image

6 Jan 2025 12:38 PM GMT

Commodity

കുരുമുളക് വില ഉയര്‍ന്നു; റബര്‍ വില താഴോട്ട്

MyFin Desk

COMMODITY
X

ആഗോള തലത്തിൽ കുരുമുളക് വില മുന്നേറി. ഇന്ത്യയ്ക്ക് ഒപ്പം വിയെറ്റ്നാം,ബ്രസീലും ഇന്തോനേഷ്യയും ചരക്ക് ക്ഷാമത്തെതുടർന്ന് നിരക്ക് വർദ്ധിപ്പിച്ചു. കുരുമുളക് മാത്രമല്ല, വെള്ളകുരുമുളക് വിലയിലും വർദ്ധന. മലേഷ്യൻ വൈറ്റ് പെപ്പർ വിലടണ്ണിന് 10,900 ഡോളറായി കയറി, വിയെറ്റ്നാം 9600 ഡോളറും ഇന്തോനേഷ്യ 9000 ഡോളറും രേഖപ്പെടുത്തി. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 200 രൂപ ഉയർന്ന് 63,900 രൂപയായി.

നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ നേരിയ കുറവ്. ഏതാനും ആഴ്ച്ചകളായി മികവ് കാണിച്ചു കൊണ്ടിരുന്ന കൊപ്ര വില ഇന്ന് ക്വിൻറ്റലിന് 100 രൂപ കുറഞ്ഞു, സംസ്ഥാനത്ത് നാളികേര വിളവെടുപ്പിന് തുടക്കം കുറിച്ചതാണ് വില താഴാൻ കാരണം.

താപനില ഉയർന്നതോടെ ഹൈറേഞ്ചിലെ ഏല തോട്ടങ്ങളിലും നിന്നും കർഷകർ പിൻവലിയുന്നു. പുതിയ സാഹര്യത്തിൽ വിളവെടുപ്പ് ജനുവരിഅവസാനതോടെ അവസാനിക്കുമെന്നാണ് സൂചന.വരും മാസങ്ങളിൽ ഏലക്കയുടെ ലഭ്യത കുറയുമെന്ന് മനസിലാക്കി കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും വില ഉയർത്തി ചരക്ക് എടുത്തു. ശാന്തൻപാറയിൽ നടന്ന ലേലത്തിൽ 22,233 കിലോ ഏലക്കയുടെ കൈമാറ്റം നടന്നു. ശരാശരി ഇനങ്ങൾ കിലോ 3102 രൂപയിലും വലിപ്പം കൂടിയ ഇനങ്ങൾ 3458 രൂപയിലുമാണ്.

ഏഷ്യൻ റബർ മാർക്കറ്റുകളിൽ വില തകർച്ച. റബർ അവധി വ്യാപാരരംഗത്ത് അലയടിച്ച വിൽപ്പന തരംഗം ഉൽപാദന രാജ്യങ്ങളിലും ഷീറ്റ് വിലയെ ബാധിച്ചു. ഇതിനിടയിൽ തായ്ലൻഡിലും വിയെറ്റ്നാമിലും കാലാവസ്ഥ റബർ ഉൽപാദനത്തിന് അനുകൂലമെന്ന റിപ്പോർട്ടുകളും വില തകർച്ചയുടെ ആക്കംകൂട്ടി. ബാങ്കോക്കിൽ റബർ ഷീറ്റ് വില 19444 ൽ നിന്നും 18919 രൂപയായി. കാലാവസ്ഥയിൽ സംസ്ഥാനത്തിൻറ ഒട്ടുമിക്ക ഭാഗങ്ങളിലും പുലർച്ചെ തന്നെ ടാപ്പിങിന് ഉൽപാദകർ ഉത്സാഹിച്ചു. നാലാംഗ്രേഡ് റബർ 18800 രൂപയിലും അഞ്ചാം ഗ്രേഡ് 18400 രൂപയിലും വിപണനം നടന്നു.