28 Feb 2025 6:21 PM IST
കുംഭമേളയിൽ കുരുമുളകും താരമായി, ഉത്തരേന്ത്യ കുംഭമേള ആഘോഷമാക്കിയ വേളയിൽ ഭക്ഷ്യ ആവശ്യങ്ങൾക്ക് പതിവിലും ഇരട്ടി ഡിമാൻറ്റാണ് കുരുമുളകിന് അനുഭവപ്പെട്ടത്. വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സുഗന്‌ധവ്യഞ്‌ജന വ്യാപരികളുടെയും സ്‌റ്റോക്കിസ്‌റ്റുകളുടെയും കുരുതൽ ശേഖരത്തിൽ വലിയ പങ്ക് മുളകും ഉത്സവദിനങ്ങളിൽ വിറ്റുപോയി. കുംഭമേള സമാപിച്ചെങ്കിലും രാജ്യത്തെ വൻകിട സ്‌റ്റോക്കിസ്‌റ്റുകൾ മുന്നിലുള്ള മാസങ്ങളിലെ ആവശ്യങ്ങൾക്കായി വീണ്ടും ചരക്ക് സംഭരണത്തിന് നീക്കം തുടങ്ങാം. ഒന്നര മാസതോളും നീണ്ടുനിന്ന കുംഭമേള ഇത്രമാത്രം തരംഗമാവുമെന്ന് വ്യാപാര രംഗം കണക്ക് കൂട്ടിയില്ല. കേരളത്തിൽ കുരുമുളക് ആദ്യഘട്ട വിളവെടുപ്പ് പൂർത്തിയാപ്പോൾ ഒട്ടുമിക്ക ഭാഗങ്ങളിലും ഉൽപാദനം ചുരുങ്ങിയെന്ന വിവരമാണ് കർഷകരിൽ നിന്നും ലഭ്യമാവുന്നത്. പുതിയ സാഹചര്യത്തിൽ വാങ്ങലുകാർ നാടൻ മുളകിൽ പിടിമുറക്കാനുള്ള സാധ്യതകൾ തെളിഞ്ഞതിൻെറ സൂചനയായി അൺ ഗാർബിൾഡ് കുരുമുളക് 65,600 ലേയ്‌ക്ക് കയറി.
കറിമസാല വ്യവസായികളും ഔഷധ നിർമ്മാതാക്കളും പതിവിലും കൂടുതൽ ഓർഡറുകളുമായി ജാതിക്ക വിപണിയിൽ ഇറങ്ങുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം, നിരക്ക് ഉയരുമെന്ന പ്രതീക്ഷ അവർ നിലനിർത്തുന്നു. ജാതിക്ക, ജാതിപത്രി വിലകളിൽ ഏതാനും ആഴ്‌ച്ചകളായി സ്‌റ്റെഡി നിലവാരത്തിലാണ് നീങ്ങുന്നത്. വർഷാരംഭം മുതലുള്ള പ്രതികൂല കാലാവസ്ഥയിൽ പല തോട്ടങ്ങളിലും വ്യാപകമായതോതിൽ ജാതികായകൾ അടർന്ന് വീഴണത് മൊത്തം ഉൽപാദനത്തിൽ കുറവിന് ഇടയാക്കും. അറബ് രാജ്യങ്ങളുമായി പുതിയ വിദേശ കരാറുകൾ ഉറപ്പിച്ചതായാണ് സൂചനയെങ്കിലും വിലക്കയറ്റം ഭയന്ന് കയറ്റുമതി ലോബി ഇത് സംബന്‌ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നില്ല.
നൊയമ്പ് കാലം മുൻ നിർത്തി ഇന്തോനേഷ്യയിലും മലേഷ്യയിലും പനംകുരു വിളവെടുപ്പ് പൂർണമായി നിലയ്‌ക്കും. വിളവെടുപ്പിൽ നിന്നും മുഖ്യ ഉൽപാദന രാജ്യങ്ങൾ പിൻതിരിയുന്നത് കണക്കിലെടുത്താൽ മുന്നിലുള്ള ഒരു മാസകാലയളവിൽ അന്താരാഷ്‌ട്ര വിപണിയിലേയ്‌ക്കുള്ള പാം ഓയിൽ ലഭ്യത ചുരുങ്ങുന്നത് ഭക്ഷ്യയെണ്ണ വിലകൾ ഉയർത്താം. മലേഷ്യയിൽ പാം ഓയിൽ ടണ്ണിന് ആയിരം ഡോളറിലാണ് നീങ്ങുന്നത്. അനൂകുല സാധ്യതകൾ നാളികേരോൽപ്പന്നങ്ങൾക്കും താങ്ങ് പകരാം. വെളിച്ചെണ്ണ വില ഉയർത്തിയെടുക്കാൻ പുതിയ സാഹചരയത്തിൽ വൻകിട മില്ലുകാർ നീക്കം നടത്തിയാൽ അത് കൊപ്രയ്‌ക്കും നേട്ടമാകും.