image

3 Feb 2025 12:25 PM GMT

Commodity

7 ദിവത്തിനിടെ 1800 രൂപ വർധന, കുതിപ്പ് തുടർന്ന് കുരുമുളക്

MyFin Desk

7 ദിവത്തിനിടെ 1800 രൂപ വർധന, കുതിപ്പ് തുടർന്ന് കുരുമുളക്
X

കേരളത്തിൽ പകൽ താപനില വീണ്ടും ഉയർന്നതോടെ റബർ മരങ്ങളിൽ നിന്നുള്ള യീൽഡ്‌ പല ഭാഗങ്ങളിലും അമ്പതു ശതമാനം വരെ കുറഞ്ഞത്‌ ഉൽപാദകരെ ആശങ്കയിലാക്കി. അതേ സമയം റബർ വില കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിനെ അപേക്ഷിച്ച്‌ ഉയർന്ന തലത്തിൽ നീങ്ങുന്നതിനാൽ ഷീറ്റും ലാറ്റക്‌സും വിപണിയിൽ ഇറക്കാൻ ഉൽപാദകർ പല അവസരത്തിലും ഉത്സാഹിച്ചു, എന്നാൽ വിപണിയുമായി ബന്‌ധപ്പെട്ട പ്രവർത്തിക്കുന്ന മദ്ധ്യവർത്തികൾ വിൽപ്പന നിയന്ത്രിച്ച്‌ നിരക്ക്‌ ഉയർത്താനുള്ള ശ്രമത്തിലാണ്‌. കൊച്ചിയിൽ നാലാം ഗ്രേഡ്‌ റബർ കിലോ 193 രൂപയിൽ വിപണനം നടന്നു. രാജ്യാന്തര റബർ വിലയിൽ കുറവ്‌, മുഖ്യ കയറ്റുമതി കേന്ദ്രമായ ബാങ്കോക്കിൽ നിരക്ക്‌ കിലോ ഒരു രൂപ കുറഞ്ഞ്‌ 215 രൂപയായി. ടയർ നിർമ്മാതാക്കളിൽ നിന്നുള്ള ഡിമാൻണ്ട്‌ മങ്ങിതോടെ തായ്‌ മാർക്കറ്റായ ബാങ്കോക്കിൽ റബറിന്‌ തിരിച്ചടി നേരിട്ടു.

ഉത്തരേന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിധ സുഗന്‌ധവ്യഞ്‌ജന വ്യവസായികളുമായി ഉറപ്പിച്ച കരാറുകൾ പ്രകാരമുള്ള കുരുമുളക്‌ യഥാസമയം കയറ്റിവിടുന്നതിൽ ഒരു വിഭാഗം ഇടപാടുകാർക്ക്‌ പാളിച്ച സംഭവിച്ചു. ജനുവരി അവസാനത്തിന്‌ മുന്നേ മുളക്‌ ഉത്തരേന്ത്യയിലേയ്‌ക്ക്‌ നീക്കണമെന്ന വ്യവസ്ഥയിലാണ്‌ കച്ചവടങ്ങൾ ഉറപ്പിച്ചിരുന്നത്‌, അതേ സമയം ചുരുങ്ങിയ ദിവസങ്ങളിൽ കുരുമുളക്‌ വില 1800 രൂപ വർദ്ധിച്ചത്‌ ഇടപാടുകാരെ ചരക്ക്‌ സംഭരണത്തിൽ നിന്നും പിൻതിരിയാൻ നിർബന്‌ധിതരാക്കി. കുരുമുളക്‌ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ കർഷകരും ഇടനിലകാരും ചരക്ക്‌ നീക്കം കുറച്ചത്‌ വിലക്കയറ്റത്തിന്‌ വേഗത പകർന്നു. അൺ ഗാർബിൾഡ്‌ കുരുമുളക്‌ കിലോ 661 രൂപ.

ഏലം ശേഖരിക്കാൻ ആഭ്യന്തര ഇടപാടുകാരും കയറ്റുമതിക്കാരും കാണിക്കുന്ന ഉത്സാഹം കർഷകരെ തോട്ടങ്ങളിൽ ഇടം പിടിക്കാൻ പ്രേരിപ്പിക്കുന്നു. ആഭ്യന്തര ഇടപാടുകാരും ചരക്ക്‌ സംഭരണത്തിന്‌ ഉത്സാഹിക്കുന്നുണ്ട്‌. ശരാശരി ഇനം ഏലക്ക വില കിലോ 3000 രൂപയ്‌ക്ക്‌ അടുത്ത ഇടപാടുകൾ നടക്കുന്നതും ഉൽപാദകരെ ആകർഷിച്ചു. ഇന്ന്‌ രണ്ട്‌ ലേലങ്ങളിലായി മൊത്തം 63,000 കിലോഗ്രാം ഏലക്ക വിൽപ്പനയ്‌ക്ക്‌ ഇറങ്ങി. വരണ്ട കാലാവസ്ഥ കണക്കിലെടുത്താൽ വിളവെടുപ്പ്‌ മാസമദ്ധ്യത്തിൻറ രണ്ടാം പകുതിയിൽ പല ഭാഗങ്ങളിലും സ്‌തംഭിക്കാൻ ഇടയുള്ളതായാണ്‌ ഉൽപാദന മേഖലകളിൽ നിന്നുള്ള വിവരം. അതുകൊണ്ട്‌ തന്നെ പരമാവധി വേഗത്തിൽ ഏലക്ക ശേഖരിക്കാൻ ആഭ്യന്തര വാങ്ങലുകാർ ഉത്സാഹിച്ചു.