22 Jan 2024 1:15 PM GMT
ഉത്തേരേന്ത്യയില്‍ ശൈത്യം കനത്തതോടെ സുഗന്ധവ്യഞ്ജന പൗഡര്‍ യൂണിറ്റുകള്‍ കേരളത്തിലെ വിവിധ വിപണികളും കാര്‍ഷിക മേഖലകളും കേന്ദ്രീകരിച്ച് കുരുമുളക് സംഭരണം ഊര്‍ജിതമാക്കി. വിളവെടുപ്പിന് തുടക്കം കുറിച്ചതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള സ്റ്റോക്കിസ്റ്റുകള്‍ മുളക് വില്‍പ്പനയ്ക്ക് നീക്കം തുടങ്ങി. പിന്നിട്ടവാരം ഏകദേശം 150 ടണ്‍ ചരക്ക് കൊച്ചിയില്‍ വില്‍പ്പനയ്ക്ക് ഇറങ്ങി. ഇതില്‍ വലിയ പങ്കും ഇറക്കുമതി മുളകുമായി കലര്‍ത്തിയാണ് വില്‍പ്പനയ്ക്ക് പലരും എത്തിച്ചത്. ഇടുക്കി ജില്ലയുടെ ഉള്‍പ്രദേശങ്ങളിലെ ചെറുകിട കര്‍ഷകര്‍ പുതിയ മുളകിന്റ വിളവെടുപ്പിന്റെയും ചരക്ക് സംസ്രണത്തിന്റെയും തിരക്കിലാണ്. പകല്‍ താപനില ഉയര്‍ന്നതിനാല്‍ വേഗത്തില്‍ മുളക് ഉണക്കിയെടുക്കാനാവുമെന്ന കണക്ക് കൂട്ടലിലാണ് ഉല്‍പാദകര്‍. പുതിയ കുരുമുളക് വില കിലോ 573 രൂപയാണ്.
ഏലം
ഏലം സീസണ്‍ അവസാനഘട്ടത്തിലാണെങ്കിലും ലേല കേന്ദ്രത്തിലേയ്ക്കുള്ള ചരക്ക് വരവ് വീണ്ടും ശക്തിയാര്‍ജിച്ചു. ഇന്ന് നടന്ന ലേലത്തില്‍ 73,215 കിലോ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങിയതില്‍ 70,893 കിലോയും ലേലം കൊണ്ടു. ഉയര്‍ന്ന അളവിലെ ഏലക്ക വരവ് കണ്ട് അന്തര്‍സംസ്ഥാനവാങ്ങലുകാര്‍ക്ക് ഒപ്പം കയറ്റുമതിക്കാരും ഏലത്തില്‍ താല്‍പര്യം കാണിച്ചു. മികച്ചയിനങ്ങള്‍ കിലോ 2204 രൂപയിലും ശരാശരി ഇനങ്ങള്‍ 1637 രൂപയിലും ഇടപാടുകള്‍ നടന്നു.
റബര്‍
രാജ്യാന്തര റബര്‍ അവധി നിരക്കുകള്‍ ഉയരുന്നത് കണ്ട് ഇന്ത്യന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ സംസ്ഥാനത്തെ വിപണികളില്‍ നിന്ന് ഷീറ്റ് സംഭരണം ഊര്‍ജിതമാക്കാനുള്ള നീക്കത്തിലാണ്. വിലക്കയറ്റം കണ്ട് കാര്‍ഷിക മേഖല വിപണിയിലേയ്ക്കുള്ള റബര്‍ നീക്കം നിയന്ത്രിച്ചതിനാല്‍ നിരക്ക് ഉയര്‍ത്തിയിട്ടും ടയര്‍ കമ്പനികള്‍ക്ക് കാര്യമായി ചരക്ക് സംഭരിക്കാനായിട്ടില്ല. ഇതിനിടയില്‍ പകല്‍ താപനിലയിലെ വര്‍ധന മൂലം ഒട്ടുമിക്ക തോട്ടങ്ങളിലും റബര്‍ മരങ്ങളില്‍ നിന്നുള്ള യീല്‍ഡ് ചുരുങ്ങിയത് കര്‍ഷകരെയും സമ്മര്‍ദ്ദത്തിലാക്കി. നാലാം ഗ്രേഡ് റബര്‍ കിലോ 161 രൂപയിലും അഞ്ചാം ഗ്രേഡ് 159 രൂപയിലും വ്യാപാരം നടന്നു.