image

20 Dec 2024 1:28 PM GMT

Commodity

കുരുമുളക് വീണ്ടും താഴേക്ക്, സ്റ്റെഡിയായി റബർ

MyFin Desk

COMMODITY
X

സംസ്ഥാനത്ത് കുരുമുളക് വില തുടർച്ചയായ ദിവസങ്ങളിൽ ഇടിയുകയാണെങ്കിലും ഹൈറേഞ്ചിലും നിന്നും മറ്റ് ഭാഗങ്ങളിൽ നിന്നും ചരക്കിന് വിൽപ്പനക്കാർ കുറവാണ്. സാധാരണ ക്രിസ്തുമസിന് ഒരാഴ്ച്ച മുന്നേ ഉൽപ്പന്ന വിൽപ്പനയ്ക്ക് ചെറുകിട കർഷകർ വിപണികളെ കുടുതലായി സമീപിക്കാനുണ്ടെങ്കിലും ഇക്കുറി കാർഷിക മേഖലകളിൽ നിന്നുള്ള ചരക്ക് വിൽപ്പന കുറവാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ 58,700 രൂപ മാത്രമായിരുന്നു മുളക് വില നിലവിൽ 63,800 രൂപയായി ഉയർന്ന് നിന്നിട്ടും സ്റ്റോക്കിസ്റ്റുകൾ വിൽപ്പനയിലേയ്ക്ക് ശ്രദ്ധതിരിച്ചില്ല. പ്രതികൂല കാലാവസ്ഥ നില നിന്നതിനാൽ അടുത്ത വർഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൽപാദനം പ്രതീക്ഷിച്ചതിലും കുറയുമെന്ന ഭീതിയും കർഷകരിലുണ്ട്.

രാജ്യാന്തര വിപണിയിൽ കൃത്രിമ റബർ വില കുറയുന്നതിനാൽ പ്രകൃതദത്ത റബർ സംഭരണത്തിന് ടയർ നിർമ്മാതാക്കൾ ഉത്സാഹം കാണിച്ചില്ല. വാരാരംഭം മുതൽ ഡിമാൻറ് കുറഞ്ഞതിനാൽ മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ മൂന്നാം ഗ്രേഡ് ഷീറ്റ് വില 21,014 രൂപയിൽ നിന്നും വെളളിയാഴ്ച്ച നിരക്ക് 20,156 രൂപയായി ഇടിഞ്ഞു. റബർ അവധി നിരക്കുകളിലും ഈ വാരം കുറവ് സംഭവിച്ചു. സംസ്ഥാനത്തെ വിപണികളിൽ നാലാം ഗ്രേഡ് 18,900 രൂപയിൽ സ്റ്റെഡിയായി വ്യാപാരം നടന്നു.

ഉൽപാദന മേഖലയിൽ നടന്ന ഏലക്ക ലേലത്തിൽ ആഭ്യന്തര ഇടപാടുകാരും കയറ്റുമതി സമൂഹവും ചരക്ക് സംഭരണത്തിന് മത്സരിച്ചു. വിൽപ്പനയ്ക്ക് വന്ന 40,876 കിലോഗ്രാം ഏലക്കയിൽ 40,481 കിലോയും ഇടപാടുകാർ ശേഖരിച്ചു. ശരാശരി ഇനങ്ങൾ കിലോ 2928 രൂപയിലും മികച്ചയിനങ്ങൾ 3102 രൂപയിലും കൈമാറി.