image

11 Dec 2024 1:08 PM GMT

Commodity

കര്‍ഷകര്‍ക്ക് ആശ്വാസിക്കാം, കുരുമുളക് വില ഉയര്‍ച്ചയിലേക്ക്

MyFin Desk

COMMODITY
X

കുരുമുളക് വില ആഗോള തലത്തിൽ ഉയരുന്നു. മുഖ്യ ഉൽപാദന രാജ്യങ്ങളിൽ ചരക്ക് ക്ഷാമം തല ഉയർത്തിയതോടെ കയറ്റുമതിക്കാർ ഉൽപ്പന്നത്തിനായുള്ള നെട്ടോട്ടത്തിലാണ്. വിയെറ്റ്നാമിലെ കയറ്റുമതിക്കാർക്ക് നവംബറിലെ കയറ്റുമതികൾ യഥാസമയം പൂർത്തിയാക്കാൻ കഴിയാഞ്ഞതിനാൽ ഓർഡർ കാലാവധി ഈ മാസത്തേയ്ക്ക് നീട്ടി നൽകിയെങ്കിലും മുളക് ക്ഷാമം കയറ്റുമതി മേഖലയെ പ്രതിസന്ധിലാക്കി. കംബോഡിയിൽ നിന്നും മുളക് സംഭരിക്കാൻ വിയെറ്റ്നാം ശ്രമം നടത്തിയെങ്കിലും നീക്കം വിജയിച്ചില്ല. ഹൈറേഞ്ചിൽ നിന്നുംമറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള നാടൻ കുരുമുളക് വരവ് കുറഞ്ഞ അളവിലാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വിലക്വിൻറ്റലിന് 100 രൂപകയറി 64,500 രൂപയായി.

മികച്ച കാലാവസ്ഥ നേട്ടമാക്കി തോട്ടം മേഖലയിൽ റബർ ടാപ്പിങ് സജീവമായി. കൊച്ചി, കോട്ടയം മാർക്കറ്റുകളിൽ നാലാംഗ്രേഡ് കിലോ 190 രൂപയിൽ വിപണനം നടന്നു. ടയർ വ്യവസായികൾ നിരക്ക് താഴ്ത്താൻ ശ്രമിച്ചെങ്കിലും കാർഷിക മേഖല ഷീറ്റ് നീക്കത്തിൽ വരുത്തിയ നിയന്ത്രണം തുടരുന്നതിനാൽ മുഖ്യ വിപണികളിൽ വിവിധയിനം ഷീറ്റ് സ്റ്റെഡിയാണ്. ഏഷ്യൻ റബർ മാർക്കറ്റുകൾ പലതും പുതിയ ദിശകണ്ടെത്താനുള്ള ശ്രമത്തിലാണ്. വർഷാന്ത്യമായതിനാൽ തിരക്കിട്ടുള്ള വാങ്ങലുകളിൽ നിന്നും ഇറക്കുമതി രാജ്യങ്ങൾ അൽപ്പം വിട്ടുനിന്നു. ബാങ്കോക്കിൽ ഷീറ്റ് വിലകിലോ 210 രൂപ.

ലേല കേന്ദ്രങ്ങളിൽ ഏലക്ക വില ചെറിയ തോതിൽ ഇടിഞ്ഞു. കഴിഞ്ഞവാരം 3000 രൂപവരെ ഉയർന്ന് വിപണനം നടന്ന ശരാശരി ഇനങ്ങളുടെ വില ഏതാനും ദിവസങ്ങളായി താഴുന്ന പ്രവണതയിലാണ്. ഇന്ന് നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 2837 രൂപയിലും മികച്ചയിനങ്ങൾ 3128 രൂപയിലും കൈമാറി. ക്രിസ്തുമസിന് മുന്നോടിയായുള്ള ഏലക്ക സംഭരണം പല കയറ്റുമതിക്കാരും പൂർത്തിയാക്കി.