image

31 Dec 2024 12:11 PM GMT

Commodity

കുരുമുളക്‌ വിലയിൽ മാറ്റമില്ല, രാജ്യാന്തര വിപണിയിൽ മികവ്‌ നിലനിർത്തി കാപ്പി

MyFin Desk

COMMODITY
X

ഹൈറേഞ്ചിലെയും വയനാട്‌ പത്തനംതിട്ട ഭാഗങ്ങളിൽ നിന്നുമുള്ള നാടൻ കുരുമുളക്‌ വരവ്‌ മട്ടാഞ്ചേരി വിപണിയിൽ ഗണ്യമായി കുറഞ്ഞു. പുതു വർഷം വില ഉയരുമെന്ന വിലയിരുത്തലിൽ ഉൽപാദകർ ചരക്ക്‌ പിടിക്കുന്നതിനാൽ മദ്ധ്യവർത്തികളും സ്‌റ്റോക്ക്‌ ഇറക്കുന്നതിൽ നിയന്ത്രണം വരുത്തി. കൊച്ചി പുതുവത്സരാഘോഷങ്ങളിലേയ്‌ക്ക്‌ തിരിഞ്ഞതിനാൽ മുളക്‌ വില പിന്നിട്ട ഏതാനും ദിവസങ്ങളായി കുരുമുളക്‌ വിലയിൽ മാറ്റമില്ല.

നെല്ലിയാംപതിയിലെ തോട്ടങ്ങളിൽ കാപ്പി കുരുകൾ മൂത്ത്‌ വിളഞ്ഞു. ഒട്ടുമിക്ക എസ്‌റ്റേറ്റുകളിലും ഈ വാരം വിളവെടുപ്പ്‌ തുടങ്ങും. തൊഴിലാളികളുടെ അഭാവം കാപ്പിതോട്ടം മേഖലയിലും വിളവെടുപ്പള മന്ദഗതിയിലാക്കും. കാപ്പി വിളവെടുപ്പ്‌ ഫെബ്രുവരിയോടെ പൂർത്തികരിക്കാനുള്ള തയ്യാറെടുപ്പുകളാണ്‌ പുരോഗമിക്കുന്നത്‌. ഉണ്ട കാപ്പി വില കിലോ 400 രൂപയിൽ നീങ്ങുന്നത്‌ മുന്നിലുള്ള ദിവസങ്ങളിൽ വിളവെടുപ്പിന്‌ ആവേശം പകരും. രാജ്യാന്തര വിപണിയിൽ കാപ്പി മികവ്‌ നിലനിർത്തുകയാണ്‌.

രാജ്യാന്തര റബർ വിപണി ഹോളി ഡേ മൂഡിലാണ്‌. വൻകിട ഇറക്കുമതി രാജ്യങ്ങൾ പുതുവത്സരാഘോഷങ്ങൾക്ക്‌ ശേഷമേ ഇനി പുതിയ കരാറുകൾക്ക്‌ നീക്കം നടത്തു. കയറ്റുമതി മേഖലയും നിർജീവമാണ്‌. പ്രമുഖ വിപണിയായ ബാങ്കോക്ക്‌ വർഷാന്ത്യ അവധിയിലാണ്‌. ജപ്പാൻ അടക്കമുള്ള അവധി വ്യാപാര കേന്ദ്രങ്ങളും നിർജീവം. സംസ്ഥാനത്ത്‌ നാലാം ഗ്രേഡ്‌ 19,000 രൂപയിൽ വിപണനം നടന്നു.