image

28 Jan 2025 12:19 PM GMT

Commodity

കുരുമുളക് വില ഉയരുന്നു; റബര്‍ വിപണിയിലും പ്രതീക്ഷ

MyFin Desk

കുരുമുളക് വില ഉയരുന്നു;  റബര്‍ വിപണിയിലും പ്രതീക്ഷ
X

Summary

  • ഏലം വിപണിയില്‍ നിരാശ
  • വരണ്ട കാലാവസ്ഥ തോട്ടം മേഖലയെ തളര്‍ത്തുന്നു


മലബാര്‍ കുരുമുളക് വില കഴിഞ്ഞ രാത്രി ഉയര്‍ന്നതോടെ ബഹുരാഷ്ട്ര കമ്പനികള്‍ അന്താരാഷ്ട്ര വിപണിയില്‍ പിടിമുറുക്കി. രാജ്യാന്തരമാര്‍ക്കറ്റില്‍ ബ്രസീലും ഇന്തോനേഷ്യയും വില്‍പ്പനക്കാരാണങ്കിലും വിലയില്‍ മാറ്റം വരുത്താതെ ഇറക്കുമതി രാജ്യങ്ങളെ ആകര്‍ഷിക്കാനുള്ള തന്ത്രമാണ് അവര്‍ മെനഞ്ഞത്. സ്റ്റോക്കുള്ള മുളക് നേരത്തെ കയറ്റുമതി നടത്തിയ കംബോഡിയ അടുത്ത സീസണിലെ ചരക്ക് വാഗ്ദാനം ചെയ്തു. ലൂണാര്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതിനാല്‍ വിയറ്റ്‌നാം രംഗത്ത് നിന്നും പൂര്‍ണമായി വിട്ടുനിന്നതും കുരുമുളക് വിപണിയെ ചൂടുപിടിപ്പിച്ചു. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില64,800 രൂപയില്‍ നിന്നും 65,100 രൂപയായി ഉയര്‍ന്നു.

ഏലക്ക ലേലത്തിനുള്ള ചരക്ക് വരവ് ഉയര്‍ന്നതോടെ ആഭ്യന്തര വാങ്ങലുകാരും കയറ്റുമതിക്കാരും സംഭരണത്തിനുള്ള ഉത്സാഹം കുറച്ചു. ശരാശരി ഇനങ്ങള്‍ കിലോ 2924 രൂപയായി താഴ്ന്നു. മികച്ചയിനങ്ങള്‍ കിലോ 3235 രൂപയിലാണ്. മൊത്തം 65,180 കിലോ ഏലക്ക ലേലത്തിന് എത്തിയതില്‍ 58,191 കിലോയും വിറ്റഴിഞ്ഞു. അതേസമയം വരണ്ട കാലാവസ്ഥയില്‍ ഏലം ഉല്‍പാദനം സ്തംഭിക്കുന്നതായാണ് പലഭാഗങ്ങളില്‍ നിന്നുമുള്ള വിവരം. പുതിയ സാഹചര്യത്തില്‍ ഇറക്കുമതി രാജ്യങ്ങള്‍ ഉല്‍പ്പന്നത്തില്‍ പിടിമുറുക്കാന്‍ ഇടയുണ്ട്.

വരണ്ട കാലാവസ്ഥയില്‍ റബര്‍ ഉല്‍പാദനം ചുരുങ്ങിയെന്ന് വ്യക്തമായതോടെ ടയര്‍ നിര്‍മ്മാതാക്കളും ഇതരവ്യവസായികളും ഷീറ്റ് സംഭരണത്തിന് ഉത്സാഹിച്ചു. ഒരാഴ്ച്ചയില്‍ ഏറെയായി 19,000 രൂപയില്‍ വിപണനം നടന്നിരുന്ന നാലാം ഗ്രേഡ് ഷീറ്റ് വില 19,100ലേയ്ക്ക് കയറി. ഇതിന്റെ ചുവട് പിടിച്ച് ഉത്തരേന്ത്യന്‍ ചെറുകിട വ്യവസായികള്‍ ലാറ്റക്‌സ് വില 12,900 രൂപയായും ഉയര്‍ത്തി. രാജ്യാന്തര റബര്‍ മാര്‍ക്കറ്റ് ഹോളിഡേ മൂഡിലാണ്. ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി ചൈനീസ് വ്യവസായികള്‍ രാജ്യാന്തര റബര്‍ വിപണിയില്‍ നിന്നും അകന്നത് അവധി വ്യാപാര രംഗത്തും മ്ലാനത പരത്തി. ഡോളറിന് മുന്നില്‍ യെന്നിന്റെ മൂല്യം തളര്‍ന്നത് ഒരുവിഭാഗം നിക്ഷേപകരെ റബറിലേയ്ക്ക് അടുപ്പിച്ചു. മുഖ്യകയറ്റുമതി മാര്‍ക്കറ്റായ ബാങ്കോക്കില്‍ നിരക്ക് 21,045 രൂപയായി ഉയര്‍ന്നു.