image

19 March 2025 7:00 PM IST

Commodity

കുരുമുളകിന് പ്രിയം; ഉണര്‍വില്ലാതെ ഏലം വിപണി

MyFin Desk

കുരുമുളകിന് പ്രിയം;  ഉണര്‍വില്ലാതെ ഏലം വിപണി
X

Summary

  • യൂറോപ്പില്‍ പ്രിയയമേറി കുരുമുളക്
  • രാജ്യാന്തര റബര്‍ വിപണി തളര്‍ച്ചയില്‍


ഹൈറേഞ്ചിലെ കാലാവസ്ഥ വ്യതിയാനങ്ങളെ സസൂഷ്മം വിലയിരുത്തുകയാണ് ഏലം കാര്‍ഷകരും വാങ്ങലുകാരും. രാജ്യാന്തര വിപണിയില്‍ ഗ്വാട്ടിമാല ഏലത്തിന്റെ സ്വാധീനം അല്‍പ്പം കുറഞ്ഞതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ ഏലത്തിന് കുടുതല്‍ അന്വേഷണങ്ങളെത്തുന്നുണ്ട്. ശരാശരി ഇനങ്ങള്‍ക്ക് വിദേശ ഡിമാന്റ് ഉയര്‍ന്നെങ്കിലും ലേലത്തില്‍ ഉല്‍പ്പന്ന വിലയില്‍ കാര്യമായ ഉണര്‍വ് സംഭവിച്ചില്ല. അതേ സമയം വില്‍പ്പനയ്ക്ക് ഇറങ്ങുന്ന ചരക്കില്‍ ഭുരിഭാഗവും വിറ്റഴിയുകയാണ്. മാസാന്ത്യം വരെ വരണ്ട കാലാവസ്ഥ തുടര്‍ന്നാല്‍ ഉല്‍പ്പന്ന വിലയില്‍ തിരിച്ചു വരവിന് അവസരം ലഭിക്കുമെന്ന നിഗമനത്തിലാണ് വന്‍കിട തോട്ടങ്ങള്‍. ചെറുകിട കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നത്തില്‍ വലിയ പങ്ക് ഇതിനകം തന്നെ വിറ്റുമാറിയ അവസ്ഥയിലാണ്. ഇന്ന് രണ്ട് ലേലങ്ങളിലായി മൊത്തം 57,607 കിലോ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങി.

വിയറ്റ്‌നാം കുരുമുളകിനും വെള്ള കുരുമുളകിനും വില ഉയര്‍ത്തി. യൂറോപ്യന്‍ വാങ്ങലുകാരില്‍ നിന്നുള്ള ഡിമാന്റ് മുന്‍ നിര്‍ത്തിയാണ് അവര്‍ നിരക്ക് വര്‍ധിപ്പിച്ചത്. വിവിധയിനം കുരുമുളകിന് അവര്‍ 7100 - 7300 ഡോളറാണ് ആവശ്യപ്പെടുന്നത്. അവര്‍ വെള്ള കുരുമുളക് വില 10,100 ഡോളറായി ഉയര്‍ത്തി. ഈസ്റ്ററിന് മുന്നോടിയായി തിരക്കിട്ടുള്ള വിദേശ കച്ചവടങ്ങളാണ് മുളക് വില ഉയര്‍ത്താന്‍ കയറ്റുമതി മേഖലയെ പ്രേരിപ്പിച്ചത്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 68800 രൂപയില്‍ വിപണനം നടന്നു.

രാജ്യാന്തര റബര്‍ വിപണി അല്‍പ്പം തളര്‍ന്നു. ഏഷ്യന്‍ റബര്‍ അവധി വ്യാപാര രംഗത്ത് വാങ്ങല്‍ താല്‍പര്യം ചുരുങ്ങിയത് വിലയെ ബാധിച്ചു. ഇതിനിടയില്‍ ജപ്പാനീസ് കേന്ദ്രബാങ്ക് പലിശ നിരക്ക് മാറ്റമില്ലാതെ തുടരാന്‍ ഇന്ന് തീരുമാനിച്ചതും നിക്ഷേപകരെ റബറില്‍ നിന്നും പിന്‍തിരിപ്പിച്ചു. ബാങ്കോക്കില്‍ ഷീറ്റ് വില കിലോ 208 രൂപയായി താഴ്ന്നു. ഉത്തരേന്ത്യന്‍ വ്യവസായികള്‍ ചരക്ക് സംഭരണത്തിന് ഇന്നലെ കാണിച്ച ആവേശം ഇന്ന് ദൃശ്യമായില്ല. വിദേശത്ത് നിന്നുള്ള പ്രതികൂല വാര്‍ത്തകള്‍ തന്നെയാണ് തിരക്കിട്ടുള്ള വാങ്ങലുകളില്‍ നിന്നും അവരെ ചെറിയ അളവില്‍ പിന്‍തിരിപ്പിച്ചത്. നാലാം ഗ്രേഡ് കിലോ 200 രൂപയിലുമാണ്.