image

19 Feb 2024 12:16 PM GMT

Commodity

ബാങ്കോക്കില്‍ മികച്ചയിനം റബര്‍ 183 രൂപയിലാണ് ഇന്ന് വിപണനം നടന്നത്

MyFin Desk

COMMODITY
X

Summary

  • ഉയര്‍ന്ന ചിലവുകളാല്‍ പലരും വെട്ട് നിര്‍ത്തി
  • അന്തര്‍സംസ്ഥാന ഇടപാടുകാര്‍ കുരുമുളക് വില ചുരുങ്ങിയ കാലയളവില്‍ ക്വിന്റ്റലിന് 5000 രൂപയോളം ഇടിച്ചു
  • ആവശ്യാനുസരണം റബര്‍ ലഭിക്കുന്നില്ലെങ്കിലും വില ഉയര്‍ത്താന്‍ ടയര്‍ കമ്പനികള്‍ തയ്യാറായില്ല


ടയര്‍ നിര്‍മാതാക്കളില്‍ നിന്നും റബറിനുള്ള ഡിമാന്റ് വരും ദിവസങ്ങളില്‍ ഉയരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും വ്യാപാര സമൂഹവും. പിന്നിട്ട വാരത്തില്‍ കൊച്ചിയിലും കോട്ടയത്തും കാര്യമായി ഷീറ്റ് വില്‍പ്പനയ്ക്ക് ഇറങ്ങിയില്ല. കനത്ത പകല്‍ ചൂടിനെ തുടര്‍ന്ന് മരങ്ങളില്‍ നിന്നുള്ള യീല്‍ഡ് കുറഞ്ഞു. ജനുവരിയില്‍ നൂറ് മരങ്ങളില്‍ ടാപ്പിങ് നടത്തിയാല്‍ ആറ് ഷീറ്റ് വരെ ഉല്‍പാദിപ്പിക്കാനാകുമായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ കിട്ടുന്ന പാല്‍ നാല് ഷീറ്റിന് പോലും തികയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

ഉയര്‍ന്ന ചിലവുകളാല്‍ പലരും വെട്ട് നിര്‍ത്തിയതും ചരക്ക് വരവ് കുറച്ചു. ആവശ്യാനുസരണം റബര്‍ ലഭിക്കുന്നില്ലെങ്കിലും വില ഉയര്‍ത്താന്‍ ടയര്‍ കമ്പനികള്‍ തയ്യാറായില്ല. പോയവാരം ചൈനീസ് മാര്‍ക്കറ്റ് പൂര്‍ണമായി അടഞ്ഞ് കിടന്നത് വില ഉയര്‍ത്തുന്നതില്‍ നിന്നും വ്യവസായികളെ പിന്‍തിരിപ്പിച്ചു. നാലാം ഗ്രേഡ് റബര്‍ കിലോ 165 ലും അഞ്ചാം ഗ്രേഡ് 161 രൂപയിലുമാണ്. അതേ സമയം രാജ്യാന്തര വിപണിയില്‍ ബാങ്കോക്കില്‍ മികച്ചയിനം റബര്‍ 183 രൂപയിലാണ് ഇന്ന് വിപണനം നടന്നത്.

കുരുമുളക് വില ഇടിച്ച അന്തര്‍സംസ്ഥാന വാങ്ങലുകാരില്‍ നിന്നും ഉത്തരേന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മസാല പൊടി യൂണിറ്റുകള്‍ ചരക്ക് സംഭരിക്കാന്‍ മത്സരിക്കുകയാണ്. വിളവെടുപ്പ് പൂര്‍ത്തിയായാല്‍ കുരുമുളക് വില ഉയരുമെന്ന ഭീതിയാണ് തിരക്കിട്ടുള്ള ചരക്ക് സംഭരണത്തിന് വ്യവസായികളെ പ്രേരിപ്പിക്കുന്നത്. വിളവെടുപ്പ് മറയാക്കി അന്തര്‍സംസ്ഥാന ഇടപാടുകാര്‍ മുളക് വില ചുരുങ്ങിയ കാലയളവില്‍ ക്വിന്റ്റലിന് 5000 രൂപയോളം ഇടിച്ചു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് 53,700 രൂപ.

വണ്ടന്‍മേട് നടന്ന ഏലക്ക ലേലത്തില്‍ വില്‍പ്പനയ്ക്ക് വന്നത് 90,000 കിലോയ്ക്ക് മുകളിലാണ്, ഇതില്‍ 87,800 കിലോയും വാങ്ങലുകാര്‍ മത്സരിച്ച് ശേഖരിച്ചു. ഓഫ് സീസണിന്റെ തുടക്കമായതിനാല്‍ വില കുതിച്ചു കയറുമെന്ന് കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് ഇടയിലും മികച്ചയിനങ്ങള്‍ കിലോ 2167 രൂപയിലും ശരാശരി ഇനങ്ങള്‍ 1498 രൂപയിലും നിലകൊണ്ടു.