13 Feb 2024 12:29 PM GMT
Summary
- റബര്‍ വില ഉയര്‍ത്താനൊരുങ്ങി ഉല്‍പ്പാദക രാജ്യങ്ങള്‍
- നിരക്ക് ഉയര്‍ത്തി ഏലക്ക സംഭരിക്കാന്‍ ആരും ഉത്സാഹം കാണിച്ചില്ല
- ആഭ്യന്തര വിദേശ ഏലം വാങ്ങലുകാര്‍ കരുതലോടെയാണ് നീങ്ങുന്നത്.
മുഖ്യ റബര്‍ കയറ്റുമതി രാജ്യമായ തായ്ലന്‍ഡില്‍ അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് റബര്‍ വില വര്‍ധിച്ചു. ഇന്തോനേഷ്യയിലും മലേഷ്യയിലും പ്രതികൂല കാലാവസ്ഥയില്‍ റബര്‍ ഉല്‍പാദനം ചുരുങ്ങിയത് വിപണിയുടെ അടിത്തറ കൂടുതല്‍ ശക്തമാക്കുന്നതിനാല്‍ ഉയര്‍ന്ന വിലയ്ക്കായുള്ള ശ്രമത്തിലാണ് ഉല്‍പാദന രാജ്യങ്ങള്‍. കാര്‍ഷിക മേഖല റബര്‍ സ്റ്റോക്ക് വില്‍പ്പനയ്ക്ക് ഇറക്കാതെ ഓഫ് സീസണിലെ വന്‍ വിലയില്‍ കണ്ണുന്നട്ടിരിപ്പാണ്. ഇതിനിടയില്‍ ടയര്‍ നിര്‍മ്മാതാക്കള്‍ വില ഉയര്‍ത്താതെ ചരക്ക് എങ്ങനെ സംഭരിക്കാനാവുമെന്ന കണക്ക് കൂട്ടുകയാണ്. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ 16,400 രൂപയില്‍ ഇന്ന് കൈമാറ്റം നടന്നു.
ഏലം
വില്‍പ്പനയ്ക്കുള്ള ഏലക്ക നീക്കം വെട്ടി കുറച്ച് വില ഉയര്‍ത്തിയെടുക്കാന്‍ നടത്തിയ ആദ്യ ശ്രമം വിജയം കണ്ടില്ല. ഇന്ന് ഉല്‍പാദന മേഖലയില്‍ നടന്ന ലേലത്തില്‍ ആകെ 19,449 കിലോഗ്രാം ചരക്കാണ് വില്‍പ്പനയക്ക് വന്നത്. ഒരാഴ്ച്ചക്കിടയില്‍ വരവ് ഇത്രമാത്രം ചുരുങ്ങിയത് ലേല കേന്ദ്രത്തില്‍ ആവേശം ഉളവാക്കുമെന്ന വില്‍പ്പനക്കാര്‍ കണക്ക് പ്രതീക്ഷിച്ചെങ്കിലും നിരക്ക് ഉയര്‍ത്തി ഏലക്ക സംഭരിക്കാന്‍ ആരും ഉത്സാഹിച്ചില്ല. മികച്ചയിനങ്ങള്‍ കിലോ 1793 രൂപയിലും ശരാശരി ഇനങ്ങള്‍ 1540 രൂപയിലും ലേലം നടന്നു. ചരക്ക് എത്തിച്ച കര്‍ഷകര്‍ ശരാശരി ഇറങ്ങള്‍ 1800 രൂപയില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ആഭ്യന്തര വിദേശ വാങ്ങലുകാര്‍ കരുതലോടെയാണ് ഓരോ ചുവടും വെച്ചത്.