29 Nov 2024 12:35 PM GMT
തെക്കൻ കേരളത്തിൽ ആകാശം മേഘാവ്യതമെങ്കിലും റെയിൻ ഗാർഡ് ഇട്ട റബർ തോട്ടങ്ങളിൽ വെട്ടിന് ഉൽപാദകർ ഉത്സാഹിച്ചു. തണുപ്പിന് കാഠിന്യമേറിയതിനാൽ മരങ്ങൾ കൂടുതൽ പാൽ ചുരുത്തുന്നത് റബർ ടാപ്പിങിന് ആവേശം പകരുന്നുണ്ട്. അതേസമയം തമിഴ്നാട് അതിർത്തി ജില്ലകളിലെ മഴ തെക്കൻ കേരളത്തിൽ റബർ വെട്ട് ചെറിയ അളവിൽ തടസപ്പെടുത്തി, ഉത്തരേന്ത്യയിൽ നിന്നുള്ള ചെറുകിട സൈക്കിൾ ടയർ നിർമ്മാതാക്കളും വൻകിട വ്യവസായികളും സംസ്ഥാനത്തെ പ്രമുഖ വിപണികളിൽ നിന്നും ഷീറ്റ് സംഭരിക്കാൻ മത്സരിച്ചത് വിലക്കയറ്റത്തിന് വേഗത പകർന്നു. നാലാംഗ്രേഡ് ഷീറ്റ് വില 200 രൂപവർദ്ധിച്ച് 19,400 രൂപയായി, അഞ്ചാംഗ്രേഡ് 19,000 രൂപയിലും വിപണനം നടന്നു. ബാങ്കോക്കിൽ റബർ വില 20,824 രൂപയായി ഉയർന്നു, രാജ്യാന്തര റബർ അവധി വ്യാപാര കേന്ദ്രങ്ങളിലും ഇന്ന് വിലക്കയറ്റം അനുഭവപ്പെട്ടു.
ഹൈറേഞ്ചിൽ ഏലം വിളവെടുപ്പ് ഊർജിതം, നവംബർ അവസാന ലേലത്തിലേയ്ക്ക് അടുക്കുന്നതിനാൽ അടുത്ത വാരം മുതൽ ക്രിസ്തുമസ് ഡിമാൻറ് ഉയരും. ശാന്തൻപാറയിൽ നടന്ന ലേലത്തിൽ ആഭ്യന്തര വാങ്ങലുകാർ ശരാശരി ഇനങ്ങൾ കിലോ 2962 രൂപയിലും മികച്ചയിനങ്ങൾ 3162 രൂപയിലും ശേഖരിച്ചു. ന്യൂഇയർ ഓർഡറുകൾ മുൻ നിർത്തിമികച്ചയിനങ്ങളിൽ കയറ്റുമതിക്കാരും ഉത്സാഹിച്ചു.മൊത്തം 24,102 കിലോഗ്രാം ഏലക്ക വന്നതിൽ 23,824 കിലോയും വിറ്റഴിഞ്ഞു.
മില്ലുകാർ സംഘടിതമായി കൊപ്രയെ തളർത്താൻ ശ്രമം നടത്തിയെങ്കിലും ഉൽപാദകർ പച്ചതേങ്ങ നീക്കം നിയന്ത്രിച്ച് പ്രതിസന്ധിയെ മറികടന്നു. തമിഴ്നാട്ടിലെ വൻകിട മില്ലുകാർ കൊപ്രയെ സമ്മർദ്ദത്തിലാക്കി കാർഷിക മേഖലയിൽ നിന്നും പച്ചതേങ്ങ താഴ്ന്ന വിലയ്ക്ക് ശേഖരിക്കാനാണ് പദ്ധതികൾ ആവിഷ്കരിച്ചത്. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ 21,100 രൂപയിലും കൊപ്ര 13,900 രൂപയിലുമാണ്.