image

10 Dec 2024 1:08 PM GMT

Commodity

ഏലക്കാ വില കുറഞ്ഞു; എരിവ് കൂടി കുരുമുളക്

MyFin Desk

ഏലക്കാ വില കുറഞ്ഞു;   എരിവ് കൂടി കുരുമുളക്
X

Summary

  • നാളികേര ലഭ്യത കുറഞ്ഞു
  • തേയില വിലയും ഉയരുന്നു


ഏലക്കാ ശേഖരിക്കാന്‍ അന്തര്‍സംസ്ഥാന വ്യാപാരികളുടെ തിരക്ക്.അവധി ദിനങ്ങള്‍ മുന്നില്‍ക്കണ്ടുള്ള ചരക്ക് സംഭരണമാണ് ലേല കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നത്. ഉത്തരേന്ത്യയിലെ വന്‍കിട വ്യാപാരികള്‍ക്ക് ആവശ്യാനുസരണം ചരക്ക് സംഭരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇന്ന് നെടുങ്കണ്ടത്ത് നടന്ന ലേലത്തില്‍ കഴിഞ്ഞ ദിവസത്തെ വിലയെ അപേക്ഷിച്ച് നിരക്ക് കുറഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 2875 രൂപയിലും മികച്ചയിനങ്ങള്‍ 3316 രൂപയിലും കൈമാറി. മൊത്തം 43,965 കിലോഗ്രാം ഏലക്കയുടെ ലേലം നടന്നു.

സംസ്ഥാനത്ത് നാളികേരവില രണ്ടാഴ്ച്ചയായി സ്റ്റെഡിയാണ്. ഓഫ് സീസണായതിനാല്‍ മൂത്ത് വിളഞ്ഞ തേങ്ങയുടെ ലഭ്യത ഗ്രാമീണമേഖലയില്‍ കുറവാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ വിളവെടുപ്പിന് തിടുക്കം കാണിക്കുന്നുണ്ട്. ജനുവരിയില്‍ നാളികേര സീസണിന് തുടക്കം കുറിക്കും. കൊച്ചി മാര്‍ക്കറ്റില്‍ കൊപ്ര 13,900 രൂപയിലും വെളിച്ചെണ്ണ 21,100 രൂപയിലുമാണ് വ്യാപാരം.

ദക്ഷിണേന്ത്യന്‍ തേയില ലേല കേന്ദ്രങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ചരക്കിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു. മികച്ച കാലാവസ്ഥയില്‍ രുചി കൂടിയ ഇനം കൊളുന്താണ് നുള്ളുന്നത്. തേയിലയുടെ ഗുണമേന്‍ ഉയര്‍ന്നതിനൊപ്പം ലേലകേന്ദ്രങ്ങളില്‍ ചരക്കിന് ഡിമാന്റ് വര്‍ധിച്ചു. കൊച്ചി, കോയമ്പത്തൂര്‍, കൂനൂര്‍ ലേല കേന്ദ്രങ്ങളില്‍ ആഭ്യന്തര ഇടപാടുകാര്‍ക്ക് ഒപ്പം കയറ്റുമതി സമൂഹവും ചരക്ക് സംഭരിക്കാന്‍ ഉത്സാഹിക്കുന്നു. ഇത് വിലയിരുത്തിയാല്‍ ന്യൂഇയര്‍ വരെയുള്ള കാലയളവില്‍ തേയില ഉയര്‍ന്നതലത്തില്‍ തുടരാമെന്ന് വിലയിരുത്താം.

നിത്യവും കുരുമുളക് വില ഉയരുന്നതിനാല്‍ കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും ചരക്ക് നീക്കം കുറച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാടന്‍ ചരക്ക് ലഭ്യത ചുരുങ്ങിയതിനാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ എത്തുന്നുണ്ട്. ഉല്‍പാദനകേന്ദ്രങ്ങള്‍ കുരുമുളക് നീക്കം കുറച്ചതിനാല്‍ കൊച്ചിയില്‍ ഇന്ന് വരവ് 25 ടണ്ണായി കുറഞ്ഞത് അന്തര്‍സംസ്ഥാന വാങ്ങലുകാരെ സമ്മര്‍ദ്ദത്തിലാക്കി. അടുത്തവര്‍ഷം ഉല്‍പാദനം ചുരുങ്ങുമെന്ന വിലയിരുത്തല്‍ വിലക്കയറ്റം ശക്തമാക്കാം. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 64,400 രൂപയായിഉയര്‍ന്നു.