image

16 Jan 2025 12:42 PM GMT

Commodity

കുരുമുളക് ക്വിൻറ്റലിന് 300 രൂപ ഇടിഞ്ഞു, ഏലക്ക വില കുതിക്കുന്നു

MyFin Desk

COMMODITY
X

കുരുമുളക് സംഭരണത്തിൽ നിന്നും അന്തർ സംസ്ഥാന ഇടപാടുകാർ അൽപ്പം പിൻവലിഞ്ഞത് ഉൽപ്പന്ന വില വീണ്ടും കുറയാൻ ഇടയാക്കി. കൊച്ചിയിൽ 28 ടൺ മുളകാണ് ഇന്ന് വിൽപ്പനയ്ക്ക് വന്നത്. വിവിധയിനം കുരുമുളക് വില ക്വിൻറ്റലിന് 300 രൂപ ഇടിഞ്ഞ്, അൺ ഗാർബിൾഡ് മുളക് 64,200 രൂപയിൽ വിപണനം നടന്നു. രാജ്യാന്തര വിപണിയിൽ വിയെറ്റ്നാം നിരക്ക് അൽപ്പം കുറച്ചെങ്കിലും മറ്റ് ഉൽപാദന രാജ്യങ്ങളുടെ വിലയിൽ മാറ്റമില്ല.

അന്തർ സംസ്ഥാന വാങ്ങലുകാരും കയറ്റുമതിക്കാരും ഏലക്ക ലേലത്തിൽ താൽപര്യം കാണിച്ചു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വണ്ടൻമേണ്ടിൽ നടന്ന ലേലത്തിൽ 1,01,082 കിലോഗ്രാംഏലക്ക വിൽപ്പനയ്ക്ക് വന്നതിൽ 99,316 കിലോയും വാങ്ങലുകാർ ശേഖരിച്ചു.വലിപ്പം കൂടിയ ഇനം ഏലക്ക കിലോ 3612 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 3117 രൂപയിലും കൈമാറി. ഉയർന്ന താപനിലയിൽ ഹൈറേഞ്ചിൽ ഏലം തോട്ടങ്ങൾ പലതും വരൾച്ചയെ അഭിമുഖീകരിച്ച് തുടങ്ങിയത് കണക്കിലെടുത്താൽ വിളവെടുപ്പ് പതിവിലും നേരത്തെ നിർത്തി വെക്കാൻ കർഷകർ നിർബന്ധിതരാവും.

ചുക്ക് വിലഏതാനും മാസങ്ങളായി മാറ്റമില്ലാതെ തുടരുന്നു. ശൈത്യകാലത്ത് ഉത്തരേന്ത്യൻ ഡിമാൻറ് ഉയരാഞ്ഞത് സ്റ്റോക്കിസ്റ്റുകളുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു. ഇതിനിടയിൽ വിവിധ സംസ്ഥാനങ്ങളിൽ ഇഞ്ചി കൃഷി വ്യാപിച്ചത് പച്ച ഇഞ്ചി വില കുറയാൻ ഇടയാക്കി. കൊച്ചിയിൽ ചുക്ക് 32,500 - 35,000 രൂപയിലാണ്. വൈകാതെ ഗൾഫ് മേഖലയിൽ നിന്നും ചുക്കിന് നൊയമ്പ് കാല ഓർഡറുകൾ എത്തുമെന്ന നിഗമനത്തിലാണ് കയറ്റുമതിക്കാർ.

നാളികേരോൽപ്പന്നങ്ങളുടെ വില ഉയർന്നു. കാർഷിക മേഖലകളിൽ നിന്നും പച്ചതേങ്ങയുടെ ലഭ്യത മില്ലുകാരുടെ കണക്ക് കൂട്ടലിന് ഒത്ത് ഉയർന്നില്ല. കാങ്കയത്ത് വെളിച്ചെണ്ണ ക്വിൻറ്റലിന് 200 രൂപയും കൊച്ചിയിൽ 100 രൂപയും ഉയർന്നു.

വടക്ക് കിഴക്കൻ മൺസൂൺ തായ്ലാൻഡിൽ ശക്തി പ്രാപിക്കുന്നത് റബർ ടാപ്പിങ് തടസപ്പെടുത്തുമോയെന്ന ആശങ്കയിലാണ് ഉൽപാദകർ. ഇതിനിടയിൽ ഫോറെക്സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ ജാപാനീസ് യെൻ തിരിച്ചു വരവിന് ശ്രമം നടത്തിയത് റബർ മാർക്കറ്റിലെ ഊഹക്കച്ചവടകാരെ സമ്മർദ്ദത്തിലാക്കി. ജപ്പാനിൽ റബർ ജനുവരിഅവധി വില രണ്ട് ശതമാനം കുറഞ്ഞു. തായ്ലണ്ടിൽ മഴശ്ക്തി പ്രാപിക്കുമെന്ന കലാവസ്ഥ വിഭാഗത്തിൻറ വിലയിരുത്തൽ ബാങ്കോക്കിൽ ഷീറ്റ് വില കിലോ 219 രൂപയായി ഉയർത്തി. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ കിലോ 192 രൂപയിലാണ്. ഇതിനിടയിൽ കേരളതീരം ലക്ഷ്യമാക്കി മഴ മേഘങ്ങൾ നീങ്ങുന്നത് കണക്കിലെടുത്താൽ അടുത്ത ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ കുറവ് അനുഭവപ്പെടാൻ ഇടയുണ്ട്.