image

5 Dec 2023 6:31 PM IST

Commodity

കാലിടറി റബര്‍; മലയിറങ്ങി കൊപ്ര

Kochi Bureau

commodities market rate 05 12 23
X

Summary

  • കാലാവസ്ഥ അനുകൂലമായതോടെ ഏലക്ക ഉല്‍പാദനത്തിലും വര്‍ധന
  • ആയിരക്കണക്കിന് ടണ്‍ കൊപ്രയാവും ഇക്കുറി സന്നിധാനത്ത് നിന്നും എത്തുക


ഏഷ്യന്‍ വിപണികളില്‍ റബറിന് കാലിടറുമ്പോള്‍ ഒരു വശത്ത് നമ്മുടെ ഉല്‍പാദകരും നക്ഷത്രം എണ്ണി തുടങ്ങി. ഉത്സവ ദിനങ്ങളിലെ ആവശ്യങ്ങള്‍ക്ക് വേണ്ട പണം കണ്ടത്താന്‍ ഉല്‍പ്പന്നങ്ങളുമായി വിപണിയെ സമീപിക്കുമ്പോള്‍ വില നിത്യേനെ ഇടിക്കുന്ന നയത്തിലാണ് വ്യവസായ ലോബി. ശൈത്യകാലയമായതിനാല്‍ റബര്‍ മരങ്ങളില്‍ നിന്നുള്ള യീല്‍ഡ് ഉയര്‍ന്നതിനാല്‍ കാര്‍ഷിക മേഖലകളില്‍ ചരക്ക് സ്റ്റോക്കുണ്ടന്ന നിലപാടിലാണ് ഉത്തരേന്ത്യന്‍ ചെറുകിട വ്യവസായികളും ടയര്‍ നിര്‍മ്മാതാക്കളും. ഉല്‍പാദനം ഏറ്റവും ഉയര്‍ന്ന തലത്തില്‍ നീങ്ങുന്നതിനാല്‍ ഷീറ്റ് വില ഇടിച്ച് ചരക്ക് കൈക്കലാക്കാനുള്ള എല്ലാ ശ്രമങ്ങളും വാങ്ങലുകാരുടെ ഭാഗത്ത് നിന്നും അനുഭവപ്പെടുന്നുണ്ട്. അതേ സമയം മദ്ധ്യകേരളത്തിലെ വന്‍കിട തോട്ടങ്ങള്‍ പലതും റബര്‍ വില്‍പ്പനയ്ക്ക് ഇനിയും കാര്യമായ ഉത്സാഹം കാണിച്ചിട്ടില്ല. ജനുവരിക്ക് ശേഷം വിപണി വില ഉയരുമെന്ന സൂചനകളാണ് ഒരു പരിധി വരെ വന്‍കിടതോട്ടങ്ങളെ വില്‍പ്പനയില്‍ നിന്നും പിന്‍തിരിപ്പിക്കുന്നത്. ആര്‍ എസ് എസ് നാലാം ഗ്രേഡ് റബറിന് 150 രൂപയുടെ നിര്‍ണായക താങ്ങ് നഷ്ടപ്പെട്ട് കിലോ 149 രൂപയില്‍ ഇന്ന് ഇടപാടുകള്‍ നടന്നു.

അനുകൂല കാലാവസ്ഥയില്‍ ഏലം

തേക്കടിയില്‍ രാവിലെ നടന്ന ഏലക്ക ലേലത്തില്‍ കയറ്റുമതിക്കാരും ഉത്തരേന്ത്യന്‍ ഇടപാടുകാരും ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചു. ഉല്‍പാദന മേഖലയില്‍ നിന്നും ലേലത്തിന് 72,105 കിലോ ചരക്ക് വില്‍പ്പനയ്ക്ക് വന്നതില്‍ 69,806 കിലോയും വിറ്റഴിഞ്ഞു. വലിപ്പം കൂടിയ ഇനം ഏലക്ക കിലോ 1914 രൂപയിലും ശരാശരി ഇനങ്ങള്‍ 1520 രൂപയിലും കൈമാറി. കാലാവസ്ഥ അനുകൂലമായതോടെ ഏലക്ക ഉല്‍പാദനത്തിലും വര്‍ധന അനുഭവപ്പെട്ടു. ക്രിസ്മസ് അടുത്തതിനാല്‍ മെച്ചപ്പെട്ട വിലയ്ക്ക് ഏലം വിറ്റഴിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

ശബരിമലയില്‍ നിന്നും കൊപ്രയെത്തും

മാസമദ്ധ്യത്തിന് മുന്നേ ശബരിമലയില്‍ നിന്നുള്ള കൊപ്ര മല ഇറങ്ങുമെന്ന സൂചനകളെ തുടര്‍ന്ന് ചെറുകിട മില്ലുകാര്‍ ചരക്ക് സംഭരണത്തില്‍ നിന്നും അല്‍പ്പം പിന്‍തിരിഞ്ഞു. ആയിരക്കണക്കിന് ടണ്‍ കൊപ്രയാവും ഇക്കുറി സന്നിധാനത്ത് നിന്നും എത്തുക. ജനുവരിയില്‍ സംസ്ഥാനത്ത് നാളികേര വിളവെടുപ്പിന് തുടക്കം കുറിക്കും. അതായത് അടുത്ത മാസം രണ്ടാം പകുതിയില്‍ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള പച്ചതേങ്ങ ലഭ്യത ഉയരുന്ന സന്ദര്‍ഭത്തില്‍ ശബരിമല കൊപ്ര കൂടി രംഗത്ത് എത്തുന്നത് ഉല്‍പ്പന്ന വിലയില്‍ വന്‍ സ്വാധീനം ചെലുത്താന്‍ ഇടയുണ്ട്. കൊച്ചിയില്‍ കൊപ്ര 9000 രൂപയില്‍ സ്റ്റെഡിയാണ്. നിരക്ക് ഉയര്‍ത്തി കൊപ്ര ശേഖരിക്കാന്‍ മില്ലുകാര്‍ താല്‍പര്യം കാണിക്കുന്നില്ലെങ്കിലും കൈവശമുള്ള ഏണ്ണ എത്രയും വേഗത്തില്‍ വിറ്റുമാറാന്‍ അവര്‍ തിടുക്കം കാണിക്കുന്നുണ്ട്.