കില്‍ വില കിലോ 163 രൂപയിലേയ്ക്ക് ഉയര്‍ത്തി. കേരളത്തില്‍ വില 161 രൂപ മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ വ്യവസായികള്‍ 162 രൂപ വരെ വാഗ്ദാനം ചെയ്തിട്ടും വില്‍പ്പനക്കാരുടെ അഭാവം തിരിച്ചടിയായി. അതേ സമയം കൊച്ചിയില്‍ വ്യാപാരാന്ത്യം വില 159.50 രൂപയിലേയ്ക്ക് അടുത്തു.
ഏലം സംഭരണം തുടരുന്നു
ഏലക്ക വിളവെടുപ്പ് അവസാനത്തിലേയ്ക്ക് നീങ്ങുന്നതിനാല്‍ പരമാവധി ചരക്ക് സംഭരണത്തിന് ഇടപാടുകാര്‍ മത്സരിക്കാം. അന്തരീക്ഷ താപനില അടിവെച്ച് ഉയരുന്ന പശ്ചാത്തലത്തില്‍ വിളവെടുപ്പ് അധികനാള്‍ തുടരാന്‍ കര്‍ഷകര്‍ക്കാവില്ലെന്നാണ് ഉല്‍പാദന മേഖലയില്‍ നിന്നുള്ള വിലയിരുത്തല്‍. ഫെബ്രുവരി - മാര്‍ച്ചില്‍ ലേല കേന്ദ്രങ്ങളില്‍ ഏലക്ക വരവ് കുറയുന്നത് വില ഉയര്‍ത്താം. ആഭ്യന്തര വ്യാപാരികള്‍ക്ക് ഒപ്പം കയറ്റുമതിക്കാരും ലേലത്തില്‍ നിലയുറപ്പിച്ചിട്ടും വലിപ്പം കൂടിയ ഇനങ്ങള്‍ കിലോ 2175 രൂപയിലും ശരാശരി ഇനങ്ങള്‍ 1619 രൂപയിലും കൈമാറി.