26 Sep 2023 12:00 PM GMT
Summary
- കാലാവസ്ഥ അനുകൂലമായതോടെ തെക്കന്‍ കേരളത്തിലെ ഒട്ടുമിക്കതോട്ടങ്ങളിലും റബര്‍ ടാപ്പിങിന് ഉല്‍പാദകര്‍ ഉത്സാഹിച്ചു.
ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ റബറില്‍ ദൃശ്യമായ ഉണര്‍വ്വ് വിലക്കയറ്റത്തിന് വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണ് മുഖ്യ ഉല്‍പാദന രാജ്യങ്ങള്‍. രാജ്യാന്തര ക്രൂഡ് ഓയില്‍ വില ഉയരുന്നത് കൃത്രിമ റബര്‍ വില മെച്ചപ്പെടുത്തുമെന്ന നിഗമനത്തിലാണ് വിപണി വൃത്തങ്ങള്‍. എണ്ണ വില ബാരലിന് നൂറ് ഡോളറിലേയ്ക്ക് കയറ്റുമെന്ന കണക്ക് കൂട്ടലില്‍ ഒപ്പെക്ക് നീങ്ങുന്നതും റബര്‍ മാര്‍ക്കറ്റിന്റെ അടിത്തറയ്ക്ക് ശക്തിപകരാം. തായ് മാര്‍ക്കറ്റായ ബാങ്കോങില്‍ നിന്ന് നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില കിലോ 132 രൂപയായി ഉയര്‍ന്നു. പുതിയ സാഹചര്യത്തില്‍ ജപ്പാന്‍, സിംഗപ്പുര്‍, ചൈനീസ് റബര്‍ അവധി വ്യാപാര രംഗത്ത് വാങ്ങലുകാര്‍ പിടിമുറുക്കിയാല്‍ അതിന്റെ പ്രതിഫലനം ഇന്ത്യയിലും ദൃശ്യമാവുമെന്നത് കേരളത്തിലെ ഉല്‍പാദകള്‍ക്ക് മെച്ചപ്പെട്ട വിലയ്ക്ക് അവസരം ഒരുക്കും. കൊച്ചിയില്‍ മികച്ചയിനം ഷീറ്റ് കിലോ 146 രൂപയായി കയറി.
പാംമോയിലില്‍ തട്ടി മറിഞ്ഞ് വെളിച്ചെണ്ണ
ഇന്ത്യന്‍ ഭക്ഷ്യയെണ്ണ വിപണിയില്‍ നിന്നുള്ള വര്‍ധിച്ച ഡിമാന്റ് മലേഷ്യയില്‍ പാം ഓയില്‍ അവധി നിരക്കുകളില്‍ ഉണര്‍വ്വ് സൃഷ്ടിച്ചു. ടണ്ണിന് 780 ഡോളറിന് ഇറക്കുമതിക്കാന്‍ വന്‍ ഓര്‍ഡറുകളുമായി രംഗത്ത് എത്തിയതാണ് മലേഷ്യന്‍ പാം ഓയില്‍ വില ഉയര്‍ത്തിയത്. ഡിമാന്റ് തുടര്‍ന്നാല്‍ 800 ഡോളറിലെ പ്രതിരോധം വിപണി മറികടക്കുമെന്ന നിലയിലാണ്. വെളിച്ചെണ്ണ വിലയെ വിദേശ മാര്‍ക്കറ്റുകളിലെ പുതിയ സംഭവ വികാസങ്ങള്‍ സ്വാധീനിച്ചില്ല. അതേ സമയം രാജ്യാന്തര മാര്‍ക്കറ്റില്‍ പാം ഓയില്‍ വില കഴിഞ്ഞവാരം ഇടിഞ്ഞ അവസരത്തില്‍ നാളികേരോല്‍പ്പന്നങ്ങളുടെ വിലയെ അത് ബാധിച്ചിരുന്നു. കൊച്ചിയില്‍ വെളിച്ചെണ്ണ വില 12,200 രൂപയില്‍ സ്റ്റെഡിയാണ്.
ഏലം നിരാശയില്‍
ലേല കേന്ദ്രങ്ങളില്‍ ഏലക്ക ലഭ്യത ഉയരുന്നില്ല. മെച്ചപ്പെട്ട വിലയ്ക്കായി സ്റ്റോക്കിസ്റ്റുകളും വന്‍കിട കര്‍ഷകരും ചരക്ക് പിടിക്കുന്നതിനാല്‍ വില്‍പ്പന സമ്മര്‍ദ്ദം കുറഞ്ഞതിന് അനുസൃതമായി നിരക്ക് ഉയരാത്ത് ഹൈറേഞ്ചിലെ ഉല്‍പാദകരെ നിരാശരാക്കി. ഉല്‍പാദന മേഖലയില്‍ ഇന്ന് നടന്ന ലേലത്തില്‍ 35,329 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 34,166 കിലോയും കൈമാറ്റം നടന്നിട്ടും ശരാശരി ഇനങ്ങള്‍ക്ക് ലഭിച്ച വില കിലോ 1850 രൂപയും മികച്ചയിനങ്ങള്‍ക്ക് 2408 രൂപയുമാണ്.